കുളിച്ചാല്‍ കേസെടുക്കുമോ, ങാ ഇങ്ങനെ കുളിച്ചാല്‍ കേസാവുമെന്ന് ശാസ്താംകോട്ട പൊലീസ്, വിഡിയോ

Advertisement

ശാസ്താംകോട്ട.തിരക്കോട് തിരക്കുള്ള ജീവിതത്തില്‍ കുളിക്കാനാര്‍ക്കാ സമയം ,അതാണ് ബൈക്ക് യാത്രയ്ക്കിടെ തിരക്കിട്ടൊരു കുളി, സോപ്പ് തേച്ച് കുളി വൈറലായി.പക്ഷേ പൊലീസ് മാമന്മാര്‍ക്കും തോന്നണ്ടേ അവര്‍ കണ്ടത് അസാന്മാര്‍ഗികം, അശ്രദ്ധ,അപകട റൈഡിംങ്. ശാസ്താംകോട്ടയിലാണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നി യുവാക്കൾക്കെതിരെയാണ് കുളിച്ചതിന് പൊലീസ് കേസെടുത്തത്.

അർധ നഗ്നരായി ബൈക്കിൽ ഇരുന്നാണ് സോപ്പു തേച്ച് കുളിച്ചത്. കഴിഞ്ഞദിവസം രാത്രി കനത്ത മഴപെയ്യുന്നതിനിടെ തിരക്കേറിയ ഭരണിക്കാവ് ടൗണിൽ ആയിരുന്നു യുവാക്കളുടെ കുളി. എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാമെന്നേ അവര്‍ വിചാരിച്ചുള്ളൂ.കടയില്‍ ചോദിച്ചപ്പോള്‍ മഴക്കോട്ടിനും കുടയ്ക്കും വലിയ വില, വിലക്കുറവുള്ളൊരു സോപ്പു വാങ്ങി. വീട്ടില്‍ ചെന്നാലും കുളിക്കണം. പിന്നെ സമയം കളയേണ്ടെന്നു വിചാരിച്ചു. കുളിയോടു കുളി. സമൂഹമാധ്യമങ്ങളിൽ വൈറലാവാനായിരുന്നു എന്ന് അസൂയക്കാര്‍ പറയും.

പക്ഷേ പൊലീസ് മ്യാമന്മാരിതൊക്കെ കണ്ട് കേസെടുക്കാനിരിക്കുകയാണെന്നാരുകണ്ടു. പണിപാളി. വണ്ടി സ്റ്റേഷനിലെത്തിക്കാനാണ് വിളിച്ചത്. സോപ്പ് തീര്‍ന്നതിനാല്‍ പതപ്പീരൊന്നും ഏറ്റില്ല.

ഇരുവർക്കും എതിരെ അപകടകരമായ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കളി കഴിഞ്ഞു മടങ്ങുന്നതിനിടെ മഴയിൽ നനഞ്ഞ ടീഷർട്ട് ഊരിയ ശേഷം കുളിച്ചതാണ് എന്നാണ് യുവാക്കളുടെ വാദം.

Advertisement