കുന്നത്തൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം:കമ്പിവടി കൊണ്ട് തലയിലും പുറത്തും കഴുത്തിലും അടിച്ചു;അടിവയറ്റിലും നാഭിയിലും ചവിട്ടി ;കമ്പു കൊണ്ട് മുഖത്തും കഴുത്തിലും കുത്തി
കുന്നത്തൂർ:കുന്നത്തൂർ നെടിയവിള സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.ഇടയ്ക്കാട് തെക്ക് കലതിവിള വീട്ടിൽ ആരോമൽ(16) നാണ് മർദ്ദനമേറ്റത്.പരിക്കേറ്റ വിദ്യാർത്ഥിയെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ ഇന്ന് (ബുധന്‍)പകൽ 2 ഓടെയാണ് സംഭവം.സ്ക്കൂളിന്റെ മുമ്പിൽ നിൽക്കുകയായിരുന്ന ആരോമലിനെ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് രണ്ട് സിനീയർ വിദ്യാർത്ഥികൾ കൂട്ടിക്കൊണ്ട് പോയി ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിനു സമീപം വച്ച് മർദ്ദിക്കുകയുമായിരുന്നു.ഈ സമയം ഇവിടേക്ക് എത്തിയ കണ്ടാലറിയാവുന്ന മറ്റ് 6 വിദ്യാർത്ഥികൾ കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.തലയിലും കഴുത്തിലും പുറത്തും കൈയ്ക്കുമെല്ലാം അടിയേറ്റു.കുഴഞ്ഞ് വീണപ്പോൾ നാഭിയിലും അടിവയറ്റിലും ചവിട്ടുകയും വടി കൊണ്ട് മുഖത്ത് കുത്തുകയും ചെയ്തതായി ശാസ്താംകോട്ട
പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അവശനായി കിടന്ന കുട്ടിയെ ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഭരണിക്കാവ് ടൗണിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു.കുന്നത്തൂർ താലൂക്കിലെ വിവിധ സ്കൂളുകളിലെ കുട്ടികളാണ് പതിവായി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘട്ടനത്തിൽ ഏർപ്പെടുന്നത്.
എന്നാൽ പോലീസ് കൃത്യമായി ഇടപെടാത്തതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാൽ വിദ്യാർത്ഥികളിലെ അമിത ലഹരി ഉപയോഗമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
റാഗിംങ് പോലുള്ള കുറ്റകൃത്യത്തിന് ശക്തമായ ശിക്ഷക്ക് വകുപ്പുണ്ടെങ്കിലും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ എന്ന നിലയിലുള്ള ഇളവും രക്ഷിതാക്കളെ വിളിച്ചുവരുത്തിയുള്ള മുന്നറിയിപ്പിലും കേസ് ഒതുങ്ങുകയാണ് പതിവ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും സ്കൂളുകള്‍ക്കും ഭരണകൂടത്തിനും ഉത്തരവാദിത്വമില്ല എന്നത് പുതിയ സാമൂഹികപ്രശ്നമായിട്ടുണ്ട്.