മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി
ബോചെ ഖത്തര്‍ ലോകകപ്പ് യാത്ര നാളെ കൊല്ലത്ത്
മറഡോണയുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോചെ, മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായുള്ള യാത്ര നാളെ കൊല്ലത്ത് കോളേജുകളിൽ എത്തും വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കുചേരും. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം. കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജില്‍ രാവിലെ 9.30 മണിക്ക് രണ്ടാം ദിവസ യാത്ര ആരംഭിക്കും.തുടർന്ന് എസ്.എൻ വിമൻസ് കോളേജ്,ബിഷപ്പ് ജെറോം കോളേജ് എന്നീ കോളേജുകളിൽ
യാത്ര എത്തും
മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.
ഒരിക്കല്‍ തന്റെ ആത്മസുഹൃത്തായ മറഡോണക്ക് സ്വര്‍ണഫുട്‌ബോള്‍ സമ്മാനിച്ച അവസരത്തില്‍ തന്റെ പ്രശസ്തമായ ”ദൈവത്തിന്റെ കൈ” ഗോളടിക്കുന്ന ഒരു പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചു നല്‍കാമോയെന്ന് മറഡോണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ബോചെ അത് ചെയ്ത് നല്‍കിയില്ല. ആ കുറ്റബോധം ബോചെക്ക് ഇപ്പോഴുമുണ്ട്.
അതിനാലാണ് സ്വര്‍ണത്തില്‍ തീര്‍ത്ത മറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍ ശില്‍പ്പവുമായി ബോചെ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി യാത്ര തിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ട് തന്റെ ഫുട്‌ബോള്‍ ജീവിതവും ആരോഗ്യവും സമ്പത്തും എല്ലാം നശിച്ചെന്നും അതില്‍ കുറ്റബോധം ഉണ്ടെന്നും വരും തലമുറ എങ്കിലും ഈ വിപത്തില്‍ നശിച്ച് പോകരുതെന്നും മറഡോണ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി വരും തലമുറയെ ലഹരിമുക്തരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ആഗ്രഹം ബോചെയോട് പ്രകടിപ്പിച്ചിരുന്നു. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ’10 കോടി ഗോള്‍’ അടിച്ചും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നു.
ഇന്ത്യയിലെ എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുക എന്നത്. ഇക്കാര്യം മറഡോണയെ അറിയിച്ചപ്പോള്‍ ബോചെയുടെ ആഗ്രഹം സാധിക്കുന്നതിനായി എഎഫ്എഎഫ്ടിഐ (അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി ഫുട്‌ബോള്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) മായി സഹകരിച്ച് അന്താരാഷ്ട്ര പരിശീലകരുടെ സേവനം ലഭ്യമാക്കാമെന്ന് മറഡോണ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ്, മികച്ച ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കുന്നതിനായി എഎഫ്എഎഫ്ടിഐ യുടെ സഹകരണത്തോടെയുള്ള പദ്ധതി ബോചെ ആസൂത്രണം ചെയ്യുന്നത്.
പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ hi നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം 26ന്
കൊല്ലം.അഷ്ടമുടി കായലിൽ26ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ സംഘടിപ്പിക്കും. കൊല്ലം ബോട്ട്ജെട്ടിക്ക് സമീപത്തെ വേദിയിൽ ചൊവ്വ വൈകിട്ട് അഞ്ചിന് ലോകത്തെ വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ അഡ്വ. ജിതേഷ്ജി കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് മെഗാതിരുവാതിര, ഫ്ലാഷ് മോബ്, നൃത്ത നൃത്തങ്ങൾ എന്നിവ നടക്കും. തുടർ ദിവസങ്ങളിൽ ഗാനമേള, കവിയരങ്ങ്, കഥാപ്രസംഗം, ലഹരി വിരുദ്ധ പരിപാടികൾ, സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.
(ഫോൺ: 9447589210)
മണ്ണൂര്‍ക്കാവില്‍ ഗുരുദക്ഷിണ കഥകളി നാളെ
മൈനാഗപ്പള്ളി. മണ്ണൂര്‍ക്കാവില്‍ നീണ്ട ഇടവേളയ്ക്ക്‌ശേഷം ഗുരുദക്ഷിണ കഥകളി നാളെ(ചൊവ്വ)വൈകിട്ട് 5.30മുതല്‍ നടക്കും.
പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗം അതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളിയില്‍ 30ല്‍പരം കലാകാരന്മാര്‍ പങ്കെടുിക്കുന്നു. ഭാഗവതം ദശമസ്‌കന്ദം 45-ാം അധ്യായത്തെ അടിസ്ഥാനമാക്കികുറിശിമന നാരായണന്‍ നമ്പൂതിരി രചിച്ചതാണ് ഗുരുദക്ഷിണ.
ഇടിയക്കടവില്‍ സ്‌കൂള്‍ബസ് മിനി ലോറിയിലേക്ക് ഇടിച്ചുകയറി, നിരവധി പേര്‍ക്ക് പരിക്ക്
മണ്‍റോതുരുത്തില്‍ വാഹനാപകടം. ഇടിയകടവ് പാലത്തില്‍ സ്‌കൂള്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് ്അപകടം. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ബസും മണ്‍റോതുരുത്തിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെ ലോറിയുമാണ് അപകടത്തില്‍പെട്ടത്.
കുട്ടികളെ വീടുകളില്‍ എത്തിക്കാനായി വന്ന സ്‌കൂള്‍ ബസ് പാലത്തിലേക്ക് ഇറങ്ങുന്നത്തിനിടെ ബ്രേക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മിനിലോറി ഡ്രൈവര്‍ പ്രവീണ്‍, ലോറി തൊഴിലാളികളായ മണിക്ക് റായ്,വികാസ് റായി എന്നിവര്‍ക്ക് പരിക്കുപറ്റി.
കൊല്ലത്തിന് അഭിമാനമായി
മൈനാഗപ്പള്ളിക്കാരൻ മുഹമ്മദ് അദിനാൻ
ശാസ്താംകോട്ട:കാസർഗോഡ് വച്ച് നടന്ന സബ് ജൂനിയർ ജൂഡോ മത്സരത്തിൽ വെങ്കലമഡൽ നേടി കൊല്ലത്തിന് അഭിമാനമായി
മൈനാഗപ്പള്ളിക്കാരൻ മുഹമ്മദ് അദിനാൻ.
മൈനസ് 66 കിലോ വെയിറ്റ് കാറ്റഗറിയിലാണ് മത്സരിച്ചത്. മൈനാഗപ്പള്ളി മീലാദേ ശരീഫ് ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അദിനാൻ.
ശാസ്താംകോട്ട,കുന്നത്തൂർ,പോരുവഴി
സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി കെ.രാജൻ ഡിസംബർ ഒന്നിന് നാടിന് സമർപ്പിക്കും
ശാസ്താംകോട്ട:ശാസ്താംകോട്ട,
കുന്നത്തൂർ,പോരുവഴി
സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഡിസംബർ ഒന്നിന് നിർവഹിക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.രാവിലെ പത്തിന് ശാസ്താംകോട്ട,11ന് പോരുവഴി,12ന് കുന്നത്തൂർ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഒന്നിന് പവിത്രേശ്വരം വില്ലേജ് ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമവും നടക്കും.ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്താണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിക്കുന്നതിന് അനുമതിയായത്.
46 ലക്ഷം വീതമാണ് അനുവദിച്ചത്.സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം നടത്തിയത്.വില്ലേജ് ഓഫീസുകൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്ത് നൽകിയതായി എംഎൽഎ പറഞ്ഞു.ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിൽ കുന്നത്തൂർ,ശാസ്താംകോട്ട,പോരുവഴി എന്നിവിടങ്ങളിൽ വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു.
പോരുവഴി വില്ലേജിലെ ഇടയ്ക്കാട് കോളനി പട്ടയ വിഷയം ,സർക്കാര്‍ പരിപാടി കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നു
പോരുവഴി. തലമുറകളായി ഇടയ്ക്കാട് കോളനിയിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സർക്കാര്‍ പരിപാടി കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നു.
സംസ്ഥാനത്തും ജില്ലയിലും താലൂക്കിലും വിവിധ ജനങ്ങൾക്ക് പട്ടയം നൽകുമ്പോൾ ഒരു വീട് മെയിന്റനൻസ് പോലും വാങ്ങാൻ കഴിയാതെ പോരുവഴി ഇടയ്ക്കാട് കോളനിയിലെ ജനങ്ങൾക്ക് നീതി നിഷേധിക്കുകയാണ് അതിനാൽ ഇടയ്ക്കാട് കോളനിയിലെ ജനങ്ങൾക്ക് പട്ടയം കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണൽ കോൺഗ്രസ് പോരുവഴി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസ് കെട്ടിട ഉത്ഘാടനത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടു നിൽക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. ആകയാൽ പട്ടയ വിതരണത്തിന് ശേഷം വില്ലേജ് ഓഫീസ് ഉത്ഘാടനം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരം ഉണ്ടായിരിക്കുമെന്നും
ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി അറിയിച്ചു
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ശൂരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുന്ദരേശൻ,എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,ഗംഗാദേവി,കെ.പ്രദീപ്,സൗമ്യ, അഞ്ജലി നാഥ്,ബ്ലെസ്സൻ, ദിലീപ്,ശ്രീലക്ഷ്മി,സമദ്,സെക്രട്ടറി സി.ആർ സംഗീത,യൂത്ത് കോഡിനേറ്റർ ജെസ്സി ബസൻ എന്നിവർ പങ്കെടുത്തു.
പതാരം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി
ശാസ്താംകോട്ട: നിയമന തർക്കം മൂലം നാല് ഭരണസമിതി അംഗങ്ങൾ രാജിവച്ച പതാരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി കൊല്ലം സഹകരണ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവായി
ബാങ്കിൽ നിലവിലുണ്ടായിരുന്ന അറ്റൻഡർ,പ്യുൺ. സെയിൽസ്മാൻ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ഭരണസമിതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്.
ടെസ്റ്റ് നടത്തുവാനുള്ള ഏജൻസിയെ പ്രസിഡന്റ് എകപക്ഷീയമായി നിശ്ചയിച്ചു എന്നും ഇൻ്റർവ്യൂവിന് ബോർഡഗംഗങ്ങളെക്കൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയോ ‘ പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ നോട്ടീസ് പോലും നടത്താതെ ഏക പക്ഷീയമായി നാലംഗങ്ങളെ മാത്രം കൂട്ട് പിടിച്ച് രഹസ്യമായി നിയമനം നടത്തി എന്നായിരുന്നു രാജിവച്ച എം.വി ജയരാഘവൻ, ബി.ശിവദാസൻ, വി സുരേന്ദ്രൻ, വി.ലൈലാബീവി എന്നിവർ സഹകരണ ജോയിൻ്റ് രജിസ്ടാർക്ക് നൽകിയ പരാതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നത്
മകൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ താജുദ്ദീൻ എന്ന ബോർഡംഗം നേരത്തേ രാജി വച്ചിരുന്നു.
നിയമനത്തിനെതിരേ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ ജോയിൻ്റ് രജിസ്ട്രാർ അന്വേഷിക്കുവാനും അതുവരെ നിയമനം താൽകാലികം മാത്രമാക്കിയും കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു
നിയമന പരാതിയിൽ ഇടപെട്ട കെപിസിസി പ്രസിഡന്റ് ഇരുകൂട്ടരേയും നേരിട്ട് കേൾക്കുകയും
ബാങ്ക് ഭരണം നഷ്ടമാക്കാതെ പ്രസിഡൻ്റ് രാജിവച്ചൊഴിയാനും പകരം പുതിയ പ്രസിഡൻറിനു വഴിയൊരുക്കാനും ഡി.സി.സി പ്രസിഡന്റ് വഴി നിർദ്ദേശം നൽകി എങ്കിലും തീരുമാനം നടപ്പായില്ല.
ഇതിനിടെ ആദ്യം രാജിവച്ച താജുദീനു പകരം മറ്റൊരാളെ ഭരണ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു.
ഈ നിർദേശം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തുകയും മറ്റു നാലംഗങ്ങൾ രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ബാങ്ക് ഭരണസമിതിയുടെ ക്വാറം നഷ്ടമാവുകയായിരുന്നു
2023 ൽ ശതാബ്ദി ആഘോഷിക്കുന്ന ബാങ്കിൽ നാളിതുവരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഉണ്ടായിരുന്നത്.
ജോയിൻ്റ് രജിസ്ട്രാരുടെ ഉത്തരവിനെ തുടർന്ന് ശാസ്താംകോട്ട സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ സന്തോഷ് കുമാർ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.
കടപ്പാക്കുഴിയിലെ ടാർ മിക്സ്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്
കാരാളിമുക്ക്:പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ജനവാസ മേഖലയായ കടപ്പാക്കുഴിയിലെ ടാർ മിക്സ്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.പടിഞ്ഞാറെ കല്ലട ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലയാറ്റ് മുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.കൊടിക്കുന്നിൽ സുരേഷ് എം.പി മാർച്ച് ഉദ്ഘാടം ചെയ്തു.സമര സമിതി ചെയർമാൻ ഡോ.സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ ഡോ.പി.കെ ഗോപൻ , അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
വൈ.ഷാജഹാൻ,വി.രതീഷ്,സമിതി കൺവീനർ സുഭാഷ്.എസ് കല്ലട,രക്ഷാധികാരി എസ്.ഗോപാലകൃഷ്ണപിള്ള, കോഡിനേറ്റർ ഉണ്ണികൃഷ്ണൻ ,എൻ.യശ്പാൽ,റ്റി.ശശികുമാർ,
വി.അനിൽ,മാധവൻ പിള്ള,സി.കെ ഗോപി,ഉല്ലാസ് കോവൂർ,ഉഷാലയം ശിവരാജൻ,ത്രിദീപ് കുമാർ, എ.കൃഷ്ണകുമാർ,സുരേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഭരണിക്കാവിൽ നിന്നും ശാസ്താംകോട്ടയിലേക്ക് ലോകകപ്പ് വിളംബര റാലി
ശാസ്താംകോട്ട ടേക്ക് ഓഫ് ഫുട്ബോൾ അക്കാദമിയുടെയും, ഫുട്ബോൾ പ്രേമികളുടെയും നേതൃത്വത്തിൽ ഭരണിക്കാവിൽ നിന്നും ശാസ്താംകോട്ടയിലേക്ക് ലോകകപ്പ് വിളംബര റാലി നടത്തി, ഭരണിക്കാവിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ഫുട്ബോൾ ആരാധകർ വിവിധ രാജ്യങ്ങളുടെ ജേഴ്സിയും തൊപ്പിയും കൊടികളുമായി അണിനിരന്നു. റാലി കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു, കൊല്ലം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോക്ടർ പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, വാർഡ് അംഗം രജനി, ടേക്ക് ഓഫ് ഡയറക്ടർ എം.കെ രാജു, ബി സി പിള്ള വ്യാപാരി വ്യവസായി സെക്രട്ടറി എ. നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു. ലഹരിക്കെ തിരായി നടന്ന ഗോൾ ചലഞ്ച് ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ അനീഷ് ഉദ്ഘാടനം ചെയ്തു.ഷൈൻ സലാം, എസ് ദിലീപ് കുമാർ, റഷീദ്, നിസാം എന്നിവർ നേതൃത്വം നൽകി.
കേരഫെഡിലെ പുറംവാതിൽ നിയമനം അനുവദിക്കില്ല ബി എം എസ്.
കരുനാഗപ്പള്ളി. സ്വന്തക്കാരേയും ബന്ധുക്കളേയും പുറംവാതിലിൽ കൂടി തിരുകി കയറ്റാനുള്ള കേരഫെഡിൻ്റെ മാനേജുമെൻ്റിൻ്റെ
ശ്രമം അനുവദിക്കുക ഇല്ലെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ശിവജി സുദർശനർ പറഞ്ഞു.കേരഫെഡിലെ പിൻവാതിൽ നിയമനത്തിനും, തൊഴിലാളി ദ്രോഹനടപടികൾക്കുമെതിരെ പുതിയകാവിലെ ഫാക്ടറിപടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുക ആയിരുനു ശിവജി സുദർശൻ.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണ്.സെക്രട്ടേറിയറ്റിലും, കോർപ്പറേഷനുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും എല്ലാം പി എസ് സി യെ നോക്കുകുത്തി ആക്കി പാർട്ടിക്കാരേയും, ബന്ധുധുക്കളേയും തിരുകി കയറ്റുന്നു.
കേരളത്തിൽ മാറി മാറി ഭരിച്ച മുന്നണികൾ കേരളത്തെകടക്കെണിയിലാക്കി.
പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറയുന്ന പാർട്ടി ഭരിക്കുന്ന കേരഫെഡിലെ തൊഴിലാളികളുടെ വേതനം പരിഷ്കരിച്ചിട്ടില്ല. കേരളത്തിലെ കേരകർഷകരിൽ നിന്നും കൊപ്ര സംഭരിക്കാതെ തമിഴ്നാട്ടിൽ നിന്നും ഏറ്റവും മോശമായ നാളീകേരം സംഭരിച്ച് കേരഫെഡിൽ എത്തിക്കുന്നു. ഇതിനു പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്.50 കോടി ലാഭം മുള്ള കേരഫെഡിലെ തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി എടുക്കുന്നില്ല. ശമ്പള വർദ്ധനവും, ആനുകൂല്യങ്ങളും പാവപ്പെട്ട തൊഴിലാളികൾക്ക്
ലഭ്യമാക്കുന്നില്ല. കെ എസ് ആർ ടി സി, എഫ് എ സിറ്റി, ഷിപ്പിയാർഡ് എന്നിവിടങ്ങളിൽ ബിഎംഎസിൻ്റെ ഇടപെടീൽ മൂലം തൊഴിലാളികൾക്ക് ഏറെ പ്രയാജനം ഉണ്ടാക്കാൻ കഴിഞ്ഞു.കേരഫെഡിലെ മാനേജുമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികൾ സംഘടിക്കണമെന്നും അവർക്കൊപ്പം ബി എം എസ് ഉണ്ടാകുമെന്നും ശിവജി സുദർശനൻ പറഞ്ഞു.
വി. രവികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിമണം ശശി, സുധീഷ്, ആർ.പ്രസന്നൻ, ഓമനക്കുട്ടൻ, സുജിത്ത്, ഗോപാലകൃഷ്ണൻ, അജികുമാർ ,ശ്രീകുമാർ ,കൃഷണകുമാർ, അജീഷ്, ആര്യ, ഉഷ പാടത്ത്, ആർ.പ്രകാശ് എന്നിവർ സംസാരിച്ചു