അഞ്ചൽ: വാടകക്കെടുത്ത കാറുമായി സകുടുംബം മുങ്ങിയ ആളിനെ പതിനാറ് വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. ആയുർ നീറായിക്കോട് കടയിൽ വീട്ടിൽ ഷൈജു ലൂക്കോസ് (41) ആണ് അറസ്റ്റിലായത്. 2006 ജനു.22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഴമേൽ വക്കംമുക്കു് നെല്ലിമൂട്ടിൽ വീട്ടിൽ മുഹമ്മദ് ഫറൂക്കിൻ്റെ മാരുതി കാറാണ് തട്ടിയെടുത്തത്.
രണ്ട് ദിവസത്തേക്ക് ടൂർ പോകാനെന്ന് പറഞ്ഞു് ഫാറൂക്കിൽ നിന്നും വാടകക്കെടുത്ത വാഹനത്തിൽ കൂട്ടുകാരോടൊപ്പം അഞ്ചലിലെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുവാൻ ശ്രമിക്കവേ പൊലീസ് പിടിയിലായ ഷൈജു ലൂക്കോസിനെ കോടതി റിമാൻ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷൈജു കുടുംബത്തോടൊപ്പം തട്ടിയെടുത്ത കാറിൽ നാടുവിടുകയായിരുന്നു.കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷൈജു ലൂക്കോസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വാഹനവുമായി കടന്നുകളഞ്ഞ കേസിൽ 2010ൽ പുനലൂർ കോടതിയും ഷൈജുലൂക്കോസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി അഞ്ചൽ പൊലീസ് നടത്തിവന്ന രഹസ്യാന്വേണത്തിൽ പ്രതി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ ” ലൂക്കോസ് ” എന്ന പേരിൽ കുടുംബമായി കഴിയുകയാണെന്നും നാഷണൽ പെർമിറ്റ് ലോറിയിൽന്ന ഡ്രൈവറായി ജോലി നോക്കി വരികയാണെന്നും വിവരം ലഭിച്ചു.വിവിധ സംസ്ഥാനങ്ങളിൽ ചരക്കു വണ്ടിയുമായി ഓട്ടം പോയ ബിജു ലൂക്കോസ് തിരികെ വീട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്.എച്ച്.ഒ കെ. ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എച്ച്.ആർ വിനോദ് കുമാർ, സി.പി.ഒമാരായ അരുൺ, ജോസഫ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.