ഇഞ്ചക്കാട് പേപ്പട്ടിയുടെ ആക്രമണം നാലു പേർക്ക് കടിയേറ്റു
കൊട്ടാരക്കര. ഇഞ്ചക്കാട് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. രാത്രി എട്ടു മണിയോടെ ഇഞ്ചക്കാട് കാനറാ ബാങ്കിന് സമീപം ചായ കുടിക്കാൻ എത്തിയവരെ യാണ് പട്ടി കടിച്ചത്. ഇഞ്ചകാട് സ്വദേശി സന്തോഷ്, ഹർഷാദ് ആലഞ്ചേരി, ഷിബു എറം എന്നിവർ കൊട്ടാരക്കര താലൂക്ക് ആസപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സന്തോഷിനെ കടിക്കുന്നത് കണ്ടു രക്ഷിക്കാൻ എത്തിയ ഹർഷാദിന്റെ കൈയിലും കാലിനും കടിച്ചു മാരകമായി മുറിവേൽപ്പിക്കകയായിരുന്നു.
ഗാന്ധി പ്രതിമ അനാശ്ചാദനവും കേരളപിറവി സാംസ്ക്കാരിക സദസ്സും ചൊവ്വാഴ്ച
ശാസ്താംകോട്ട : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ കുന്നത്തൂർ കോൺഗ്രസ് ഭവന് സമീപം സ്ഥാപിച്ച ഗാന്ധി പ്രതിമ അനാശ്ചാദനവും കേരളപിറവി സാംസ്ക്കാരിക സദസ്സും ചൊവ്വാഴ്ച നടക്കും.വൈകിട്ട് 3ന് എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ അനാശ്ചാദനകർമം നിർവഹിക്കും.
നിയോജക മണ്ഡലം ചെയർമാൻ ഷാഫി ചെമ്മാത്ത് അധ്യക്ഷത വഹിക്കും.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
പ്രതിഭകളെ ആദരിക്കും.തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിലും സംസ്ക്കാര സാഹിതി കലാകാരന്മാരും അവതരിപ്പിക്കുന്ന ട്രാക്ക് മ്യൂസിക്കും നടക്കുമെന്ന് ഭാരവാഹികളായ എബി പാപ്പച്ചൻ,ഷാഫി ചെമ്മാത്ത്,സൈറസ് പോൾ,അർത്തിയിൽ ഷെഫീക്ക് എന്നിവർ അറിയിച്ചു.
പനപ്പെട്ടി ഗവ എല്‍പിഎസ് ലഹരിവിരുദ്ധ ബോധവല്‍ക്കരണവും സന്ദേശ റാലിയും
ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസ് എസ്എംസി നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും സന്ദേശ റാലിയും നടന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍ ഉദ്ഘാടനം ചെയ്തു.
ശൂരനാട് എഎസ്‌ഐ മധുസൂദനന്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍ റിയാസ് എന്നിവര്‍ ക്ലാസെടുത്തു.
എസ്എംസി പ്രസിഡന്റ് സത്താര്‍ പോരുവഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, ശ്രീലത, പ്രീത, യുവശക്തി വായനശാല പ്രസിഡണ്ട് ഗോപകുമാര്‍ , എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ബി ഐ വിദ്യാറാണിസ്വാഗതവും പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
ഹാമർ തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മയുടെ നില അതീവ ഗുരുതരം
ശാസ്താംകോട്ട : കായികമേളയിൽ പങ്കെടുത്ത മകനെ കൂട്ടിക്കൊണ്ട് പോകാനെത്തിയ മാതാവിന് ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധികൃതർ നിസ്സംഗത കാട്ടുന്നതായി കുടുംബം.ചവറ ഉപജില്ലാ സ്കൂൾ കായികമേള ശാസ്താംകോട്ട ഡി.ബി കോളേജ് മൈതാനത്ത് നടക്കവേ ഞായറാഴ്ച വൈകിട്ടാണ് വേങ്ങ ഐസിഎസ് പുതുമംഗലത്ത് വീട്ടിൽ
മാജിദ(42) യുടെ തലയിൽ ഹാമർ വീണത്.മത്സരാർത്ഥി ഹാമർ എറിയവേ അപ്രതീക്ഷിതമായി മാജിദയുടെ തലയിൽ പതിക്കുകയായിരുന്നു.
ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.72 മണിക്കൂറിന് ശേഷം മാത്രമേ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതിനിടെ ഇന്ന് (തിങ്കൾ ) കൈകൾ അനക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.അപകട ദിവസം മാജിതയ്ക്കൊപ്പം
കൊല്ലത്തെ ആശുപത്രിയിൽ എത്തിയ
അധികൃതർ ചികിൽസാ ചിലവു സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടില്ല..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മാജിതയെ എത്തിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ മന്ത്രി ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നതായി പറയപ്പെടുന്നു.എന്നാൽ ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകാത്തത് നിർദ്ദനകുടുംബത്തിന് ഇരുട്ടടിയായി മാറിയിരിക്കയാണ്.ചവറ മേഖലയിൽ സൗകര്യമില്ലാത്തതിനാലാണ് ശാസ്താംകോട്ടയിൽ കായികമേള നടത്തിയതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ യാതൊരു സുരക്ഷാ മാനദ്ദണ്ഡങ്ങളും പാലിക്കാതെയാണ് കായികമേള നടത്തിയതെന്ന് പരാതിയുണ്ട്.മേളയിൽ പങ്കെടുത്ത ഒരു കുട്ടിക്ക് പരിക്കേറ്റപ്പോൾ പ്രഥമ ശുശ്രൂഷ പോലും നൽകാനുള്ള സംവിധാനം ഇല്ലായിരുന്നുവത്രേ. രക്ഷിതാവിനോട് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് അധികൃതർ കൈമലർത്തിയതായും പറയപ്പെടുന്നു.
ലീഗല്‍ എവെയര്‍നസ് താലൂക്ക് തല ഉത്ഘാടനവും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് പരിപാടിയും
ശങ്കരമംഗലം.കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചവറ ബിജെഎം ഗവ: കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ലീഗല്‍ എവെയര്‍നസ് താലൂക്ക് തല ഉത്ഘാടനവും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് പരിപാടിയും ശങ്കരമംഗലത്ത് വച്ച് താലൂക്ക് ചെയർമാൻ കെ ജി.സനൽകുമാർ (ജഡ്ജ്, കുടുംബ കോടതി, ചവറ) ഉത്ഘാടനം ചെയ്തു. ചവറ ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനിത അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ മിനിത ആശംസകൾ നേർന്നു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഹരിലാൽ സ്വാഗതവും ഡോ.ഗോപകുമാർ (പ്രോഗ്രാം ഓഫീസർ ചവറ ഗവൺമെൻ്റ് കോളേജ്) നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ കലാപരിപാടികൾ ആരംഭിച്ചു.
കുമരംചിറയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ
ശൂരനാട്: യുവാവിനെ വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശേരിക്കൽ സലാമിയ മൺസിലിൽ അമീർ (21) ആണ് അറസ്റ്റിലായത്.ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാൻ ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ശൂരനാട് തെക്ക് സ്വദേശിയായ നൗഫൽ,അമീർ എന്നിവർ ചേർന്നാണ് ആക്രമിച്ചത്.
പ്രതികൾക്ക് ഷാനിനോടുള്ള മുൻവിരോധം കാരണം വീട്ടിൽ നിന്നും വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ നൗഫലിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ശൂരനാട് എസ്.ഐ രാജൻബാബു,എ.എസ്.ഐ ഹർഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഒരാള്‍ കൂടിയുണ്ടെന്നും ജനപ്രതിനിധിയുടെ ഉറ്റ ബന്ധുവെന്ന പേരില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ പൊലീസ് ഒഴിവാക്കിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മൗണ്ട് ഹൊറബ് മാർ ഏലിയാ ചാപ്പലിൽ നിന്നും പരുമല തീർത്ഥാടന പദയാത്ര
ശാസ്താംകോട്ട : മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അമ്പതാമത് പരുമല തീർത്ഥാടന പദയാത്ര ആരംഭിച്ചു.മൗണ്ട് ഹൊറബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.പദയാത്ര സുവർണ്ണ ജൂബിലിയുടെ ലോഗോ പ്രകാശന കർമ്മവും നടന്നു.പദയാത്ര ജനറൽ കൺവീനർ ഫാ. മാത്യു തോമസിന് പതാക കൈമാറി ആരംഭിച്ച പദയാത്ര ഭരണിക്കാവ്,ചക്കുവള്ളി,ചാരുംമൂട്, കറ്റാനം വഴി കായംകുളം കാദീശാ പള്ളിയിൽ എത്തിച്ചേർന്നു.
ചൊവ്വാഴ്ച കായംകുളം കാദീശാ പള്ളിയിൽ രാവിലെ ഏഴിന് കുർബാന തുടർന്ന് പത്തിച്ചിറ, ചെന്നിത്തല വഴി പരുമല കബറിങ്കൽ എത്തിച്ചേരും.65 പള്ളികളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പദയാത്രയിൽ പങ്കെടുക്കുന്നു.ജോയിന്റ് കൺവീനർ നിതിൻ തോമസ്,യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജോസഫ്.കെ ജോൺ,ജനറൽ സെക്രട്ടറി ഫാ.മാത്യു പി ജോർജ്,ഭദ്രാസന സെക്രട്ടറി ഫാ.പി.ടി ഷാജൻ,ഫാ.എബ്രഹാം .എം.വർഗീസ്, ഫാ.ബഹനാൻ കോരുത്,ജോയിന്റ് സെക്രട്ടറിമാരായ ബിജു തങ്കച്ചൻ,ജസ്ന ജോൺസൺ, ട്രഷറർ ജോസി ജോൺ,ജെയിൻ.പി.ജേക്കബ്, സോജിൻ.ഐ.കുഞ്ഞുമോൻ,ലിജു തോമസ്,ജോയ്സ്.വി,അപ്പു ജോർജ്, ജിപ്സൺ ജോസ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകുന്നു
ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് ഐ.സി.എസ് ജംഗ്ഷനിലെ റെസ്റ്റോറന്റ് മൂന്നംഗ അക്രമി സംഘം അടിച്ച് തകർത്തു
ശാസ്താംകോട്ട:ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് ഐ.സി.എസ് ജംഗ്ഷനിലെ റെസ്റ്റോറന്റ് മൂന്നംഗ അക്രമി സംഘം അടിച്ച് തകർത്തു.ഞായർ രാത്രി 11.15 നാണ് സംഭവം. കയറ്റത്തിലുള്ള റെയ്ദാന്‍ റെസ്റ്റോറന്റിലാണ് അക്രമം നടന്നത്.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളാണ് അക്രമം നടത്തിയതെന്നാണ് വിവരം.
റെസ്റ്റോറന്റിന്റെ ഗ്ലാസുകൾ അടക്കം തകർക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. അടുത്ത കാലത്തായി മേഖലയില്‍ അക്രമി വിളയാട്ടം രൂക്ഷമാണ്.
കോൺഗ്രസ്സ് ഇന്ദിരാ ജ്യോതിപ്രയാണം നടത്തി
ശാസ്താംകോട്ട: ഇന്ദിരാ ഗാന്ധിയുടെ 38-ാം മത് രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതിപ്രയാണം നടത്തി. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ നേതൃത്വം നൽകിയ ഇന്ദിരാ ജ്യോതിപ്രയാണം കല്ല് കടവിൽ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
സുധീർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി സമാപന സമ്മേളനം സി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു ഉണ്ണി ഇലവാനാൽ, തടത്തി സലിം, വർഗ്ഗീസ് തരകൻ, ജോൺസൻ വൈദ്യൻ, ലാലിബാബു,നാദിർഷാ കാരൂർക്കടവ്, ഷീബ സിജു , അജി ശ്രീകുട്ടൻ, രാധിക ഓമന കുട്ടൻ, സുഹ്റ ബീവി, തമ്പി കൂട്ടി കോവൂർ, ഷാജി അഞ്ച് തണ്ടിൽ, ശ്രീശൈലം ശിവൻ പിള്ള , നൗഷാദ് കല്ല് കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴയുടെ ആദരം ബുധനാഴ്ച
കരുനാഗപ്പള്ളി . 2021-22ലെ പൊതുപരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്കൂളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്,എ വൺ നേടിയ വിദ്യാർത്ഥികളെയും സർവ്വകലാശാല റാങ്ക് ജേതാക്കളേയും അഡ്വ എ എം ആരിഫ് എംപി മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. ‘ആലപ്പുഴയുടെ ആദരം 2022’ എന്ന പേരിലുള്ള പരിപാടിയുടെ രണ്ടാം ഘട്ടം നവംബർ 2ന് ഓച്ചിറ പള്ളിമുക്കിനു സമീപത്തെ ഒറിക്സ് കൺവെൻഷൻ സെന്ററിൽ നടക്കും.
പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ കെ വി മോഹൻകുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ചലചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ്, ചലചിത്ര താരങ്ങളായ അജു വർഗ്ഗീസ്, ടിനി ടോം, ഗൗരി നന്ദന, എഴുപുന്ന ബൈജു, ചേർത്തല ജയൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എംഎൽഎ മാരായ രമേശ് ചെന്നിത്തല, സി ആർ മഹേഷ്, അഡ്വ യു പ്രതിഭ,എം എസ് അരുൺകുമാർ, ജില്ല കളക്ടർമാരായ അഫ്സാന പർവീൺ, വി ആർ കൃഷ്ണ തേജ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. കായംകുളം, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾ രാവിലെ 9.30നും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 2 മണിയ്ക്കും എത്തിച്ചേരണമെന്ന് എം പിയുടെ ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്: 8848618331
നിയമ ബോധവല്‍ക്കരണ ക്യാംപെയിന്‍
ശാസ്താംകോട്ട. ലീഗൽ സർവീസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നുമുതൽ പതിമൂന്നുവരെ രാജ്യ വ്യാപകമായി നടക്കുന്ന ബോധവത്കരണ ക്യാമ്പയിന്റെ കുന്നത്തൂർ താലൂക്കു തല ഉദ്ഘാടനം ശാസ്താംകോട്ട കോർട്ട് ഹാളിൽ താലൂക്ക് ചെയർമാൻ ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് ടി. എസ്. അനിൽകുമാർ നിർവഹിച്ചു.
രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ഗ്രാമ ഗ്രാമാന്തരങ്ങളിൽ നടക്കും.
ബാർ അസോസിയേഷൻ പ്രസിഡന്റ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു
സായിറാം സ്വാഗതം ആശംസിച്ചു
ദേശീയപാതയിൽ തെന്മല ജംഗ്ഷന് സമീപം ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു
തെന്മല. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ തെന്മല ജംഗ്ഷന് സമീപം ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി ആനന്ദകുമാറാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് പുലർച്ചെ 3:30 യോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി കേരളത്തിലേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവറുടെ സഹായി സജീവ് കുമാറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.