കരസേന റിക്രൂട്ട്‌മെന്റ് റാലി: കൊല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ണം

Advertisement

കൊല്ലം.ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നാളെ (നവംബര്‍ 17) ആരംഭിക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ണം. രാവിലെ 6.30ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റിക്രൂട്ട്‌മെന്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടവും മറ്റ് വകുപ്പുകളും റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പിന് സജ്ജമാണെന്ന് അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ അറിയിച്ചു.


ഉദ്യോഗാര്‍ഥികള്‍ക്ക് വൈദ്യസഹായത്തിനായി ഡോക്ടറുടെ സേവനം, കുടിവെള്ളം, താമസം, ബയോടോയ്‌ലറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കി. ഗതാഗതനിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെ നാലു മണി മുതല്‍ പ്രവേശനം അനുവദിക്കും.

ആദ്യദിനവും രണ്ടാം ദിനവും 2000 പേര്‍ക്ക് വീതമാണ് കായികക്ഷമത-മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയിപ്പ് നല്‍കിയതനുസരിച്ച് പ്രവേശനം നല്‍കും. 37,000 പേരാണ് റിക്രൂട്ട്‌മെന്റ് റാലിക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരിശോധനകള്‍ വിലയിരുത്താന്‍ കലക്ടര്‍ക്കൊപ്പം എ. ഡി. എം. ആര്‍. ബീനാറാണി, ഹുസൂര്‍ ശിരസ്തദാര്‍ ബി. പി. അനി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Advertisement