ഈ കമ്യൂണിസ്റ്റിന്‍റെ ദാനപ്രവൃത്തി അറിഞ്ഞവര്‍ മൂക്കത്ത് വിരല്‍വച്ചു, ഇങ്ങനെയും മനുഷ്യരോ

Advertisement

തഴവ. സ്വന്തം വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന മൂന്നുപേര്‍ക്ക് തന്റെ ജീവിതസമ്ബാദ്യമായ 13 സെന്റ് വസ്തുവില്‍നിന്ന് 10 സെന്റ് സൗജന്യമായി വിട്ടുനല്‍കി സിപിഎം പ്രാദേശിക നേതാവ് പാവുമ്ബ സ്വദേശി ബിനോയ്.

സിപിഐ എം മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറി പാവുമ്ബ പൊയ്കതറയില്‍ (പ്രൈസ് വില്ലയില്‍) ബിനോയ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്ബയിന്റെ ഭാഗമായി വസ്തു വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. 25 വര്‍ഷത്തിലധികമായി ടൂവീലര്‍ വര്‍ക് ഷോപ്പ് നടത്തുകയാണ് ബിനോയ്.

മണപ്പള്ളി ജങ്ഷനു സമീപം ഇദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്നുള്ള വസ്തുവാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട വീടും സ്ഥലവും ഇല്ലാത്ത തഴവ സ്വദേശികള്‍ക്കു കൈമാറുന്നത്. ഒരാള്‍ക്ക് വസ്തു അളന്നുതിരിച്ച് ആധാരം കൈമാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്കുള്ള ആധാരം അടുത്ത ദിവസം കൈമാറുന്നതോടെ താമസിക്കുന്ന വീടും അവശേഷിക്കുന്ന മൂന്നു സെന്റും മാത്രമാണ് ബിനോയിയുടെ സമ്ബാദ്യം.

മനസ്സോടിത്തിരി മണ്ണ് ക്യാമ്ബയിന്‍ പ്രഖ്യാപിച്ച സമയത്ത് തഴവ സ്വദേശിയായ അധ്യാപകന്‍ രാജേന്ദ്രന്‍പിള്ള, സിപിഎം തഴവ ലോക്കല്‍ സെക്രട്ടറി കെ ജെ സിദ്ദീഖ് എന്നിവര്‍ പദ്ധതിക്കായി വസ്തു വിട്ടുനല്‍കിയിരുന്നു. ഈ മാതൃക പിന്തുടര്‍ന്നാണ് ബിനോയും ചരിത്രദൗത്യത്തില്‍ പങ്കാളിയായത്. കിട്ടുന്ന വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ബിനോയ് നടത്തുന്നുണ്ട്. പിന്തുണയുമായി ഭാര്യ ഷീബയും വിദ്യാര്‍ഥികളായ മക്കള്‍ ഷിബിനും ഷിന്റയും ഒപ്പമുണ്ട്.

Advertisement