ജില്ലയില്‍ വിപുലമായ പരിപാടികളോടെ ശിശുദിനാഘോഷം
നഗരവീഥികളെ വര്‍ണാഭമാക്കി കുട്ടികളുടെ റാലി
കൊല്ലം.ജില്ലാ ശിശുക്ഷേമസമിതി, ജില്ല ഭരണകൂടം, എന്‍.എസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരവീഥികളെ വര്‍ണാഭമാക്കിയ ഘോഷയാത്രയടക്കം വിപുലമായ പരിപാടികളോടെ ജില്ലയില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
രാവിലെ ഒമ്പതിന് സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ പദവികളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ റാലിക്ക് നേതൃത്വം നല്‍കി. ലഹരി വിമുക്ത സന്ദേശങ്ങള്‍ അടങ്ങിയ ബാഡ്ജുകള്‍ ധരിച്ചാണ് അണിനിരന്നത്. ലഹരി വിമുക്ത സന്ദേശവുമായി വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ് നടന്നു.
സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ അവസാനിച്ച റാലിക്ക് ശേഷം നടന്ന സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നദീം ഇഹ്സാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് എ. നേഹ അധ്യക്ഷയായി. സ്പീക്കര്‍ എസ്. അനഘ മുഖ്യപ്രഭാഷണം നടത്തി. എം. മുകേഷ് എം.എല്‍.എ ശിശുദിനസന്ദേശം നല്‍കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടന്നു.
സി.ഡബ്ല്യു.സി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ ഡി. ഷൈന്‍ ദേവ്, സെക്രട്ടറി ബാലന്‍, എന്‍.സി.സി, എസ്.പി.സി, റെഡ് ക്രോസ്, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, ശിശുക്ഷേമ സമിതി അധികൃതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മനുഷ്യാവകാശ കമ്മീഷൻ കൊല്ലം സിറ്റിംഗ് നാളെ (15/11/2022)
കൊല്ലം: മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നാളെ (15/11/2022) രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹauസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു
സഹോദാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തെന്മല: സഹോദാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ഇടമൺ ചെറുതന്നൂർ സഞ്ജയ് ഭവനിൽ സജികുമാർ (53) നെയാണ് അറസ്റ്റ് ചെയ്തത്. സഹോദരനായ ചന്ദ്രബാബുവിനെയാണ് ഇയാൾ വെട്ടിയത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അതിർത്തിത്തർക്കം മൂലമുള്ള വിരോധം നിമിത്തമാണ് ഇയാൾ സഹോദരനായ ചന്ദ്രബാബുവിനെ കൊടുവാൾ കൊണ്ട് തലക്ക് പിന്നിലായി വെട്ടിയത്. തെന്മല എസ്.എച്ച്.ഒ ശ്യം കെ, എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒ സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബാത്ത് റൂം ഫിറ്റിങ്‌സുകൾ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കൊട്ടാരക്കര: മേലില കരിക്കത്ത് ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി ബാത്‌റൂമിൽ സ്ഥാപിച്ചിരുന്ന ഫ്ലെഷ് ടാപ് , പൈപ്പുകൾ, പൈപ്പ് ഫിറ്റിങ്‌സുകൾ , ടാപ്പുകൾ , വീടിന്റെ ചുറ്റും ഉണ്ടായിരുന്ന പൈപ്പ് ഫിറ്റിങ്‌സുകളും , ടാപ്പുകളും മോഷണം നടത്തിയ പ്രതികളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. അലി മുക്ക് തൈക്കാവിനു സമീപം തൊട്ടുപുരക്കൽ വീട്ടിൽ അജ്മൽ (51), തുരിത്തിലമ്പലം കുളക്കട മുകളും പുറത്ത് പുത്തൻ വീട്ടിൽ രഞ്ജിത്ത് കുമാർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്‌പെക്ടർ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, എസ്.ഐ ഗോപകുമാർ, എസ്.ഐ സുദർശൻ, സി.പി.ഒ ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അനധികൃതമായി വില്പന നടത്തിയ
പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു
ചാത്തന്നൂർ : അനധികൃതമായി വിതരണം നടത്തി കൊണ്ടിരുന്ന പാചക വാതക സിലിണ്ടറുകൾ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാറും സംഘവും പിടിച്ചെടുത്തു. 93 സിലിണ്ടറുകളും ഇതു കയറ്റി വന്ന വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കല്ലുവാതുക്കൽ ജംഗ്ഷന് സമീപം നടയ്ക്കൽ റോഡിൽ ഇന്നലെ പകൽ പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 50 സിലിണ്ടറുകളും ടോട്ടൽ എന്ന സ്വകാര്യ കമ്പിനിയുടെ 43 സിലിണ്ടറുകളുമാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്ന മുഖത്തല കിഴവൂർ സ്വദേശി സജാദ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ജില്ലാ സപ്ലൈ ഓഫീസറുടെ നിർദേശപ്രകാരം മഹസ്സർ തയാറാക്കിയ ശേഷം വാഹനം പാരിപ്പള്ളി പോലീസിന് കൈമാറി. സിലിണ്ടറുകൾ ഐ ഒ സി ഏജന്റിന്റെ ശ്രീരാമപുരത്തെ ഗോഡൗണിലേയ്ക്ക് മാറ്റി.
അനധികൃതമായി പാചക വാതക സിലിണ്ടറുകൾ വിതരണം നടന്നു വരുന്നുണ്ടെന്ന് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിലിണ്ടറുകൾ പിടികൂടിയത്. വാഹനത്തിൽ നിന്നും വ്യാജ ബില്ലുകളും കണ്ടെടുത്തു. കൊട്ടിയത്തേയും അഞ്ചലിലേയും സ്വകാര്യ ഗ്യാസ് ഏജൻസികളുടെ പേരിലുള്ളതാണ് ബില്ലുകൾ. ബില്ലിൽ ജി എസ് ടി രേഖപ്പെടുത്തിയിട്ടില്ല. അംഗീകൃത ഗ്യാസ് ഏജൻസികളുടെ വിതരണ വിലയിൽ നിന്നും മുന്നൂറോളം രൂപ കുറച്ചാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, കോരാണി, ചിറയിൻകീഴ്, കല്ലമ്പലം പ്രദേശങ്ങളിൽ വിതരണം ചെയ്യാനാണ് സിലിണ്ടറുകൾ കൊണ്ടുപോയത്. ഏജൻസിയുടെ വിതരണ മേഖലയ്ക്ക് പുറത്ത് വിതരണം ചെയ്യുന്നതും ഒന്നിലധികം കമ്പിനികളുടെ സിലിണ്ടറുകൾ ഒന്നിച്ചു കൊണ്ടുപോകുന്നതും പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധമാണ്. ഒപ്പം അനധികൃത ബില്ലുകളും അനധികൃത വിതരണവും. കസ്റ്റഡിയിലെടുത്ത സജാദിനെ കോടതിയിൽ ഹാജരാക്കും.
താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. പ്രശാന്ത്, ആർ രഞ്ജു ജേക്കബ്, രജനി ദേവി.എസ്. ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തത്.
ഭാര്യയെ ചീത്തവിളിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തി
കുന്നിക്കോട് : ഭാര്യയെ ചീത്തവിളിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. തലവൂർ കുര ലക്ഷം വീട് ഏയ്ഞ്ചൽ നിവാസിൽ റോബിൻ എന്ന ജോയി മോനാ(37)ണ് അറസ്റ്റിലായത്. അയല്‍വാസിയായ വിനോദ് ഭവനിൽ വിനോദിനെയാണ് ആക്രമിച്ചത്. ഞയറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
വിനോദിന്റെ ഭാര്യയെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു. കുന്നിക്കോട് എസ്.എച്ച്.ഒ എം.അൻവർ, എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ ബാബുരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു
കരുനാഗപ്പള്ളി സബ് ജില്ലാ കലോല്‍സവത്തിന് തുടക്കമായി
കരുനാഗപ്പള്ളി. സബ് ജില്ലാ കലോല്‍സവത്തിന് തുടക്കമായി.തഴവ ആദിത്യ വിലാസം ഗവൺമെൻ്റ് ഹൈസ്കൂളിൽ വെച്ചാണ് കലാമൽസരങ്ങൾ നടക്കുന്നത്.കോവിഡ് കാലത്തിന് ശേഷം നടക്കുന്ന കലാമൽസരത്തിന് വിദ്യാർത്ഥികളുടെ വലിയ പങ്കാണ് പ്രകടമാകുന്നത്
സിആര്‍. മഹേഷ്എംഎല്‍എയും ഓച്ചിറ ബ്ലോക്ക് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രനും ചേർന്ന് കലോൽസവത്തിന് ഭദ്രദീപം തെളിയിച്ചു.
ജില്ലാ പഞ്ചായത്തംഗം അനിൽ ട കല്ലേലിഭാഗം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു./AE0 ശ്രീലത വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി കൺവീനർ വഹീദ പതാകയുയർത്തി. ആറ് വേദികളിലായി നാല് ദിവസം കലോൽസവം നീണ്ട് നിൽക്കും.
കർഷകന് സബ്സിഡി നൽകിയില്ല : ബാങ്കിനെതിരെ
അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൊല്ലം :- ക്ഷീരവികസന പദ്ധതി പ്രകാരം അനുവദിച്ച 3 ലക്ഷം രൂപയുടെ വായ്പക്ക് സബ്സിഡി നൽകിയില്ലെന്ന കർഷകന്റെ പരാതിയിൽ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ.
ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. നബാർഡ് സമർപ്പിച്ച വിശദീകരണം സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.
കൊട്ടാരക്കര പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിനെതിരെ നെടുമൺകാവ് കുടിക്കോട് സ്വദേശി സൂര്യകാന്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ബാങ്ക് നടപ്പിലാക്കിയ ഡയറി സ്കീമിൽ 3 ലക്ഷം രൂപ പരാതിക്കാരന് അനുവദിച്ചിരുന്നതായി ബാങ്കിന്റെ കൃഷി ഓഫീസർ കമ്മീഷനെ അറിയിച്ചു.
എന്നാൽ നബാർഡ് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്കിന്റെ വാദഗതികൾ ശരിയല്ലെന്ന് പറയുന്നു. വായ്പ അനുവദിച്ച് രണ്ടു മാസത്തിനുള്ളിൽ ബാങ്ക് നബാർഡ് റീജിയണൽ ഓഫീസിൽ സബ്സിഡി തുകയ്ക്കായി അപേക്ഷ നൽകണമായിരുന്നു. എന്നാൽ പരാതിക്കാരന് സബ്സിഡി അനുവദിക്കാൻ ബാങ്ക് അപേക്ഷ നൽകിയിട്ടില്ല. ഇതു സംബന്ധിച്ച് നിലവിലുള്ള രേഖകളും നബാർഡ് സമർപ്പിച്ചു. തുടർന്നാണ് കമ്മീഷൻ ബാങ്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുതുപിലാക്കാട്ടെ കശുവണ്ടി ഫാക്ടറിയിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
മുതുപിലാക്കാട് : മുതുപിലാക്കാട് കിഴക്ക് സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിയിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പശ്ചിമ ബംഗാൾ സ്വദേശി ജഗാംഗീർ (19) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് ഫാകടറിയിലെ ഷെഡിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ മറ്റ് തൊഴിലാളികൾ കണ്ടത്.കട്ടിംങ് വിഭാഗത്തിൽ തൊഴിലാളിയായിരുന്നു.
ആറ് മാസം മുമ്പാണ് യുവാവ് ഇവിടെ ജോലിക്കായി എത്തിയത്.ഇയ്യാളുടെ സഹോദരൻ ചിറ്റുമല ഓണമ്പലം ഫാക്ടറിയിൽ തൊഴിലാളിയാണ്.
ശാസ്താംകോട്ട പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ചൊവ്വാഴ്ച സ്വദേശത്തേക്ക് മൃതദേഹം കൊണ്ട് പോകും.
ജവഹർലാൻ നെഹ്റു ജന്മദിനം : വ്യദ്ധ സദനത്തിൽ
മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിൽ . നെഹ്റു ജന്മദിന ആഘോഷം. കുടുംബശ്രീയും ജനപ്രതിനിധികളും ചേർന്ന് മൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനാഥരുടെ ആശാ കേന്ദ്രമായ 'ഫാ. മനോജ് നേത്യത്വം നൽകുന്ന സ്നേഹനിലയം ചാരിറ്റബിൾ ട്രെസ്റ്റ് ലെ അനാഥർക്കൊപ്പം. ഭക്ഷണം കഴിച്ചും കഥ പറഞ്ഞും സമയം ചിലവഴിച്ചു. ചടങ്ങിൽ ശാന്തമ്മ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് . പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ . ലാലി ബാബു .രാധിക ഓമനക്കുട്ടൻ . ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്രൻ . സെകട്ടറി . സിദ്ധിഖ് . എഡിഎസ്. പ്രസിഡന്റ് ജിജി സജി. സെക്രട്ടറി .രമണി. വേലുമാസ്റ്റർ. രജു. സുധർമ്മ ലിജു. രജനി. സിനി എന്നിവർ പങ്കെടുത്തു.