കൊല്ലം ബീച്ചിലെ സംഗീതം നിലച്ചു,അറിയാമോ ഈ വയലിന്‍വാദകനെ

Advertisement

കൊല്ലം. ബീച്ചിലെ കാറ്റിനൊപ്പം പാറിവന്നുതൊടുന്ന വയലിൻ സംഗീതം നിലച്ചു. വയലിനിസ്റ്റ് ഇരവിപുരം സ്വദേശി
അലോഷ്യസ് ഫെർണാണ്ടസ് അന്തരിച്ചു. റോഡരികിൽ അവശനിലയിൽ കാണപ്പെട്ട അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി മരണമുണ്ടായി.

സായന്തനത്തില്‍ കൊല്ലം ബീച്ചിന്‍റെ അന്തരീക്ഷം ആലോഷ്യസ് സംഗീത സാന്ദ്രമാക്കിയിരുന്നു. തിരമാലകളുടെ രാഗാലാപത്തിനും കാറ്റിന്‍റെ തംബുരു മീട്ടലിനും ചേര്‍ന്ന് കേൾക്കാമായിരുന്ന വയലിന്‍ നാദമാണ് നിലച്ചത്.

കൊല്ലം ബീച്ചില്‍ എത്തുന്നവര്‍ അലോഷിച്ചേട്ടനെന്ന അലോഷ്യസിനെ കാണാതിരിക്കില്ല. ഏതോ ഒരു പാശ്ചാത്യബീച്ചിലെത്തിപ്പെട്ട അനുഭവമായിരിക്കും അവിടെ എത്തുമ്പോള്‍. മനോഹരമായി ഇംഗ്ളീഷ് സംസാരിക്കുന്ന അയാള്‍ ചട്ടക്കാരുടെ തിരുശേഷിപ്പാണെന്നും പലരും കരുതി. എന്നാല്‍ മുംബൈ നഗരത്തിൽ ജനിച്ച് ഇന്ത്യൻ എയർലൈൻസിലെ സാങ്കേതിക വിഭാഗത്തിൽ യൗവനാരംഭത്തില്‍ ജോലി നേടിയയാളാണ് അലോഷ്യസ് സേവ്യർ. വിദേശരാജ്യങ്ങളിലെ സൗഹൃദവും ആഡംബര ജീവിതവും കോടീശ്വരനായ അലോഷ്യസിനെ ചൂതാട്ടത്തിൽ എത്തിച്ചു. ചൂതാട്ട കളത്തിൽ സമ്പാദ്യവും കുടുംബ ബന്ധവും എല്ലാം നഷ്ടപ്പെട്ടു. അങ്ങനെ കാലിയായ കീശയും തലയില്‍ ചൂളം കുത്തുന്ന സംഗീതവും തന്ത്രിമുറുകിയ ഒരു വയലിനുമായി അലോഷി സാഗരതീരത്തെത്തി. ഒടുവില്‍ ആ തന്ത്രികള്‍ പൊട്ടി ,തിരമാലകള്‍ നിശ്ചമായി .കൊല്ലത്തിന്‍റെ സായാഹ്നങ്ങളെ തനിച്ചാക്കിയാണ് അലോഷ്യസ് തീരംവിടുന്നത്.


Advertisement