മകന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ തുനിഞ്ഞിറങ്ങിയ മാതാവ് പട്ടാപ്പകല്‍ നടുറോഡില്‍ റോഡില്‍ കൊല്ലപ്പെട്ടു, കരുനാഗപ്പള്ളി നടുങ്ങിയ കേസിന്‍റെ വിചാരണ തുടങ്ങി

Advertisement

കൊല്ലം. കരുനാഗപ്പള്ളി നഗരത്തെ നടുക്കിയ കൊലപാതക കേസില്‍ വിചാരണ തുടങ്ങി. മകനോടൊപ്പം ബൈക്കില്‍ പോയ വീട്ടമ്മയെ കാര്‍ഇടിച്ചു കൊലപ്പെടുത്തി എന്ന കേസ് 2014- 15 കാലത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സാധാരണ റോഡ് അപകടം എന്ന നിലയില്‍ കരുതിയ കേസ് പിന്നീട് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. നീലികുളം വവ്വാക്കാവ് വയ്യാവീട്ടില്‍ ഷീല(55)ആണ് കൊല്ലപ്പെട്ടത്.
സമീപവാസികളായ ചെമ്പന്‍ശേരി അനില്‍കുമാര്‍(50)സഹോദരങ്ങളായ ഹരിസുതന്‍(52)അനിരുദ്ധന്‍(47)അനില്‍കുമാറിന്റെ ഭാര്യാപിതാവ് ചേപ്പാട് ഇഞ്ചക്കോട്ടയില്‍ ശിവന്‍കുട്ടി(61)എന്നിവരാണ് പ്രതികള്‍.
പുതിയകാവ് താജ്മഹല്‍പള്ളിക്കുമുന്നില്‍ 2014- ഡിസംബര്‍ 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഇളയമകന്‍ അനീഷിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഷീലയെ പിന്നാലെ എത്തിയ ടവേറ കാര്‍ തട്ടിവീഴ്ത്തി കാര്‍ കയറ്റി കൊലപ്പെടുത്തി എന്നാണ് കേസ്.
അനില്‍കുമാറിന്റെ ഭാര്യസിജി വിദേശത്ത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൊലപാതകത്തിലെത്തിയത്. ഷീലയുടെ മൂത്തമകന്‍ അരുണ്‍കുമാറുമായി സിജിക്ക് ബന്ധം ഉണ്ടായിരുന്നെന്നും ഇതുസംബന്ധിച്ച വഴക്കിനെതുടര്‍ന്നാണ് യുവതി വിദേശത്ത് മരിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. വിദേശത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാട്ടില്‍ അരുണിനെതിരെ കേസ് കൊടുക്കുകയും ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ ശക്തമായ ഇടപെടലാണ് ഷീല നടത്തിയത്. പൊലീസ് മകനെ പീഡിപ്പിച്ചതിനെതിരെയും അരുണിനെതിരെ നടന്ന അക്രമങ്ങള്‍ക്കെതിരെയും നിരവധി ശക്തമായ നീക്കങ്ങള്‍ നിയമവഴിയേ ഷീല നടത്തിയിരുന്നു. പരാതികളില്‍ മൊഴിയെടുക്കാനിരിക്കെയാണ് ഷീല കൊല്ലപ്പെട്ടത്.ഇതോടെ ഈ കേസില്‍ പലതെളിവും നഷ്ടമായെങ്കിലും അരുണിനെതിരെയുള്ള കേസില്‍ പ്രതികുറ്റക്കാരനല്ലെന്ന് വിധിച്ച് 2018ല്‍ കോടതി അരുണിനെ വെറുതേ വിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ കേസ് ആണ് വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്.

അരുണിനെതിരായ കേസ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണെന്നും ഇതിലെല്ലാം വ്യക്തമായ തെളിവുകള്‍ നല്‍കുമെന്നും കാട്ടി ഷീല മുന്നോട്ടുപോകുന്നതിനിടെയാണ് കുടുംബത്തിന്‍റെ നട്ടെല്ലുതകര്‍ത്ത വ്യാജ വാഹനാപകടം ഉണ്ടായത്.
നാലാം പ്രതി ശിവന്‍കുട്ടി സംഭവം നടക്കുമ്പോള്‍ കാറില്‍ ഇല്ലായിരുന്നെങ്കിലും ഇയാള്‍ വാഹനം ഓടിച്ചിരുന്നത് താനാണ് എന്നു കുറ്റസമ്മതം നടത്തി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു പ്രതിയാക്കിയത് . സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കപ്പെട്ട കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പിന്മാറിയത് അടക്കം നിരവധി നാടകീയതകള്‍ നിറഞ്ഞതായിരുന്നു കേസ്.


കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബി ശ്യാമപ്രസാദിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
ഏറെ ദുരൂഹമായ ഒരു കേസിന്റെ വിചാരണയാണ് ആരംഭിച്ചിട്ടുള്ളത്.

Advertisement