കൊല്ലം. വികസനത്തെ ചൊല്ലി രണ്ടു നേതാക്കള്‍ ഉത്ക്കണ്ഠപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പായി ഇവരായിരിക്കും അടുത്ത മുഖ്യ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക, നിലവിലെ എംപിയായ എൻ കെ പ്രേമചന്ദ്രനും സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനും തമ്മില്‍ വികസനത്തെപ്പറ്റി തർക്കം മുറുകി.ജില്ലയിലെ കിഴക്കൻ മേഖലയിലെ കാര്യം പറഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേർക്കുനേർ രംഗത്തെത്തിയതോടെ ജനം ഉറപ്പിച്ചു. ഇവരാവും അങ്കത്തട്ടിലെ പോരാളികള്‍.
കിഴക്കൻ മേഖലയോട് എംപി അനാസ്ഥ കാട്ടുന്നതായി എസ്. ജയമോഹൻ ആരോപിച്ചു. കേരള സർക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പിമറുപടി നല്‍കി
എൻ കെ പ്രേമചന്ദ്രൻ എംപിയെ ലക്ഷ്യം വെച്ച് മുനവച്ച ആരോപണങ്ങളുമായി സിപിഎം വീണ്ടും സജീവമായി. കഴിഞ്ഞദിവസം എംപിക്കെതിരെ വിവിധ വിഷയങ്ങളുന്നയിച്ച് സിപിഎം നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് ഉദ്ഘാടനം ചെയ്തത്. എം.പിക്കെതിരെ കടുത്തഭാഷയിലെ വിമർശനമാണ് യോഗത്തിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെയും എസ് ജയമോഹന് എതിരെയും എംപി തിരിച്ചടിച്ചത്. പുനലൂരിലെ റോഡപകടങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കാരണം സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് എംപി ആരോപിച്ചു.
ഇതിന് മറുപടിയുമായി വീണ്ടും എസ് ജയമോഹൻ രംഗത്തെത്തി. വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്ന് വിവിധ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് ജയമോഹൻ ആരോപിച്ചു. ആരോപണങ്ങളും ഇതുവരെ കാണാത്തപ്രശ്നങ്ങളും പാര്‍ട്ടികള്‍ നിരത്തുമ്പോള്‍ ജനം ഉറപ്പിക്കുന്നു, തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു.