ശാസ്താംനട : പോരുവഴി കമ്പലടിയിൽ വൃദ്ധമാതാവിനും യുവതിക്കും മകനും നടുറോഡിൽ ആക്രമണം നേരിട്ട സംഭവത്തിൽ ശൂരനാട് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് റൂറൽ എസ്.പിക്ക് പരാതി.യുവതിയുടെ രണ്ടാം ഭർത്താവ് കമ്പലടി സ്വദേശിയാണ് ആക്രമണത്തിനു പിന്നിലെന്ന് പരാതിയിൽ പറയുന്നു.
പോരുവഴി അർച്ചന ഭവനത്തിൽ ദർശനാംബിക(65),മകൾ അർച്ചന,കൊച്ചു മകൻ അർജുൻ കൃഷ്ണൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.കമ്പലടി എൽ.പി സ്കൂളിനും പള്ളിയറ ക്ഷേത്രത്തിനും മദ്ധ്യേ വച്ച് ഈ മാസം നവംബർ 7നാണ് സംഭവം നടന്നത്. രണ്ടാം ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയും മാതാവും കൂടി ഇരുചക്ര വാഹനത്തിൽ വരുമ്പോൾ തടഞ്ഞു നിർത്തി മുഖത്ത് അടിച്ചതായും വാഹനത്തിൽ നിന്നും തള്ളി താഴെ ഇട്ടതായും സംഭവം കണ്ടു തടയാൻ ശ്രമിച്ച ചെറുമകനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.തുടർന്ന് ഇവർ പോലിസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ച ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ സംഭവത്തിൽ ശൂരനാട് പോലിസ് ഗുരുതരമായ വീഴ്ച വരുത്തിയതായും രാത്രി സ്റ്റേഷനിൽ വിളിപ്പിച്ചു മൊഴി എടുത്തതായും സ്ത്രീകൾ എന്ന പരിഗണന നൽകിയില്ലെന്നും ഇവർ പറയുന്നു.പ്രതികളെ ശൂരനാട് പോലിസ് സംരക്ഷിക്കുന്നതായി ആരോപിച്ചാണ് ഇവർ എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.2021ലാണ് ഇവരുടെ വിവാഹം നടന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയതാണെന്ന് തങ്ങളെ
തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഒരു മകനുള്ള അർച്ചനയെ വിവാഹം കഴിച്ചതെന്ന് പരാതിയിൽ പറയുന്നു.സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.കഴിഞ്ഞ ഓണത്തിനും അതിനു ശേഷവും നിരവധി തവണ മർദ്ദിച്ചു.തടയാൻ ശ്രമിക്കുമ്പോൾ യുവതിയുടെ മാതാവിനെയും മകനെയും മർദ്ദിക്കാറുണ്ടത്രേ.പീഡനം സഹിക്കവയ്യാതെ ഇവർ ശാസ്താംനടയിലുള്ള വീട്ടിലേക്ക് മാറുകയായിരുന്നു.എന്നാൽ ഇവിടെയെത്തിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.