പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

Advertisement

ശൂരനാട്: പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണച്ചുമതല.
നിയമനത്തെ ചോദ്യംചെയ്ത് ഉദ്യോഗാർഥികളായ അഹർഷാ, അശ്വതി വിശ്വൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ബാങ്കിൽ നിലവിലുണ്ടായിരുന്ന അറ്റെൻഡർ, പ്യൂൺ, പ്യൂൺ (എസ്.സി.), സെയിൽസ്‌മാൻ ഒഴിവുകളിലേക്ക് അടുത്തിടെ നടത്തിയ നിയമനമാണ് അന്വേഷിക്കുന്നത്.

പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ, ഒരുവിഭാഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ നാലു നിയമനങ്ങളും ചട്ടവിരുദ്ധമായി നടത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം.
നിയമനത്തിലെ നടപടിക്രമങ്ങളും ഭരണസമിതിയുടെ തീരുമാനങ്ങളിൽ സഹകരണച്ചട്ടവും രജിസ്ട്രാറുടെ സർക്കുലറുകളും പാലിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചശേഷം രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയിട്ടുള്ള നിയമനങ്ങൾ താത്കാലികമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു