തല നന്നേ നരച്ച കുറച്ചുമനുഷ്യരായിരുന്നു പടിഞ്ഞാറേകല്ലടയിലെ പ്രകൃതി ചൂഷണത്തിനെതിരെ രംഗത്തുവന്നത്, കരമണല്‍ഖനനം, ചെളികുത്ത്, കല്ലുവെട്ട്, ചൂളകത്തിക്കല്‍ ഇതുമാത്രമായിരുന്നു പഞ്ചായത്തിലെ പ്രധാന ജോലികള്‍, ഇതെല്ലാം നിലച്ചാല്‍ എങ്ങനെ ജനം ജീവിക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം ചോദ്യം, യുവാക്കള്‍ രംഗത്ത് ഇറങ്ങിയതേയില്ല, കാവ് കുഴിച്ചെടുക്കടുക്കുമെന്ന ഭയന്ന പള്ളിക്കല്‍ഭവാനി, റിട്ട. പഞ്ചായത്ത് സെക്രട്ടറി വിഎസ് ശ്രീകണ്ഠന്‍നായര്‍, റിട്ട ഹെഡ്മാസ്റ്റര്‍ എന്‍ സനാതനന്‍നായര്‍, പഞ്ചായത്തിന് പുറത്തുനിന്ന് റിട്ട. ഉദ്യോഗസ്ഥരായ കെ കരുണാകരന്‍പിള്ള,പ്രഫ.ആര്‍ ഗംഗപ്രസാദ്, എസ് ബാബുജി അങ്ങനെ അവരാണ് സ്വന്തം ആരോഗ്യവും പരിമിതിയും മറന്ന് ഒറ്റക്കും തെറ്റക്കും പോരാട്ടം നടത്തിയത്.ഒടുവില്‍ ചെറുപ്പക്കാര്‍ അവരുടെ വഴിക്കുവന്നു.പ്രകൃതി ചൂഷണം നിലച്ചു, പഞ്ചായത്ത് ശാന്തമായി. ഇന്നലെ വിടവാങ്ങിയ റിട്ട അധ്യാപകന്‍ എന്‍ സനാതനന്‍നായരെപ്പറ്റി തേവലക്കര പഞ്ചായത്ത് സെക്രട്ടറി ദിലീപ് കാസ്ക്കറ്റ് എന്ന ദിലീപ് ടി ഫെയ്സ്ബുക്കില്‍ എഴുതിയ ശ്രദ്ധേയമായഓര്‍മ്മക്കുറിപ്പ്
എൻ സനാതനൻ നായർ സാർ വിട പറഞ്ഞു.
തേവലക്കര ബോയ്സ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന ,പടിഞ്ഞാറെ കല്ലട കൊച്ചു കൊട്ടറ വീട്ടിൽ താമസിക്കുന്ന അദ്ദേഹം
എൻ്റെ അധ്യാപകനായിരുന്നില്ല, എങ്കിലും സാർ എനിക്ക് ഒരതിശയമായിരുന്നു.. 2006 – 2011 കാലത്ത് ഞാൻ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരിക്കുമ്പോഴാണ് കൈയിൽ ഒരു കുടയും പിടിച്ച് വെള്ള ജൂബയുമിട്ട് സാർ കടന്നു വന്നത്.
പടി .കല്ലട അന്ന് അനധികൃത മണൽവാരലിനും ചെളിയൂറ്റിനും കുപ്രസിദ്ധമായ സ്ഥലം. സാറിൻ്റെ വീടിന് തൊട്ടുപടിഞ്ഞാറ് ഒരു ഇഷ്ടികച്ചൂളയുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ പ്രവർത്തിച്ചു വന്ന 47 ചൂളകൾ അന്നുണ്ടായിരുന്നു. ചൂള കത്തിച്ചാൽ പരിസര വാസികളുടെ ജീവിതം ദുസ്സഹമാകുന്ന അവസ്ഥ.. (47 നെ 4 ആക്കി കുറച്ചിട്ടാണ് ഞാൻ അവിടെ നിന്നും പടിയിറങ്ങിയതെന്നത് മറ്റൊരു വസ്തുത..)
സാർ എൻ്റെ മുന്നിൽ ഇരുന്ന് ബുദ്ധിമുട്ടുകൾ എല്ലാം പറഞ്ഞു. വിശദമായി തയ്യാറാക്കിയ പരാതിയും തന്നു.. അതിന് മുമ്പ് പല തവണ പരാതി നൽകിയിട്ടും പഞ്ചായത്ത് ഗൗരവമായി കണ്ടില്ല എന്നത് സാർ വളരെ വിഷമത്തോടെയാണ് പറഞ്ഞത്. പഞ്ചായത്ത് ഓഫീസിന് അടുത്താണ് പരാതി സ്ഥലം. അന്ന് തന്നെ ഞാൻ സ്ഥലപരിശോധന നടത്തി. സാർ കൃഷിയോട് താല്പര്യമുള്ളയാളായിരുന്നു.. വളരെ കരുതലോടെ വളർത്തിയ വാഴകൾ ഭൂരിപക്ഷവും ചൂളയുടെ ചൂടേറ്റ് കരിഞ്ഞ നിലയിൽ.ചൂളയുടമ സ്ഥലത്തില്ലായിരുന്നു., തൊഴിലാളികളായ ഏതാനും ബംഗാളികൾ മാത്രം.മുതലാളിയെ വിളിച്ചു വരുത്തി. ചൂളയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് എൻ ഒ സി ഇല്ല.ഫയർ എൻ ഒ സി ഇല്ല. അടിയന്തിരമായി പ്രവർത്തനം നിർത്തിവയ്ക്കാനും ബന്ധപ്പെട്ട എൻ ഒ സികൾ വാങ്ങി അതിൻ പ്രകാരം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ച് നോട്ടീസ് നൽകി.
പഞ്ചായത്തിന് നൽകിയ പരാതി പോലെ സാർ മലിനീകരണ ബോർഡിന് നൽകിയ പരാതിയിൻമേൽ സ്ഥലപരിശോധനയില്ലാതെ എൻ ഒ സി നൽകിയതായും ബോർഡിനെ കുറിച്ച് മാതൃഭുമി വീക്കിലിയിൽ വന്ന പരമ്പരയെക്കുറിച്ചും രണ്ടാം തവണ എന്നെ കാണാൻ വന്നപ്പോൾ സാർ പറഞ്ഞു. ഇതിനകം ഞാൻ സാറിനെക്കുറിച്ച് തിരക്കിയറിഞ്ഞു.വെറുമൊരു അധ്യാപകനായിരുന്നില്ല സാർ. കുട്ടികൾക്ക് നല്ലൊരു വഴികാട്ടിയായിരുന്നു. മക്കൾ ഒക്കെ ജോലി സംബന്ധമായി പല സ്ഥലത്താകയാൽ അദ്ദേഹവും ഭാര്യയും മാത്രമാണ് താമസം.
അദ്ദേഹം എൻ്റെ മുന്നിലിരുന്ന് സാർ എന്ന് വിളിച്ചപ്പോൾ എനിക്ക് എന്തോ അസ്വസ്ഥത പോലെ. ഞാൻ സാറിനോട് പറഞ്ഞ് സാർ എന്ന വിളി വേണ്ടയെന്ന് .എൻ്റെ മക്കളേക്കാൾ പ്രായം കുറവാണെന്നും എന്നാലും കസേരയെ മാനിക്കണമല്ലോയെന്നും അദ്ദേഹം. സാർ എന്നെ പേര് വിളിച്ചാൽ മതിയെന്ന് ഞാനും.
പോകാൻ നേരം സാറിനോട് ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്നും സാർ ഒന്ന് വിളിച്ചു പറഞ്ഞാൽ മതിയെന്നും ഞാൻ..
രണ്ടാഴ്ച കഴിഞ്ഞ് സാർ വിളിച്ചു, പഞ്ചായത്ത് ലൈസൻസ് നൽകിയോ ന്നറിയാൻ. ഇല്ലെന്നറിഞ്ഞപ്പോൾ ചൂള കത്തിച്ചതായും ശല്യത്തിന് കുറവില്ലെന്നും സാർ പറഞ്ഞു.
ഞങ്ങൾ അവിടെയെത്തി. സ്ഥലപരിശോധന നടത്താതെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ എൻ ഒ സി പ്രകാരം ആണ് പ്രവർത്തനം. വീണ്ടും പഞ്ചായത്ത് നോട്ടീസ് നൽകി പ്രവർത്തനം നിർത്തിവയ്പിച്ചു.
ദിലീപിനെ സാക്ഷിയാക്കി ഞാൻ മലനീകരണ നിയന്ത്രണ ബോർഡിനെതിരെ കേസ് കൊടുക്കാൻ പോകുകയാണെന്ന് സാർ. സാക്ഷിയാക്കേണ്ട പ്രതി തന്നെയാക്കുവെന്ന് ഞാൻ. (അന്ന് വി എസ് ഗവൺമെൻ്റ് …പടി. കല്ലട ഇഷ്ടികച്ചൂള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പ്രകാരം തത് സ്ഥിതിവിവരവും സ്ഥായിയായി ചൂളകൾക്ക് ഉണ്ടാകേണ്ട ഘടനാപരമായ മാറ്റവും ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രന്ന ബോർഡ് ഓരോ ചൂളയും നേരിൽ പരിശോധിച്ച് മാറ്റങ്ങൾ നിർദേശിക്കണമെന്നും കാണിച്ച് 50 പേജുള്ള എഴുതി തയ്യാറാക്കിയ റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.. അതിൻമേൽ പടി. കല്ലട അടിസ്ഥാനമാക്കി കേരളത്തിലെ ചൂളകൾക്ക് ഒരു പൊതു ഡിസൈൻ തയ്യാറാക്കണമെന്ന് വിഎസ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു.. ) ഇത് കോടതിയിൽ ബോധിപ്പിക്കാൻ പ്രതിയാകുന്നതാണുചിതമെന്ന് ഞാൻ പറഞ്ഞു. പക്ഷേ സാറെന്നെ സാക്ഷിയാക്കി കേസ് നൽകി. ശാസ്താംകോട്ട കോടതിയിൽ കേസ് വിസ്താരം നടന്നു.. സാറിന് അനുകൂലമാകേണ്ട വിധി എതിരായി.
അത് കഴിഞ്ഞ് സാർ ഓഫിസിലെത്തുമ്പോൾ വളരെ വിഷമാവസ്ഥയിലായിരുന്നു. വക്കീലൻമാർ തമ്മിൽ എന്തോ നീക്കുപോക്കുകൾ നടന്നതാണെന്ന് സാർ പറഞ്ഞു. സാർ അവശതകൾക്കിടയിലും അപ്പീൽ നൽകി.ഇതിനകം സാർ വിവരാവകാശ പ്രകാരം 50 പേജുള്ള റിപ്പോർട്ട് വാങ്ങിയിരുന്നു..
പിന്നീട് ഞാൻ ‘പടി. കല്ലട നിന്നും സ്ഥലം മാറിപ്പോയി.ഇതിനകം മലിനീകരണ നിയന്ത്രണ ബോർഡ് വി എസ് നിർദ്ദേശിച്ച ഡിസൈൻ തയ്യാറാക്കാൻ കഴിയാതെ നിന്നപ്പോൾ ഞാൻ ഒരു പ്രാദേശിക എഞ്ചിനീയറുടെ സഹായത്താൽ തയ്യാറാക്കിയ ഡിസൈൻ അവർ അംഗീകരിച്ചു.അത്തരത്തിൽ പടി. കല്ലട യിൽ ഒരു ചൂളയ്ക്ക് ഘടനാപരമായ മാറ്റം വന്നിട്ടും സാറിൻ്റെ വീടിന് ചേർന്ന ചൂളയുടമ മാറ്റം വരുത്തിയില്ല.
പിന്നീട് ഒരിക്കൽ സാറിനെ കണ്ടു. ഏതോ ഒരു ചടങ്ങിൽ. അപ്പോൾ കേസിനെക്കുറിച്ചും അന്നത്തെ എൻ്റെ സാക്ഷിമൊഴി വളരെ സഹായകമെന്ന് വക്കീൽ പറഞ്ഞതായും ചൂള അപ്പോൾ പ്രവർത്തനമില്ലെന്നും സാർ പറഞ്ഞു.
സ്വന്തം ജീവനും സ്വത്തിനും മാത്രമല്ല ഒരു പ്രദേശത്തിൻ്റെയാകെ പാരിസ്ഥിതിക സുരക്ഷയ്ക്കും പരിഹാരം കാണാൻ സാറിൻ്റെ പരാതിക്കായിയെന്നത് നിസ്സാര കാര്യമല്ല.
എന്നെ പഠിപ്പിക്കാത്ത എൻ്റെ പ്രിയ ഗുരു നാഥന് ആദരം….
(ഇന്നും എൻ്റെ പേഴ്സണൽ ഫയലുകൾക്കിടയിൽ എവിടെയോ സാറിൻ്റെ കൈപ്പടയിലുള്ള പരാതിപ്പകർപ്പും മലിനീകരണ നിയന്ത്രണ ബോർഡിനെക്കുറിച്ച് മാതൃഭൂമി വാരികയിൽ വന്ന പരമ്പരയും കാണാം )