കൊല്ലം. വാട്ടർ അതോറിറ്റിയുടെ സെക്ഷൻ സ്റ്റോർ കോംപൗണ്ടിൽ നിന്നും മോഷണം നടത്തിയ ആളെയും മോഷണ മുതൽ വാങ്ങിയ ആളെയും കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. തൃക്കരുവ വില്ലേജിൽ കാഞ്ഞിരംകുഴി ചെമ്പകശ്ശേരി വീട്ടിൽ നിസ്സാം (54), തമിഴ്‌നാട് ശെങ്കൽപ്പെട്ട് ജില്ലയിൽ താലമ്പൂർ ജെ.ജെ തെരുവിൽ കാളി മുത്ത് നാടാർ മകൻ മണിരാജ് (47) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ സെക്ഷൻ സ്റ്റോർ കോബൗണ്ടിൽ നിന്നും നിസ്സാം പലപ്പോഴായി ഒരു ലക്ഷം രൂപയോളം വരുന്ന 143 കാസ്റ്റ് അയൺ പൈപ്പും മറ്റും മോഷ്ടിച്ച് ലക്ഷമിനടയിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ യുടെ നിർദ്ദേശാനുസരണം കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അരുൺ.ജി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, സാൾട്ടറസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.