പള്ളി മണിയുടെ ശബ്ദം നിയമപ്രകാരം നിയന്ത്രിക്കണം മുതുപിലാക്കാട് സ്വദേശിനിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം : തന്റെ വീടിന് സമീപമുള്ള പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ മണിയിൽ നിന്നും മുഴങ്ങുന്ന വലിയ ശബ്ദം തനിക്കും കുടുംബത്തിനും ശാരീരിക – മാനസിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്ന പരാതിയിൽ ശബ്ദം നിയന്ത്രിതമായ പരിധിക്കുള്ളതാണോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

      അല്ലാത്തപക്ഷം പള്ളി അധികാരികൾക്കെതിരെ 2000 ലെ ശബ്ദ മലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി  ശാസ്താംകോട്ട ഡി വൈ എസ് പി ക്ക് ഉത്തരവ് നൽകി.  നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ കൂറ്റൻ മണി മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  മുതുപിലാക്കാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. 

      പള്ളി മണി നിയന്ത്രിത ശബ്ദത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി കമ്മീഷനെ അറിയിച്ചു.  നിർദ്ദേശത്തിന് വിരുദ്ധമായി നിയമലംഘനമുണ്ടായാൽ നടപടി സ്വീകരിക്കാൻ  ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ പോലീസ് നിർദ്ദേശം നൽകിയിട്ടും ശബ്ദമലിനീകരണം തുടരുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

      ശബ്ദമലിനീകരണ നിയന്ത്രണ നിയമ പ്രകാരം   ശബ്ദമലിനീകരണത്തിനെതിരെ  നടപടിയെടുക്കാൻ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  റസിഡൻഷ്യൽ ഏരിയയിൽ ശബ്ദപ്രസരണം പകൽ പരമാവധി 55 ഡെസിബെല്ലും  രാത്രി 45 ഡെസിബെല്ലുമാണ്.  ഈ സാഹചര്യത്തിലാണ് പരാതിക്കാരിയുടെ വീടിനോട് ചേർന്നുള്ള മലങ്കര കതോലിക് പള്ളിയിലെ ശബ്ദത്തിനെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.
Advertisement