ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ പ്രതികൾ ചവറയില്‍ പിടിയിൽ

Advertisement

ചവറ.ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത പ്രതികൾ പോലീസ് പിടിയിൽ. തൃശൂർ തലപ്പള്ളി മണലിത്തറ വില്ലേജിൽ കണ്ടരത്ത് ഹൗസിൽ രാജേഷ് (46), തൃശൂർ അരനാട്ടുകര വില്ലേജിൽ പാലിശ്ശേരി ഹൗസിൽ ഷിജോപോൾ(45) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. പന്മന വില്ലേജിൽ മനയിൽ മുറിയിൽ തയ്യിൽ വീട്ടിൽ മാക്‌സ്‌വെൽ ഐജു ജയിംസിന്റെ പക്കൽ നിന്നും 2022 മുതൽ 2021 വരെയുള്ള കാലയളവിൽ 41,50,000 നാൽപ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരം) രൂപ അമിതാദായം നൽകാമെന്ന് വാഗ്ദാനം ചെയ്തു കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.

ചവറ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികൾ കേരളത്തിൽ സമാനരീതിയിൽ പലരെയും കബളിപ്പിച്ചു കോടികൾ തട്ടിയെടുത്തതായി മനസിലായത്. ചവറ പോലീസിന്റെ അന്വേഷണത്തിൽ ഇരുവർക്കുമെതിരെ 15 കേസുകൾ ഉണ്ടെന്നും നിലവിൽ തൃശൂർ ഈസ്റ്റ് പോലീസ് സമാനമായ തട്ടിപ്പുകേസിൽ ഇവരെ അറസ്റ്റ് ചെയ്തതായി മനസിലാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

കൊല്ലം ജില്ലയിൽ ഇവർ ക്രിപ്‌ടോ കറൻസിയുടെ പേരിൽ മറ്റു തട്ടിപ്പു നടത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ചവറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ നൗഫൽ എഎസ്‌ഐ ഷാൽ വിനായകൻ, എസ്.സി.പി.ഒ മാരായ തമ്പി, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു വിയ്യൂർ സെൺട്രൽ ജയിലിലേക്ക് അയച്ചു.

Advertisement