ശൂരനാട്. കടം വാങ്ങിയ പതിനായിരം രൂപയുമായി പലിശ അടച്ച് ലോണ്‍ പുതുക്കാന്‍ പാടുപെട്ട് ബാങ്കിന്റൈ പടി കയറിയ വസന്ത അറിഞ്ഞില്ല അവിടെ തന്നെ കാത്ത് ഒരു സര്‍പ്രൈസ് റെഡിയാണെന്ന്.കേരളാ ബാങ്ക് ശൂരനാട് ബ്രാഞ്ചിലെ ജീവനക്കാര്‍ പക്ഷേ ആ സാധു സ്ത്രീക്കായി അവരുടെ ആധാരം മടക്കി നല്‍കാനായി കരുതിയിരുന്നു.
പടിഞ്ഞാറ്റം കിഴക്ക് സ്വദേശി വസന്തയാണ് കിടപ്പാടമായ അഞ്ചു സെന്‌റ് പണയം വച്ച് 2010ല്‍ അരലക്ഷം രൂപയുടെ ലോണ്‍ എടുത്തത്. അത് 2016ല്‍ പുതുക്കി പിന്നെ 2021ല്‍ കാലാവധി കഴിഞ്ഞു. ഭര്‍ത്താവ് മരിച്ചതോടെ ആധാരം ബാങ്കില്‍ നിന്നും എടുക്കാന്‍ അവര്‍ക്കായില്ല. 42000 രൂപ മുതല്‍ ബാക്കി നില്‍ക്കുന്ന നില. വസന്ത ഇളവിനുവേണ്ടി നടത്തിയ ശ്രമങ്ങളില്‍ പലിശ ഇളവ് അനുവദിച്ചു.
പക്ഷേ മുതല്‍ അവരെ സംബന്ധിച്ച് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല.തീരുമാനമില്ലാതെ അത് നീണ്ടുപോയി. ഈ അവസ്ഥയിലാണ് ബ്രാഞ്ച് മാനേജര്‍ സുഭാ കുറിശേരിയുടെ നേതൃത്വത്തില്‍ ജീവനക്കാരും മുന്‍ ജീവനക്കാരും അപൂര്‍വം സന്മനസുള്ള നാട്ടുകാരും സഹകരിച്ച് ആ പണം സമാഹരിച്ചത്. വസന്ത സമാഹരിച്ച പതിനായിരം കഴിച്ചുള്ള തുക അവര്‍ അടയ്ക്കുകയായിരുന്നു. ആധാരം കൈയിലെത്തിയപ്പോള്‍ വസന്ത തേങ്ങിപ്പോയി. ഏരിയാ മാനേജര്‍ കൃഷ്ണകുമാറിന്‍റെ സാന്നിധ്യത്തില്‍ ബ്രാഞ്ച് മാനേജര്‍ ആധാരം വസന്തക്ക് കൈമാറി.