മതസൗഹാർദ സന്ദേശം പകർന്നുള്ള മദ്റസ ഉദ്ഘാനം നാടിൻ്റെ ആഘോഷമായി
ശാസ്താംകോട്ട: മതസൗഹാർദവും മാനവീകതയും പകർന്നുള്ള മദ്റസ കെട്ടിടോദ്ഘാടനം നാടിൻ്റെ ആഘോഷമായി മാറി. കുമരംചിറ നാലുമുക്ക് മുസ് ലിം ജമാഅത്തിന് കീഴിൽ നാലുമുക്ക് ജംഗ്ഷനിൽ പണികഴിപ്പിച്ച നൂറുൽ ഇസ്ലാം മദ്റസ കോംപ്ലക്സിൻ്റെ ഉദ്ഘാടന ചടങ്ങാണ് വിവിധ മതമേലധ്യക്ഷൻമാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, പുത്തൂർ സെൻ്റ് ജോർജ് ഓർത്തഡക്സ് ചർച്ച് വികാരി റവ. ഫാദർ ജോൺ ടി വർഗീസ് കുളക്കട എന്നിവരുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ധാർമികത പഠിപ്പിയ്ക്കുന്ന മദ്റസകൾ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റത്തിന് വലിയ പങ്കാണ് വഹിയ്ക്കുന്നതെന്ന് അബ്ബാസലി തങ്ങൾ പറഞ്ഞു. ഹൃദയംകൊണ്ടു സംസാരിക്കുന്നവർ ചേർന്നിരിയ്ക്കുന്ന ആരാധനാലയങ്ങൾ സ്നേഹം പങ്കുവെയ്ക്കലിൻ്റെ കേന്ദ്രങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി പറഞ്ഞു. ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പരം ആരാധനാലയങ്ങളിലേയ്ക്ക് മനുഷ്യർ നിർഭയം കടന്നു ചെല്ലാൻ കഴിയുമ്പോഴാണ് മത സൗഹാർദം പുലരുന്നതെന്ന് ഫാദർ ജോൺ ടി വർഗീസ് കുളക്കട പാഞ്ഞു.
ജമാഅത്ത് പ്രസിഡൻ്റ് അഡ്വ. എൻ. ഐ മുനീർ അധ്യക്ഷത വഹിച്ചു. ജമാഅത്ത് മുൻ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. വിവിധ മഹല്ല് ഇമാമുമാരായ സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ മണ്ണാർക്കാട്, ഷാജഹാൻ ഫൈസി, ഹാഷിം മദനി, മുഹമ്മദ് സിറാജുദ്ദീൻ മൻളരി, സഈദ് ബാഖവി, നാസിമുദ്ദീൻ അൽഖാസിമി, ഗ്രാമപഞ്ചായത്തംഗം എം. അബ്ദുൽ ലത്തീഫ്, റഹീം മുട്ടത്ത്, ലുഖ്മാനുൽ ഹക്കീം, കെ. ഹനീഫാ കുഞ്ഞ്, ഷജു. വൈ തുടങ്ങിയവർ സംസാരിച്ചു. ഇ. ഇസ്മയിൽ കുട്ടി സ്വാഗതവും സി. എ സുലൈമാൻ കുഞ്ഞ് നന്ദിയും പറഞ്ഞു. നവാസ് മന്നാനി, മുനീർ ഹുദവി എന്നിവർ മതവിജ്ഞാന സദസിന് നേതൃത്വം നൽകി.
ചിത്രം: കുമരംചിറ നാലുമുക്ക് മുസ് ലിം ജമാഅത്ത് നൂറുൽ ഇസ് ലാം മദ്റസ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സംസാരിയ്ക്കുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, ഷാജഹാൻ ഫൈസി, സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ, ഫാദർ ജോൺ ടി വർഗീസ് കുളക്കട, അഡ്വ. എൻ. ഐ മുനീർ തുടങ്ങിയവർ മുൻനിരയിൽ.
കെ എം എം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) മന്ത്രി പി രാജീവിന് നിവേദനം നൽകി
ചവറ. കേരളത്തിലെ ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ചവറ കെ എം എം എലിലെ തൊഴിലാളികളുടെ ഒൻപതാം ദീർഘകാല കരാർ നടപ്പാക്കി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം എം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് നിവേദനം നൽകി.
കോവിഡ് കാലത്തും ആരോഗ്യ മേഖലയ്ക്ക് ഓക്സിജൻ നൽകുന്നത് ഉൾപ്പടെ കാര്യക്ഷമമായ പ്രവർത്തനം ആണ് തൊഴിലാളികൾ ചെയ്തതെന്നും ശമ്പള കുടിശ്ശിക ഉൾപ്പടെ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സി ഐ ടി യു ജില്ല സെക്രട്ടറി എസ് ജയമോഹൻ , യുണിയൻ ജനറൽ സെക്രട്ടറി വി സി രതീഷ് കുമാർ, ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
കുന്നത്തൂർ താലൂക്കിൽ ചെങ്കണ്ണ് രോഗം വ്യാപകം; ചികിത്സ ഉറപ്പാക്കാതെ ആരോഗ്യ വകുപ്പ്
കുന്നത്തൂർ:കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു.കൃത്യമായ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിയാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നു.സ്കൂൾ കുട്ടികളിലാണ് ചെങ്കണ്ണ് രോഗം വ്യാപകമായിരിക്കുന്നത്.പിന്നീട് ഇവരുടെ വീടുകളിൽ മുഴുവൻ പേരിലേക്കും രോഗം വ്യാപിക്കുന്നു.
കണ്ണിന് നീര് വയ്ക്കുകയും അസഹ്യമായ വേദനയും പീളകെട്ടുന്നതുമാണ് രോഗ ലക്ഷണങ്ങൾ.ഇതിനൊപ്പം കണ്ണുകൾ ചുവന്ന് തടിക്കുകയും ചെയ്യുന്നു.മിക്കവർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് വാങ്ങി ഉപയോഗിക്കുകയാണ് മിക്കവരും.കുന്നത്തൂർ പഞ്ചായത്തിലാണ് രോഗം കൂടുതലായും പടർന്നു പിടിച്ചിരിക്കുന്നത്.
താമരക്കാലന്‍പ്രകാശിപ്പിച്ചു
കൊല്ലം.സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ആദർശ് വിപിൻ്റെ
കഥാ സമാഹാരം താമരക്കാലൻ്റെ പ്രകാശനം ജി ആർ ഇന്ദുഗോപൻ ആദ്യ കോപ്പി കെ എസ് രതീഷ് നൽകി
നിർവഹിച്ചു.കെ ജി. അജിത് കുമാർ അധ്യക്ഷനായിരുന്നു. ജയൻ മഠത്തിൽ, ദത്തു , എസ് ദേവകുമാർ,കഥാകൃത്ത് ആദർശ് വിപിൻ എന്നിവർ സംസാരിച്ചു.
കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: യുവാവിന് നേരെ ആക്രമണം
കൊല്ലം.കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ കൊട്ടിയം പോലീസ് പിടികൂടി. ഉമയനല്ലൂർ പാലവിള വീട്ടിൽ യശോധരൻ മകൻ ദിനേശ്(31), വാളത്തുംഗൽ വിനീഷ് ഭവനത്തിൽ വിനീഷ്(33) എന്നിവരാണ് പോലീസ് പിടിയിൽ ആയത്. ദിനേശിന്റെ ജ്യേഷ്ഠ സഹോദരനായ ദിലീപിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്.
കുടുംബസ്വത്തായ 10 സെന്റ് പുരയിടം ഭാഗം വക്കാൻ ദിനേശും പിതാവും ശ്രമിച്ചെങ്കിലും ദിലീപിന്റെ എതിർപ്പ് മൂലം സാധിച്ചിരുന്നില്ല. ഇതിനെ ചൊല്ലി ദിലീപ് നിരന്തരം വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം രാത്രി 9.00 മണിയോടെ ബന്ധുവിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുകയായിരുന്ന ദിലീപിനെ ഇയാളുടെ അനുജനായ ദിനേശും, ബന്ധുവായ വിനീഷും ചേർന്ന് സ്‌കൂട്ടറിൽ എത്തി തോർത്തിൽ കല്ലുകെട്ടി തലയ്ക്ക് പുറകിലും ഇരുമ്പ് കമ്പി കൊണ്ട് കീഴ്ത്താടിക്കും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യ്തു.
കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ ജിംസ്റ്റൽ എം.സി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി
കൊല്ലം. കോട്ടമുക്കിൽ കടയുടെ മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉമയനല്ലൂർ തൊണ്ട്മുക്ക് സജു മൻസിലിൽ ഷരീഫ് മകൻ സജു(27) ആണ് അറസ്റ്റിൽ ആയത്. കോട്ടയ്ക്കകം നഗർ 133-ൽ കേളേത്ത് പടിഞ്ഞാറ്റതിൽ രാജന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കോട്ടമുക്കിലുള്ള കടയിൽ നിന്നും രാജൻ സാധനം വാങ്ങാൻ കയറിയ സമയം പ്രതി ബൈക്ക് മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ബൈക്ക് മോഷണം പോയെന്ന് മനസ്സിലാക്കിയ രാജൻ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ഇയാളെ പിൻതുടരുകയായിരുന്നു. കൊല്ലം ബീച്ചിന് സമീപത്ത് വച്ച് മോഷ്ടാവിനേയും മോഷ്ടിച്ചെടുത്ത ബൈക്കും തിരിച്ചറിഞ്ഞ രാജൻ വിവരം ഉടൻ തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇൻസ്‌പെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ അനീഷ്, ലത്തീഫ്, ഷമീർ എന്നിവർ ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്യ്തു.
പിഞ്ച്കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ.
നാല് വയസ്സ് മാത്രം പ്രായമുള്ള പിഞ്ച്കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്യ്തു. നീണ്ടകര പുത്തൻതുറ അയ്യത്ത് വീട്ടിൽ കുഞ്ഞ് പണിക്കൻ മകൻ ആത്മസുധൻ(60) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.00 മണിയോടെ വീടിനു മുന്നിൽ കളിച്ചുകൊണ്ട് നിന്ന നാലുവയസ്സുകാരിയെ മറ്റാരുടേയും ശ്രദ്ധ എത്താത്ത സമയം ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ നിലവിളിക്കാതിരിക്കാൻ കുട്ടിയുടെ വായ പൊത്തി പിടിക്കുകയും ചെയ്യ്തു.
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും, പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ചവറ പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇൻസ്‌പെക്ടർ വിപിൻ കുമാർ യു.പി യുടെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ നൗഫൽ, അഖിൽ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, എസ്.സി.പി.ഓ സബീതാ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വാതുക്കൽ ഞാലികുഞ്ഞിന് സമൂഹ പാൽപൊങ്കാല 15ന്
കൊട്ടാരക്കര : വെട്ടിക്കവല മഹാ ക്ഷേത്രങ്ങളിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ സമൂഹ പാൽ പൊങ്കാല 15 ന് നടക്കും. രാവിലെ 9.40 ന് ചേരുന്ന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം പി പ്രഭാഷണം നടത്തും. പൊങ്കാല സമർപ്പണ ഉദ്ഘാടനം കെ ബി ഗണേഷ്കുമാർ എം എൽ എ നിർവഹിക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ അനന്തഗോപൻ പ്രസാദ വിതരണോദ്ഘാടനം നിർവ്വഹിക്കും. പാലക്കാട് തെങ്കര പൂജാമഠത്തിൽ പി രാമചന്ദ്രന്റെ കാർമികത്വത്തിൽ മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനന്ദ് ശങ്കർ പണ്ടാരയടുപ്പിൽ അഗ്നി തെളിക്കും.
സ്ത്രീകളും 12 വയസ്സുവരെയുള്ള ആൺകുട്ടികളുമാണ് പൊങ്കാല അർപ്പിക്കുന്നത്. .പാൽ പൊങ്കാല ഇടുന്നതിനായി ഏഴായിരത്തി ലധികം ഭക്തർ എത്തിച്ചേരുമെന്നാണ് ക്ഷേത്ര ഉപദേശകസമിതി കരുതുന്നത് . ഇതോടനുബന്ധിച്ചുള്ള അഷ്ടമി മഹോത്സം 16 ന് നടക്കും. രാവിലെ 7 നും വൈകിട്ട് 5.30 നും രാത്രി 8 നും പ്രത്യേക കാഴ്ച ശ്രീബലി എഴുന്നെള്ളിപ്പ് നടക്കുമെന്നും ഉപദേശക സമിതി പ്രസിഡന്റ് എസ് ഗിരീ ഷ്കുമാർ, സെക്രട്ടറി എം ബാലചന്ദ്രൻ, ബിനു ആർ കുമാർ, എസ് അനീഷ് , അനൂപ് കണ്ണൻ, കെ ഷിബുകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വോട്ടെടുപ്പ് ഇന്ന്
കൊല്ലം.ജില്ലയിലെ പേരയം പഞ്ചായത്തിലെ പത്താം വാര്‍ഡായ പേരയം ബി, പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോട്ടുവന്‍കോണം എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സെക്ടര്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്തു.
ഇന്ന് (നവംബര്‍ 9) രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രണ്ട് വാര്‍ഡുകളിലായി എട്ട് സ്ഥാനാര്‍ത്ഥികളും 2740 വോട്ടര്‍മാരുമാണുള്ളത്.
വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര/ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, ഫോട്ടോ പതിച്ച എസ്.എസ്.എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഒന്ന് പോളിംഗ് കേന്ദ്രത്തില്‍ ഹാജരാക്കി സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. പേരയം ബി വാര്‍ഡിന്റെ പോളിംഗ് സ്റ്റേഷന്‍ എന്‍.എസ്.എസ് ഹൈസ്‌ക്കൂളും, കോട്ടുവന്‍കോണം വാര്‍ഡിന്റെ പോളിംഗ് സ്റ്റേഷന്‍ കോട്ടവന്‍കോണം സാംസ്‌കാരിക നിലയം ഒന്ന്, രണ്ടുമാണ്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി. ആര്‍ അഹമ്മദ് കബീറിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. വോട്ടെണ്ണല്‍ നാളെ (നവംബര്‍ 10) രാവിലെ 10ന് നടത്തും. പേരയം ബി വാര്‍ഡിന്റെ വോട്ടെണ്ണല്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും, കോട്ടവന്‍കോണം വാര്‍ഡിന്റെ വോട്ടെണ്ണല്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ മിനി ഹാളിലുമാണ് നടത്തുക
കുളക്കട ഉപജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങി
കൊട്ടാരക്കര :കുളക്കട ഉപജില്ലാ സ്കൂൾ കലോത്സവം പൂവറ്റൂർ ഡിവിഎൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
ഉപജില്ലയിലെ 70 സ്കൂളിൽ നിന്നുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾ പങ്കെടുക്കുന്നു. ആദ്യ ദിനമായ ഇന്നലെ (ചൊവ്വ) അറബിക് പദ്യംചൊല്ലൽ, എൽപി വിഭാഗം ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, സംസ്കൃതോത്സവം, പദ്യംചൊല്ലൽ, പ്രസംഗം, കടങ്കഥ. കഥാകഥനം, അഭിനയഗാനം എന്നിവ നടന്നു. ഇന്ന് (ബുധൻ) മോണോ ആക്ട്, കഥാപ്രസംഗം, മിമിക്രി, മൂകാഭിനയം, നാടകം, സ്കിപ്റ്റ്, ചവിട്ടുനാടകം, ഭരതനാട്യം, നാടോടിനൃത്തം, മോഹിനിയാട്ടം, സംഘനൃത്തം, കുച്ചുപ്പുടി, കേരളനടനം, ഓട്ടൻതുള്ളൽ, ലളിതഗാനം, സംഘഗാനം തുടങ്ങിയ ഇനങ്ങളിലെ മത്സരം നടക്കും.
ഉദ്ഘാടനം ഇന്ന് (ബുധൻ) രാവിലെ 9 ന് കൊടിക്കുന്നിൽ സുരേഷ് എംപി നിർവ്വഹിക്കും. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ അധ്യക്ഷനാകും. സമാപനസമ്മേളനം നാളെ (വ്യാഴം) വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ അധ്യക്ഷയാകും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി സമ്മാനദാനവും നിർവ്വഹിക്കും.
സാമൂഹികവിരുദ്ധ അക്രമം,കേസ്
കൊട്ടാരക്കര: കോട്ടാത്തല യു.പി സ്കൂളിൽ നടത്തിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഥമാദ്ധ്യാപകനെതിരെ നടത്തിയ ആക്ഷേപങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്നുപേർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഒക്ടോബർ 20ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ സ്കൂളിനുള്ളിൽ നിന്നും ബഹളം കേട്ട് നാട്ടുകാരും മാനേജ്മെന്റ് പ്രതിനിധികളും എത്തിയപ്പോഴാണ് അക്രമ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത്. ക്ളാസ് മുറികളുടെ ജനൽപാളികളും കതകും വെട്ടിപ്പൊളിക്കാൻ ശ്രമം നടന്നിരുന്നു.
സംഭവത്തിന് ശേഷം പ്രഥമാദ്ധ്യാപകൻ ബി.എസ്.ഗോപകുമാറിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വന്നതോടെയാണ് സ്കൂൾ മാനേജരും എസ്.എൻ.ഡി.പിയോഗം കോട്ടാത്തല ശാഖ പ്രസിഡന്റുമായ എം.എസ്.ശ്രീകുമാറും പ്രഥമാദ്ധ്യാപകൻ ബി.എസ്.ഗോപകുമാറും കൊട്ടാരക്കര ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയത്. തുടർന്ന് റൂറൽ എസ്.പിയ്ക്കും സൈബർ സെല്ലിലും പ്രത്യേകം പരാതികൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർക്കെതിരെ കേസെടുത്തത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
മുത്തശ്ശിയെ തള്ളിയിട്ട് പരിക്കേല്പിച്ച ചെറുമകൻ അറസ്റ്റിൽ
അഞ്ചൽ: വീട്ടിനുള്ളിൽ കസേരയിൽ ടി.വി കണ്ടുകൊണ്ടിരുന്ന മുത്തശ്ശിയെ തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപിച്ച ചെറുമകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ നെടുങ്ങോട്ട് കോണം മഞ്ഞാറുവിള പുത്തൻവീട്ടിൽ അഫ്സൽ(24) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ ടി.വി കണ്ടു കൊണ്ടിരുന്ന മുത്തശ്ശിയുമായി ടി.വിയുടെ ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഫ്സൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് മുത്തശ്ശിയെ കസേരയോടൊപ്പം തള്ളിയിടുകയുണ്ടായി.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടുകാരേയും പരിസരവാസികളേയും അനുവദിക്കാതെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എ.എസ്.ഐ ലിജുകുമാർ, സി.പി.ഒമാരായ പ്രിൻസ്, സംഗീത് ,സാബു എന്നിവരടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തി അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയും പരിക്കേറ്റ മുത്തശ്ശിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
വിമുക്തി ലൈബ്രറിയുടെയും വായനമുറിയുടെയും ഉദ്ഘാടനം
കരുനാഗപ്പള്ളി. എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറിയുടെയും വായനമുറിയുടെയും ഉദ്ഘാടനം നടന്നു.ഇതിൻ്റെ ഉദ്ഘാടനം എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. തുടക്കം കുറിച്ച വിമുക്തി ലൈബ്രറിയും വായനമുറിയും മാതൃകാപരമാണെന്നം കേരളത്തിൽ ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരി ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ഇത്തരം ഒരു സംരംഭം എക്സൈസ് വിഭാഗം ആരംഭിച്ചത്. സി. ആർ മഹേഷ് MLA അദ്ധ്യക്ഷത വഹിച്ചു.
എൻ ഫോഴ്സ്മെൻ്റ്അഡി’ എക്സൈസ് കമ്മീഷണർ ഇ.എൻ സുരേഷ്, വിജിലൻസ് ഓഫീസർ കെ.മുഹമ്മദ് ഷാഫി, ദക്ഷിണമേഖല ജോയിൻ്റ് എക്സൈസ് കമ്മീഷണർ എ ആർ സുൾഫിക്കർ ,കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി.സുരേഷ്, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ‘ ലൈബ്രറി പ്രസിഡൻ്റ് കോട്ടയിൽ രാജു തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
മത്സ്യബന്ധനവള്ളം കാരിയർ വള്ളത്തിൽ ഇടിച്ചു ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി
അഴീക്കൽ. മത്സ്യബന്ധനവള്ളം കാരിയർ വള്ളത്തിൽ ഇടിച്ചു ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മകര മത്സ്യം എന്ന വള്ളമാണു അപകടത്തിൽ പെട്ടത്. അഴീക്കൽ സ്വദേശി കണ്ണൻ (58) കാണാതായ. കണ്ണനൊടൊപ്പം വള്ളത്തിലുണ്ടായിരുന്ന മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. തൃക്കു പ്പുഴ സ്വദേശിയുടെ ശ്രീ ധർമശാസ്ത എന്ന വള്ളമാണു ഇടിച്ചത് പൊഴിക്ക് സമീപം പുലർച്ചെ 5.30 ന് ആയിരുന്നു സംഭവം കണ്ണനായി തിരച്ചിൽ നടക്കുന്നു
എ ശങ്കു സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉൽഘാടനം
ഓച്ചിറ : മനസ്സ് കൊണ്ട് ജനങ്ങളെ സ്നേഹിക്കുകയും അവരുടെ അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന മഹാപ്രതിഭ ആയിരുന്നു എ ശങ്കു എന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. നാടകം നടിച്ച് കൊണ്ടുള്ള പ്രവർത്തനമല്ല അദ്ദേഹത്തിന്റേത്. ആലപ്പാടിന്റെ ആദ്യ കാല വികസന പ്രവർത്തനങ്ങളിൽ മാർഗ്ഗ ദർശി ആയിരുന്നു അദ്ദേഹമെന്നും ധീവര സഭയുടെ പ്രസിഡന്റ് ആയിരിക്കുമ്പോഴും ശ്രീ നാരായണീയ ദർശനങ്ങളിൽ മുൻ തൂക്കം നൽകിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആലപ്പാട്
അഴീക്കൺ പാലം ജംഗ്ഷനിൽ വെച്ച് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
യു. ഉല്ലാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ ശങ്കു സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉൽഘാടന കർമ്മം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് ബേയുടേയും വെയിറ്റിംഗ് ഷെഡിൻ്റെയും ഉൽഘാടനം സി.ആർ മഹേഷ് എം.എൽ. എ യും നിർവ്വഹിച്ചു
എ ശങ്കുവിൻ്റെ ഫോട്ടോ അനാശ്ചാദനം ഓച്ചിറ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി അഡ്വ കെ ഗോപിനാഥനും നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻന്മാരായ എം.സോളമൻ നെറ്റോ, ടി ലീലാ ഭായി, ജി രാജദാസ് ,ആർ രാജ പ്രിയൻ,
പി സെലീന. മുൻ വാർഡ് മെമ്പർ ആർ ബേബി എന്നിവരെ കെ.സി വേണുഗോപാൽ എം.പി ആദരിച്ചു.
ഭക്തദർശൻ ശങ്കു സ്വാഗതം ആശംസിച്ചു.ചടങ്ങിന് ആശംസയർപ്പിച്ച്
ടി. ഷൈമ, നിഷ അജയകുമാർ, ഷെർളി ശ്രീകുമാർ ,എസ്സ് ഷിജി, ഹജിത, മായ അഭിലാഷ്, വാലേൽ പ്രേമചന്ദ്രൻ, സി ബേബി ,എൻ ബിജു ഷിബു പഴനിക്കുട്ടി, പ്രേംകൂമാർ, ഡി പ്രസാദ്, ആർ ജയ മോൻ എന്നിവർ പ്രസംഗിച്ചു
ഇ-ഗവേണൻസിൽ തഴവ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാമത്
കരുനാഗപ്പള്ളി; കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം
(ഐ.എൽ.ജീ.എം.എസ്)ഉപയോഗിച്ചുള്ള പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് തഴവക്ക് കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. സ്തുത്യർഹമായ രീതിയിൽ ഐ.എൽ.ജി.എം.എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി ഫയലുകൾ കൈകാര്യം ചെയ്യുകയും ഫയലുക സമയബന്ധിതമായി തീർപ്പാക്കുകയും
പൊതുജനങ്ങൾക്ക് സേവനം കൃത്യതയോടെ നൽകിയ തഴവ ഗ്രാമപഞ്ചായത്തിനെ കൊല്ലം ജയൻ സ്മാരക ഹാളിൽ കൂടിയ ചടങ്ങിൽ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.