മൈനാഗപ്പള്ളിയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്‌;റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് 49.98 കോടിയുടെ ഭരണാനുമതി

Advertisement

ശാസ്താംകോട:ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ മൈനാഗപ്പള്ളിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് 49.98 കോടിയുടെ ഭരണാനുമതി ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു.

നിർമ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ഇന്ന് അടിയന്തിര യോഗം ചേരുകയും ചെയ്തു.സർവ്വേ നടപടികൾക്കായി ഒരു സ്പെഷ്യൽ ടീമിനെ നിയമിക്കും.സർവ്വേ പൂർത്തിയാകുന്നതിനൊപ്പം ഉടമകളിൽ നിന്നും വസ്തു ഏറ്റെടുക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആരംഭിക്കാനുമാണ് തീരുമാനം.

മൈനാഗപ്പള്ളി തടത്തിമുക്കിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതോട ഇവിടുത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.മിനിട്ടുകളുടെ ഇടവേളയിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കരുനാഗപ്പള്ളി പ്രധാന പാതയിലെ തടത്തിൽമുക്ക് റെയിൽവേ ഗേറ്റിൽ കുടുങ്ങി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്. അടുത്തടുത്തു കിടക്കുന്ന റെയിൽവേ ഗേറ്റുകളിൽ കുടുങ്ങി മൈനാഗപ്പള്ളി ഗ്രാമത്തിന്റെ വികസനം തന്നെ വഴിമുട്ടുകയായിരുന്നു.ദിവസ്സവും ഇരുഭാഗത്തേക്കുമായി നൂറോളം തീവണ്ടികളാണ് മൈനാഗപ്പള്ളിയുടെ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോകുന്നത്.ഈ സമയം അടയ്ക്കുന്ന ഗേറ്റ് തുറക്കാൻ അരമണിക്കൂറോളം വേണ്ടിവരും. ഇതിനാൽ തടത്തിൽമുക്ക് ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകും.ഇതിൽ ഹൃദ്രോഗം അടക്കമുള്ള രോഗങ്ങൾ മൂലം അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കേണ്ടവരുടെ വാഹനങ്ങളും ആംബുലൻസുകളും വരെയുണ്ടാകും.

ഗേറ്റിൽ കുടുങ്ങി പാമ്പ് കടിയേറ്റ കുട്ടി സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ട്രെയിനുകൾ പോയ ശേഷം ഗേറ്റ് തുറന്നാൽ തന്നെ വാഹനങ്ങൾ കുരുങ്ങി കിടക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. 2011 ൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി മാളിയേക്കലിൽ നിർമ്മാണം ആരംഭിച്ച മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

Advertisement