കരുനാഗപ്പള്ളി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തല്ല് മാല, ഞെട്ടിത്തരിച്ച് കാഴ്ചക്കാര്‍. വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍ വിഡിയോകള്‍ പുറത്തുവരുന്നത് പതിവായിട്ടുണ്ടെങ്കിലും ഇന്നലെ കരുനാഗപ്പള്ളില്‍ നടന്ന അക്രമത്തിന്റെ ഞെട്ടലില്‍നിന്നും പ്രദേശത്തെ സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും മുക്തരായിട്ടില്ല.കരുനാഗപ്പള്ളിയിലെ രണ്ട് സക്ൂളുകളിലെ കുട്ടികളാണ് ഏറ്റു മുട്ടിയത്.
സംഘമായി വന്ന് മാരകമായ മര്‍ദ്ദനമാണ് ഇവര്‍ നടത്തുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തമുണ്ടാകാതിരുന്നത്. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നവും ലഹരി ഉപയോഗവൂം ഇതിനു പിന്നില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇത്ര അക്രമാസക്തരാകാറുള്ളത് എന്നാണ് കാഴ്ചക്കാര്‍ പറയുന്ന ന്യായം്.
പൊലീസ് സ്റ്റേഷനില്‍നിന്നും വിളിപ്പാടകലെ നടന്ന അക്രമം മുക്കാല്‍ മണിക്കൂറോളം നീണ്ടിട്ടും പൊലീസ് എത്തിയത് അവസാന ലാപ്പില്‍. അതും കടക്കാരുടെ നിരന്തരമായ വിളി ശല്യമായശേഷം മാത്രം. പൊലീസ് ആര്‍ക്കുമെതിരെ കേസ് എടുത്തിട്ടില്ല. കുട്ടികളുടെ ഭാവിയെക്കരുതി കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഈ പ്രശ്‌നം അങ്ങനെ വിടുന്നത് ശരിയല്ലെന്നും സ്‌കൂള്‍അധികൃതരും പൊലീസും യുവജന വിദ്യാര്‍ഥി സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ട് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകണമെന്നും അഭിപ്രായമുയരുന്നുണ്ട്.
ശിക്ഷിക്കാതെ പോകുന്നത് തെറ്റായ മാതൃകയാവും. മുമ്പ് വിദ്യാര്‍ഥി സംഘടനകള്‍ ആണ് ഇത്തരം തെരുവുയുദ്ധങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ അവര്‍ക്ക് പങ്കില്ലാതെ ഗാങ് വാറുകള്‍ നടക്കുകയാണ്. കുട്ടികള്‍ക്ക് അധ്യാപകരെയോ രക്ഷിതാക്കളെയോ സമൂഹത്തെയോ ഭയമില്ലാതെ വരുന്ന സാഹചര്യം അപകടകരമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.