കൊല്ലം ബൈപാസില്‍ പടുകൂറ്റന്‍ വിമാനമിറങ്ങി,അന്തം വിട്ട് ജനം

Advertisement

കൊല്ലം. ആളുകളെ അമ്പരപ്പിച്ച് റോഡില്‍ വിമാനം! കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ട വിമാനം കണ്ടാണ് ആളുകൾ ഞെട്ടിയത്. തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് ഇന്നലെ കുരീപ്പുഴ ടോൾ പ്ലാസയിൽ നിർത്തി ഇട്ടത്.


ടോള്‍ പ്ലാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി. ബൈപ്പാസ്വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനും സെൽഫി എടുക്കാനും വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പൊലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി.


ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പൊലീസും വലഞ്ഞു.
ഉപയോഗശൂന്യമായ വിമാനം ഒരു സ്വകാര്യ കമ്പനി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുഭാഗം വേര്‍പെടുത്തിയശേഷം കൂറ്റന്‍ ട്രെയിലറില്‍ കയറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലര്‍ച്ചെ കുരീപ്പുഴയില്‍ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. ആന്ധ്രയിലെത്തിക്കുന്ന വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം.

Advertisement