കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 1 മുതൽ
കൊട്ടാരക്കര: കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 1 മുതൽ 4 വരെ നടക്കും. 3ന് രാവിലെ ബ്ളോക്ക് പഞ്ചായത്ത് സ്വരാജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കേരളോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും. 1 മുതൽ കായിക മത്സരങ്ങൾ ബ്ളോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലായി നടക്കും. 2ന് രാവിലെ 10ന് രചനാ മത്സരങ്ങൾ ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. 3ന് രാവിലെ 10ന് കലാ മത്സരങ്ങൾക്ക് തുടക്കമാകും. 4ന് വൈകിട്ട് സമാപന സമ്മേളനവും സമ്മാന ദാനവും. കേരളോത്സവവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ഇന്നലെ ബ്ളോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
പ്രസിഡന്റ് എം.ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എം.ലീലാമ്മ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും യുവജന സംഘടനാ ചുമതലക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. യുവജനക്ഷേമ ബോർഡും ബ്ളോക്ക് പഞ്ചായത്തുമായി ചേർന്നാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
കൊല്ലം .മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. തൃക്കടവൂർ വില്ലേജിൽ മുരുന്തൽ എം.എം നഗറിൽ രഞ്ജനം വീട്ടിൽ അഭിനവ്(29), കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാർഡിൽ നിർമ്മിതി കോളനിയിൽ തോപ്പിൽ പുരയിടത്തിൽ ഫെലോൺ(27), എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
തങ്കശേരി ഡി ഫോർട്ട് ബാറിൽ മദ്യപിക്കാൻ എത്തിയ പരാതിക്കാരനെ പ്രതികൾ മുൻവിരോധം നിമിത്തം ചീത്ത വിളിച്ചുകൊണ്ട് കൈയ്യിൽ കരുതിയിരുന്ന മാരകായുധവുമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചു നിന്ന പരാതിക്കാരനെ പ്രതികൾ തടഞ്ഞ് നിർത്തി ബിയർകുപ്പി കൊണ്ടും മറ്റ് മാരകായുധങ്ങളുപയോഗിച്ചും തലയിലും കഴുത്തിലും നെഞ്ചിലും മറ്റും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു
സംഭവ ശേഷം സ്ഥലത്ത് നിന്നും കടന്ന് കളയാൻ ശ്രമിച്ച പ്രതികളെ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി അഭിലാഷ് എ, വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ലത്തീഫ്, സി.പി.ഓ മാരായ ഹരീഷ്, ദീപു, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ
കൊട്ടിയം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിൽ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ചാച്ചു എന്ന കിങ്‌സ് (24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 2021 ഒക്‌ടോബർ മുതലുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രണയബന്ധത്തെ പറ്റി മനസ്സിലാക്കി മാതാപിതാക്കൾ പെൺകുട്ടിയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയെങ്കിലും ഇയാൾ വീണ്ടും പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇയാളുമായുളള ബന്ധം തുടരാൻ താൽപ്പര്യം ഇല്ലെന്ന് പെൺകുട്ടി നിരവധി തവണ അറിയിച്ചെങ്കിലും പ്രതി പിൻമാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത കൊട്ടിയം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെകടർ സുജിത്ത് ജി നായർ, സിപിഒ മാരായ പ്രശാന്ത്, സാംജി, ടോണിസ്,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേരുവിവരം പുറത്തു വിടും
പിഴ പതിനായിരം
കൊട്ടാരക്കര. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേരുവിവരം പുറത്ത് വിടുമെന്നു കൊട്ടാരക്കര നഗരസഭ അറിയിച്ചു കഴിഞ്ഞ തവണ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് വിവരം പുറത്തു വിടാഞ്ഞത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ന് കൂടിയ നഗരസഭാ കൗൺസിൽ ഹോട്ടലുകളുടെ പേരുകൾ അറിയിച്ചശേഷം യോഗം കൂടിയാൽ മതിയെന്ന് ബിജെപി, അംഗങ്ങൾ പറഞ്ഞു.
ഹെൽത്ത് ഇൻസ്‌പെക്ടർ ഹോട്ടലുകളുടെ പേരുകൾ വായിച്ചശേഷമാണ് യോഗം തുടങ്ങിയത്.പേരുവിവരം മാധ്യമങ്ങക്ക് നൽകാനും തീരുമാനമായി. ഇനിമുതൽ ഹോട്ടലുകളുടെ പേരുകൾ മാധ്യമങ്ങൾക്ക് നൽകും.പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്കുള്ള പിഴ പതിനായിരം രൂപയാക്കി മൂന്നു തവണ പിടിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യാനും തീരുമാനിച്ചു.
യുവമോര്‍ച്ച നേതാക്കളെ കാര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു
ഇടിച്ച വാഹനം നിര്‍ത്താതെ പോയി സംഭവം പത്തനാപുരത്ത്
പത്തനാപുരം: യുവമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്‍റ് വിഷ്ണുപട്ടത്താനം വൈസ്പ്രസിഡന്‍റ് ദീപുരാജ് എന്നിവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. സംഘടനാ ചടങ്ങുകളായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പത്തനാപുരത്തേക്ക് പോകുമ്പോള്‍ പിടവൂര്‍ ബ്ലോക്ക് പടിക്കല്‍ വച്ചായിരുന്ന് അപകടം.
ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവരെയും പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വധഭീഷണി നേരിടുന്നവരാണ് ജില്ലാ പ്രസിഡന്‍റ് വിഷ്ണുപട്ടത്താനവും വൈസ്പ്രസിഡന്‍റ് ദീപുരാജും
സുനിൽ എം.എൽ ഐ.പി.എസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയുടെ പതിനെട്ടാമത് ജില്ലാ പോലീസ് മേധാവിയായി സുനിൽ എം.എൽ ഐ.പി.എസ് ചുമതലയേറ്റു. റൂറൽ ജില്ലാ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ബി രവി ഐ.പി.എസിൽ നിന്നും ഇന്ന് രാവിലെയാണ് ചുമതലയേറ്റടുത്ത്.
കോഴിക്കോട് റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആയിരുന്നു. കൊല്ലം റൂറൽ എസ് പി യായിരുന്ന കെ ബി രവി ഐ പി എസ് തിരുവനന്തപുരം സ്പെഷ്യൽ സെൽ എസ് പി ആയി നിയമിതനായി.
സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്ര-സങ്കേതിക മേള നവംബര്‍ 25ന്
കുളത്തൂപ്പുഴ. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേളയ്‌ക്കൊരുങ്ങി കുളത്തൂപ്പുഴ. കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നവംബര്‍ 25ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, മുന്‍ മന്ത്രി കെ.രാജു എന്നിവര്‍ വിശിഷ്ടാതിഥികളാകും. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ ടി. പി. ബൈജുഭായ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ (നവംബര്‍ 26) വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനവിതരണവും അനുമോദനവും നടത്തും.
ജില്ലാ സ്കൂൾ കലോത്സവം 28 മുതൽ അഞ്ചലിൽ
അഞ്ചൽ . 61-ാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 28 മുതൽ ഡിസംബർ രണ്ട് അഞ്ചലിൽ നടക്കും. അഞ്ചല്‍ പട്ടണത്തിലെ വിവിധ സ്കൂളുകളില്‍ നടക്കും.
അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,വെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൂടാതെ ബിവിയൂപിഎസ്,ശബരിഗിരി എച്ച് എസ്എസ്,സെന്റ് ജോര്‍ജ്ജ് സെന്‍ട്രല്‍ സ്കൂള്‍ ,ബിഎഡ് സെന്‍റര്‍ ,എന്നിവിടങ്ങളില്‍ സംസ്കൃതം ,അറബിക്,എച്ച് എസ്,
എച്ച് എസ്എസ് യൂപി വിഭാഗങ്ങളിലാണ് മത്സരം.12വേദികളിലായി 141 ഇനങ്ങളില്‍ 6000 മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയുയ്ക്കും.
28ന് ചിത്ര രചനാ മത്സരങ്ങള്‍ നടക്കും.29ന് കലോത്സവംവ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.കലാ മത്സരങ്ങള്‍ മന്ത്രി ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും.
കിഴക്കേ കല്ലടയിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകൻ പിടിയിൽ
കിഴക്കേ കല്ലട(കൊല്ലം): കിഴക്കേ കല്ലടയിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകൻ പിടിയിൽ.കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകൻ പുത്തൂര്‍ സ്വദേശി ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയ്യാളെ കിഴക്കേ കല്ലട സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.പൂര്‍വ്വ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികൾ സ്കൂൾ അധികൃതര്‍ക്ക് പരാതി നൽകിയിരുന്നു.പ്രിൻസിപ്പാൾ ഇത് സി.ഡബ്ലൂ.സിക്കും പൊലീസിനും കൈമാറുകയായിരുന്നു.തുടര്‍ന്ന്
കേസെടുത്ത കിഴക്കേ കല്ലട പൊലീസ് അധ്യാപകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ സ്വച്ഛതാറൺ ക്യാമ്പയിൻ
ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ സ്വച്ഛതാറൺ ക്യാമ്പയിൻ നടന്നു.പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച് സി.എച്ച്.സിയിൽ എത്തി തിരികെ ഹൈസ്ക്കൂൾ ജംഗ്ഷനിൽ സമാപിച്ചു.ഹരിത കർമ്മ സേനാംഗങ്ങളും ശൂരനാട് ഹൈസ്കൂൾ എൻ.സി.സി കേഡറ്റുകളും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്തംഗങ്ങളായ മിനി,അമ്പിളി,അഞ്ജലി,സമദ്, ശ്രീലക്ഷ്മി,ബ്ലസൻ,സന്തോഷ് എന്നിവർ നേതൃത്വം നൽകി.
അസിസ്റ്റന്റ് സെക്രട്ടറി,പഞ്ചായത്ത് ജീവനക്കാർ,ശുചിത്വ മിഷൻ ആർ.പി,വി.ഇ.ഒ,സി.ഡി.എസ്
ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.
(Photo:ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ നടന്ന സ്വച്ഛതാറൺ ക്യാമ്പയിനിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
പ്രതിശ്രുത കിണറ്റില്‍ മരിച്ച നിലയില്‍
ശാസ്താംകോട്ട. പ്രതിശ്രുത കിണറ്റില്‍ മരിച്ച നിലയില്‍. പള്ളിശേരിക്കല്‍ തെറ്റിക്കുഴിതെക്കതില്‍ അബ്ദുല്‍ലത്തീഫിന്‍റെയും ഷീജയുടെയും മകള്‍ ഷിഫാന(23)ആണ് രാവിലെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രാവിലെ ഏഴുമണിക്കും മറ്റും വീട്ടിലുണ്ടായിരുന്ന ഷിഫാനയെ പിന്നീട് കാണാതെ അന്വേഷിക്കുമ്പോളാണ് കിണറിന്‍റെ ഗ്രില്‍ ഉയര്‍ത്തിയ നിലയില്‍ കണ്ടത്.
തുടര്‍ന്നുള്ള പരിശോധനയില്‍ കിണറ്റില്‍ ആളുണ്ടെന്ന് മനസിലായി. ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വടക്കന്‍മൈനാഗപ്പള്ളി സ്വദേശിയുമായി ആണ് വിവാഹം നിശ്ചയിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.സഹോദരി ഷബാന.
തേവലക്കര മാർത്തോമാ സെന്റർ കൺവൻഷൻ തുടങ്ങി
ശാസ്താംകോട്ട : നാലാമത് തേവലക്കര മാർത്തോമാ സെന്റർ കൺവൻഷൻ തുടങ്ങി. 27ന് സമാപിക്കുമെന്ന് ഭാരവാഹികളായ ജോൺസൺ വൈദ്യൻ,അഡ്വ.ജെറി.റ്റി.യേശുദാസൻ ,റവ.വി.റ്റി യേശുദാസൻ,വിൻസന്റ് ജോൺ,റവ.ജോജി .കെ.മാത്യൂ എന്നിവർ അറിയിച്ചു.തേവലക്കര മാർത്തോമാ വലിയ പള്ളിക്ക് സമീപമുള്ള കൺവെൻഷൻ നഗറിൽ വച്ചാണ് കൺവൻഷൻ നടത്തുന്നത്.തേവലക്കരയിലെയും സമീപ പ്രദേശങ്ങളിലെ 15 ഇടവകകളും സംയുക്തമായാണ്
കൺവൻഷൻ നടത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് 6.30ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അടൂർ ഭദ്രാസന അധ്യക്ഷൻ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും.ജോളി മാരാമൺ മുഖ്യ സന്ദേശം നൽകും.എല്ലാദിവസവും വൈകിട്ട് 6.30ന് പൊതുയോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ സന്നദ്ധ സുവിശേഷക സംഘത്തിന്റെ യോഗത്തിൽ റവ.ബേബി ജോണും ശനിയാഴ്ച രാവിലെ സേവിക സംഘത്തിന്റെ യോഗത്തിൽ ബിന്ദു.പി.ചെറിയാനും വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്കൂൾ യോഗത്തിൽ റവ.ജെറി തോമസ് വർഗീസും 3.30 ന് നടക്കുന്ന യുവജന നവതി സമ്മേളനത്തിൽ റവ.ഫാ.ഡോ.കെ.എം.കോശി വൈദ്യനും മുഖ്യ സന്ദേശം നൽകും .സമാപന ദിവസമായ 27ന് ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാനയ്ക്കും സമാപനയോഗത്തിനും നേതൃത്വം നൽകും.
കാഴ്ച മറച്ച് കുന്നത്തൂർ പാലത്തിൽ കാട് വളരുന്നു
കുന്നത്തൂർ:കാടുകയറിയ കുന്നത്തൂർ പാലം യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. തിരക്കേറിയ കരുനാഗപ്പള്ളി -കൊട്ടാരക്കര റൂട്ടിൽ കല്ലടയാറിനു കുറുകെയാണ് കുന്നത്തൂർ പാലം സ്ഥിതി ചെയ്യുന്നത്.രാപകൽ വ്യത്യാസമില്ലാതെ തിരക്കേറിയ പാലത്തിൽ കാഴ്ച മറച്ച് വളരുന്ന കാട് ഉയർത്തുന്ന അപകട ഭീഷണി ചെറുതല്ല.പാലത്തിന്റെ പടിഞ്ഞാറും കിഴക്ക് ഭാഗത്തുമാണ് കാട് വളർന്ന് കിടക്കുന്നത്.ഇതിനൊപ്പം റോഡിന്റെ ഇരുഭാഗത്തുമുള്ള അഗാധമായ താഴ്ചയും ഭീഷണിയായി മാറിയിരിക്കയാണ്.
റോഡിനോട് ചേർന്ന് പടർന്നു പന്തലിച്ച പാഴ് വൃക്ഷങ്ങളിൽ വളർന്നു കയറിയ കാട് അപകടങ്ങൾക്കും കാരണമാകുന്നു. കാട് മൂടി കിടക്കുന്നതിനാൽ അഗാധമായ താഴ്ച പലപ്പോഴും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല.കുറ്റിക്കാടുകളും പൊന്തക്കാടുകളും കൊണ്ട് നിറഞ്ഞ പാലത്തോട് ചേർന്ന പാതയോരം മാലിന്യം തള്ളാനുള്ള സുരക്ഷിത മേഖലയായും മാറിയിരിക്കയാണ്.
പാലത്തോട് ചേർന്നുള്ള വൈദ്യുത തൂണുകൾ പോലും കാട്ടുവള്ളികൾ കയറി കിടക്കുകയാണ്.പാലത്തിന്റെ ഇരുഭാഗത്തെയും കൈവരികളിലും അതേപ്പൊക്കത്തിൽ കാട്ടുച്ചെടികൾ വളർന്നിരിക്കയാണ്.ഇതിനാൽ പാലം വഴി കാൽനടയാത്രയും അസാധ്യമാണ്.കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ആറ്റുകടവ് ജംഗ്ഷൻ പിന്നിടുമ്പോൾ പാലമേത്, കാടേത് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്.മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാട് വെട്ടിതെളിക്കുമായിരുന്നു.എന്നാൽ ദിവസ്സങ്ങൾ പിന്നിടുമ്പോൾ തന്നെ കാട് പഴയ രീതിയിൽ തന്നെ തഴച്ചുവളരുകയും ചെയ്യും.ഇതിനാൽ തൊഴിലുറപ്പ് പദ്ധതി ഗുണപ്രദമാകാറില്ല.
എഴുകോൺ, ശാസ്താംകോട്ട പൊതുമരാമത്ത് സെക്ഷനുകളുടെ അതിർത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.എഴുകോൺ സെക്ഷന്റെ അധികാര പരിധിയിലാണെങ്കിലും പാലം മോടിപിടിപ്പിക്കുന്ന കാര്യത്തിൽ പോലും തർക്കമാണ് നടക്കുന്നത്.ഇതിനാലാണ് കാട് മൂടിയിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കാത്തത്. സൈഡ് വാൾ കെട്ടി സംരക്ഷിച്ചില്ലെങ്കിലും കാട് വെട്ടിതെളിച്ച ശേഷം പാതയോരത്ത് ക്രാഷ് ബാരിയർ എങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതിപണം വെട്ടിയ്ക്കുറയ്ക്കുന്നതുമൂലം വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു – അഡ്വ.എം.ലിജു
കരുനാഗപ്പളളി - കേരളംഭരിക്കുന്ന പിണറായി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതിപണം അകാരണമായി വെട്ടിക്കുറിയ്ക്കുന്നതുമൂലം വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമകാര്യങ്ങളും സ്തംഭനത്തിലാണ് എന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ.എം.ലിജു ആരോപിച്ചു. കരുനാഗപ്പള്ളി നഗരസഭയുടെ ദുര്‍ഭരണത്തിനും അഴിമതിയുംമൂലം കോടികള്‍ ലാപ്‌സാക്കുന്ന നഗരസഭയുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോവിഡ് കാലത്ത് നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവ് ചെയ്തതായി കളള ബില്ലും വൗച്ചറും തയ്യാറാക്കി പണം തട്ടിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയോടുകൂടിയാണ് എന്നും അദ്ദേഹം ആരോപിച്ചു.
കരുനാഗപ്പള്ളി നഗരസഭാ ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും സര്‍വ്വത്രികമായ അഴിമതിയും മൂലം നഗരസഭയുടെ ഭരണം സ്തംഭനത്തിലാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതിപണം ഓരോ സാമ്പത്തികവര്‍ഷവും ചെലവാകാതെ നഷ്ടപ്പെടുത്തി കളയുന്നതുമൂലം റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പണം ഇല്ലാതെയും വികസനം മുരടിച്ച് നില്‍ക്കുകയാണ്. നഗരസഭയുടെ തീരപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. തെരുവുവിളക്കുകള്‍ ഒന്നും പ്രകാശിപ്പിക്കാന്‍ കഴിയാതെ നഗരം കൂരിരിട്ടിലാണ്. അക്രമകാരികളായ തെരുവുനായ്ക്കളെപേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമാണ്.
പ്രൈവറ്റ് ബസ് സ്റ്റാന്റ് പ്രവര്‍ത്തിപ്പിക്കാതെ നഗരസഭയുടെ നടപടി ശ്ലാഘനീയമാണ്. അയണിവേലക്കുളങ്ങര വില്ലേജിലെ ഐ.ആര്‍.ഇ.യുടെ ഖനനാനുമതി റദ്ദ് ചെയ്യുവാനുളള രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താതെ ജനങ്ങളെ സി.പി.എം. നഗരസഭാഭരണാധികാരികളും ഒത്തുകളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ യു.ഡി.എഫ്.കണ്‍വീനര്‍ കെ.ജെ.താഷ്‌കന്റ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍, കെ.സി.രാജന്‍, എം.അന്‍സാര്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ആര്‍.രാജശേഖരന്‍, എം.എസ്.ഷൗക്കത്ത്, മുനമ്പത്ത് വഹാബ്, എന്‍.അജയകുമാര്‍, എല്‍.കെ.ശ്രീദേവി, ചിറ്റുമൂലനാസര്‍, നജീബ് മണ്ണേല്‍, നീലികുളം സദാനന്ദന്‍, അഡ്വ.ടി.പി.സലിംകുമാര്‍, ആര്‍.ദേവരാജന്‍, സുരേഷ്പനക്കുളങ്ങര, എം.കെ.വിജയഭാനു, സലിം ബംഗ്ലാവില്‍, ബോബന്‍ജിനാഥ്, സിംലാല്‍, ഷിബു.എസ്.തൊടിയൂര്‍, ഇര്‍ഷാദ് ബഷീര്‍, രമേശ് ബാബു, റഹിയാത്ത് ബീവി, ബീനാജോണ്‍സണ്‍, ഷിബു എം.എസ്, എസ്.ജയകുമാര്‍, മുനമ്പത്ത് ഗഫൂര്‍, അനീഷ് മുട്ടാണിശ്ശേരില്‍, ബി.മോഹന്‍ദാസ്, കാട്ടില്‍നദീറ തുടങ്ങിയവര്‍ സംസാരിച്ചു.
തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വ്യവസായികാടിസ്ഥാനത്തിൽ പച്ചക്കറികൃഷി ഉദ്‌ഘാടനം
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ അരമത്തുമഠം വാർഡിൽ വ്യവസായികാടിസ്ഥാനത്തിൽ നടത്തിയ വനിതാ സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറിതൈകളുടെ നടീൽ ഉദ്‌ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു.
വനിതാ ഗ്രൂപ്പുകളിലൂടെ വ്യവസായകാടിസ്ഥാനത്തിൽ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന് തൊടിയൂരിൽ തുടക്കം കുറിച്ചു
തൊടിയൂര്‍.ഓച്ചിറ ബ്ലോക്ക്‌പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതി പ്രകാരം 50വനിതാ ഗ്രൂപ്പുകളിലൂടെ വ്യവസായകാടിസ്ഥാനത്തിൽ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന് തൊടിയൂരിൽ തുടക്കം കുറിച്ചു. തൊടിയൂർ പഞ്ചായത്തിൽ 13ഗ്രൂപ്പുകളാണ് ഇത്തരത്തിൽ കൃഷി ചെയ്യുന്നത്. ഓരോ ഗ്രൂപ്പും 50സെന്റിൽ കുറയാതെ കൃഷി ചെയ്യണം. 3114/-രൂപ ഗുണഭോക്തൃവിഹിതം അടക്കുന്ന ഗ്രൂപ്പുകൾക്ക് 22817/-രൂപയുടെ പച്ചക്കറിതൈകളും വളവും ഉൾപ്പടെ വിതരണം ചെയ്യും. ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള പരിശീലനവും ഗ്രൂപ്പുകൾക്ക് നൽകും.
ജൈവകേരളം, ഹരിതകേരളം ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് തൈനടീൽ നടന്നത്.
ഇതുസംബന്ധിച്ച് നടന്ന യോഗത്തിൽ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ടി.രാജീവ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയൻ,കെ.ധർമദാസ്, ടി. ഇന്ദ്രൻ,എന്നിവർ സംസാരിച്ചു. കൃഷി അസി: ഡയറക്ടർ എച്ച്. ഷബീന പദ്ധതി വിശദീകരണം നടത്തി. അസി:കൃഷി ഓഫീസർ എസ്. സൂർജിത് സ്വാഗതവും ഡോ:ജി.ഗിരിജാദേവി നന്ദിയും പറഞ്ഞു. ജൈവകേരളം, ഹരിതകേരളം ഗ്രൂപ്പ് അംഗങ്ങളായുള്ള വാസന്തിയമ്മ, വത്സല, വിലാസിനിയമ്മ,ഹലിമത്ത്, ജേളിനാഥ്, എന്നിവർ സംബന്ധിച്ചു.