കുന്നത്തൂർ: കുന്നത്തൂരിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച കേസ്സിലെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.സംഗീത തീയേറ്റർ ജംഗ്ഷൻ -മാണിക്യമംഗലം റോഡിൽ വച്ച് കഴിഞ്ഞ ദിവസം
വൈകിട്ട് 5.45 ഓടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.ട്യൂഷൻ കഴിഞ്ഞ് നടന്നു പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം ബൈക്കിലെത്തിയ യുവാക്കൾ ആദ്യം മുഖത്തടിച്ചു.തോളിൽ ഉണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ ശേഷം തലമുടിക്ക് പിടിച്ച് വലിക്കുകയും ദൂരേക്ക് വലിച്ചെറിയുകയും ചെയ്തു.തൊട്ടടുത്ത വീടിന്റെ മതിലിനടുത്തേക്ക് വീണ കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു.യുവാക്കളെ കുട്ടിക്ക്
യാതൊരു മുൻപരിചയവുമില്ലെന്നാണ് വിവരം.ലഹരിക്കടിമകളായ യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് സൂചന. അതിനിടെ ശാസ്താംകോട്ട
പോലീസ് പ്രതികളെ കണ്ടെത്താൻ വ്യാപക അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.പ്രദശത്തെ നിരീക്ഷണ ക്യാമറകൾ അടക്കം പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.സംശയത്തിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.പ്രതികളെ കണ്ടെത്താൻ പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട സി.ഐ അനൂപ് അറിയിച്ചു.