വിസ തട്ടിപ്പ്; പണം തട്ടിയ ആൾ പിടിയിൽ

Advertisement

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പരവൂർ പോലീസിന്റെ പിടിയിൽ. പരവൂർ നെടുങ്ങോലം കല്ലുവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ കൃഷ്ണകുമാർ (40) ആണ് പോലീസിന്റെ പിടിയിലായത്. വിദേശത്ത് ഓഫീസ് സ്റ്റാഫ് ജോലി നൽകാമെന്ന് പറഞ്ഞ് വിസയ്ക്ക് ഒരാളിൽ നിന്നും നാൽപ്പത്തിയ്യായിരം രൂപയോളം വെച്ച് പത്തിലധികം ആളുകളിൽനിന്നും പണം തട്ടിയെടുക്കുകയായിരുന്നു ഇയാൾ.

തട്ടിപ്പിന് ഇരയായ കൊല്ലം മുഖത്തല സ്വദേശികളായ വിമൽ, അഖിൽ, രാകേഷ് എന്നിവർ ചേർന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് നൽകിയ പരാതിയിൽ പരവ്വൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ തട്ടിപ്പിന്റെ വിവരങ്ങൾ കണ്ടെത്തിയതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ നിസ്സാർ, എസ്.ഐ മാരായ നിതിൻ നളൻ, സുരേഷ് ബാബു എസ്.സി.പി.ഒ റെലേഷ് ബാബു സി.പി.ഒ സതീശൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.