ശാസ്താംകോട്ടയില്‍ പിടികൂടിയത് 60ചാക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍

Advertisement

കാരാളിമുക്ക് പട്ടകടവിൽ വാഹനത്തിൽ നിന്നും 47 ചാക്കും അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ നിന്നും പിടികൂടിയത് 13 ചാക്കും ലഹരി ഉല്പന്നങ്ങൾ;പിടികൂടാൻ കഴിഞ്ഞത് പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ
തുടർന്ന്:പള്ളിശേരിക്കൽ സ്വദേശിയുടേത് വീട്ടിൽ ശേഖരിച്ച് വച്ച് കടകൾ വഴി കച്ചവടം നടത്തുന്ന ബിസിനസ് തന്ത്രം

ശാസ്താംകോട്ട:കാരാളിമുക്ക് പട്ടകടവിൽ വാഹനത്തിൽ നിന്നും പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന ലഹരി ഉല്പന്നങ്ങൾ.ശംഭു,ഹാൻസ്,കൂൾ എന്നിവ ഉൾപ്പെടെ 60 ചാക്ക് ലഹരി ഉല്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും 47 ചാക്കും അറസ്റ്റിലായ പള്ളിശ്ശേരിക്കൽ പുത്തൻവിള വടക്കതിൽ ഷംനാദ്(32)ന്റെ വീട്ടിൽ നിന്നും 13ചാക്കും ലഹരി പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്.

വീടിന്റെ ടെറസിലും മറ്റുമായാണ് ഷംനാദ് ചാക്കുകളിൽ കുത്തി നിറച്ച് ഇവ സൂക്ഷിച്ചിരുന്നത്.ശാസ്താംകോട്ട
പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം നടത്തി വരികയായിരുന്നു.ഇതിനിടയിൽ ഇന്ന്(വെള്ളി) രാവിലെ 5 ഓടെ ഷംനാദിന്റെ വീട്ടിൽ ചാക്കുകളിൽ നിറച്ച് പുകയില ഉല്പന്നങ്ങൾ എത്തിച്ച ശേഷം കാരാളിമുക്കിലേക്ക് വാഹനം ചീറിപ്പായുകയായിരുന്നു.പോലീസ് പിൻതുടരുന്നത് മനസിലാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പട്ടകടവ് സ്കൂളിന് സമീപം വച്ച് കെഎൽ.ഡി – എ.എക്സ് 7605 എന്ന വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.


വാഹനത്തിൽ 2 പേരാണ് ഉണ്ടായിരുന്നത്.വാഹനത്തിന്റെ രജിസ്ട്രേഷൻ പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.വാഹനത്തിൽ പരിശോധന നടത്തിയ പോലീസ് ഇതേസമയം തന്നെ ഷംനാദിന്റെ വീട്ടിലെത്തി ഇയ്യാളെ കസ്റ്റഡിയിലെടുക്കുകയും വീട്ടിൽ നിന്നും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കൾ കണ്ടെത്തുകയുമായിരുന്നു.

ലഹരി വസ്തുക്കൾ ഇയ്യാളുടെ വീട്ടിൽ ഇറക്കിയ ശേഷം അടുത്തയാൾക്ക് കൈമാറാൻ പോകുന്ന വഴിക്കാണ് വാഹനം പോലീസ് പിടികൂടിയത്.എവിടെ നിന്നാണ് ഇവ എത്തുന്നതെന്നോ വാഹനത്തിൽ ഉണ്ടായിരുന്നവർ ആരാണെന്നുള്ള വിവരവും തനിക്കറിയില്ലെന്നാണ് പോലീസിനോട് ഷംനാദ് പറയുന്നത്.6 മാസമായി ഇവരിൽ നിന്നും ലഹരിവസ്തുക്കൾ വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം ആവശ്യാനുസരണം കടക്കാർക്ക് വിറ്റഴിക്കുന്നതാണ് ഷംനാദിന്റെ ബിസിനസ് രീതി.എന്നാൽ വർഷങ്ങളായി ഇയ്യാൾ ഇത്തരം കച്ചവടം നടത്തിവരുന്നതായാണ് സൂചന.

Advertisement