കുളത്തൂപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തും: മന്ത്രി ആര്‍. ബിന്ദു
കുളത്തൂപ്പുഴ. സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. നാലാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേള സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരും ആദിവാസി മേഖലയിലെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നതാണ് ജില്ലയുടെ കിഴക്കന്‍ മേഖലയായ കുളത്തൂപ്പുഴ.
ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യാഭ്യാസം നല്‍കുന്നതിന് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പോളിടെക്‌നിക് നിലവാരത്തിലെത്തിക്കും. ശാസ്ത്ര-സാങ്കേതിക മേള സംഘടിപ്പിക്കുന്നതിലൂടെ നൂതന സാങ്കേതിക വിദ്യാഭ്യാസത്തെ അടുത്തറിയുന്നതിന് പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കും. സാങ്കേതിക വിദ്യാഭ്യാസം സ്‌കൂള്‍തലം മുതല്‍ ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ തൊഴിലിനോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കാനാകും. പ്രവൃത്തിപരിചയത്തിലൂടെ വിദ്യാഭ്യാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നുമായി 450ലധികം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സ്‌കൂളുകളുടെ സ്റ്റാളുകള്‍ക്ക് പുറമേ ഐ. എസ്. ആര്‍. ഒ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, ഇന്ത്യന്‍ നേവി, ഫുഡ് ആന്‍ഡ് സേഫ്റ്റി ലാബ്, ടി. കെ. എം.കോളജ് ഓഫ് എഞ്ചിനിയറിംഗ്, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, വനം വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഹരിതകേരളം മിഷന്‍ എന്നിവയുടെയും വിവിധ കമ്പനികളുടെ പ്രദര്‍ശനസ്റ്റാളുകളും മേളയിലുണ്ട്.
പി. എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. അനില്‍ കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി. പി ബൈജുഭായ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സ്യതൊഴിലാളി കോളനികള്‍ നവീകരിക്കും:മന്ത്രി വി.അബ്ദുറഹ്മാന്‍
പെരിനാട്.സംസ്ഥാനത്തെ എല്ലാ മത്സ്യതൊഴിലാളി കോളനികളും നവീകരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മത്സ്യബന്ധന-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. പെരിനാട് പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആധുനിക സൗകര്യങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്ന വിധമാകും പദ്ധതി നടപ്പാക്കുക.
മത്സ്യതൊഴിലാളി മേഖലയില്‍ നടപ്പാക്കുന്ന വികസനങ്ങള്‍ സമൂഹത്തിന് മുഴുവന്‍ പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.സി.വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്തിലെ സിറ്റിസണ്‍ ഭരണഘടന സാക്ഷരത പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മുന്‍ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍, അംഗം ബി.ജയന്തി, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി പി.ഐ.ഷെയ്ക്ക് പരീത്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി കോടതി സമുച്ചയം മുനിസിപ്പൽ ബസ് സ്റ്റാൻറ് ഗ്രൗണ്ടിൽ നിർമ്മിക്കാമെന്ന് ഹൈക്കോടതി
കൊച്ചി. കോടതി സമുച്ചയം നിർമ്മിക്കാനായി കരുനാഗപ്പള്ളി നഗരസഭ അനുവദിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥലത്ത് നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് പൂർണ അനുമതി നൽകി ഹൈക്കോടതി. കരുനാഗപ്പള്ളി കോടതി സമുച്ചയ കേസ് ഇതോടെ ഹൈകോടതി തീർപ്പാക്കി.കോടതി സമുച്ചയം എവിടെ നിർമ്മിക്കണമെന്നതിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ചിറ്റുമൂല ഗ്രൗണ്ട് ഉൾപ്പടെ വിവിധ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകർ അടക്കം നൽകിയ ഒരു കൂട്ടം ഹർജികളാണ് ഇന്ന് ഹൈക്കോടതി തീർപ്പാക്കിയത്.
നിലവിൽ കോടതി സ്ഥിതി ചെയ്യുന്ന മിനിസിവിൽ സ്റ്റേഷൻ കെട്ടിടം ദേശീയപാതാ വികസനത്തിനായി പൊളിക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം.കോടതി സമുച്ചയം യാഥാർഥ്യമാകും വരെ കരുനാഗപ്പള്ളി ഹൈസ്‌ക്കൂൾ ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വാടക കെട്ടിടത്തിേലേക്ക് കോടതികൾ ഉടനെ മാറും.നിർമ്മാണ ജോലികൾ പൂർത്തിയായി. സാമഗ്രികളുടെ മാറ്റമാണ് കോടതി മാറ്റം വൈകിക്കുന്നത്. ഇതോടെ പല സ്ഥലത്തായി കിടക്കുന്ന പോക്സോ കോടതി, സബ് കോടതി, മജിസ്ട്രേറ്റ് കോടതി,മുൻസിഫ് കോടതി തുടങ്ങി കരുനാഗപ്പള്ളിയിലെ നാലു കോടതികളും ഒറ്റ കെട്ടിടത്തിലാകും. പ്രൈവറ്റ് ബസ് സ്റ്റാൻറിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതോടെ വാടക കെട്ടിടത്തിൽ നിന്നും കോടതികൾ അവിടേക്ക് മാറുന്നതാണ്.
ഭിന്നശേഷിസൗഹൃദഗ്രാമം; പ്രാഥമിക നടപടികള്‍ ഉടന്‍: മന്ത്രി ആര്‍. ബിന്ദു
പുനലൂര്‍. ഭിന്നശേഷിസൗഹൃദഗ്രാമം ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. പുനലൂര്‍ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തില്‍ ഭിന്നശേഷി സൗഹൃദഗ്രാമത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിസൗഹൃദഗ്രാമം സജ്ജീകരിക്കുന്നതിനായി കണ്ടെത്തിയ പുനലൂരിലെ വാളക്കോടുള്ള 1.62 ഏക്കര്‍ റവന്യൂ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനനുസരിച്ച് നടപടികള്‍ വേഗത്തിലാക്കും. ഭൂമി ലഭ്യമാകുന്നതോടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാകും.
മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസമാണ് ലക്ഷ്യം. തെറപ്പിസൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉറപ്പാക്കിയാണ് ഭിന്നശേഷിസൗഹൃദഗ്രാമം ഒരുക്കുന്നത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ വിദ്യാഭ്യാസം-തൊഴില്‍ പരിശീലനം എന്നിവയിലൂടെ ശാക്തീകരിക്കും. ഇവരുടെ അമ്മമാര്‍ക്കും തൊഴില്‍പരിശീലനം നല്‍കി കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തും. സംസ്ഥാനത്തൊട്ടാകെ അഞ്ച് ഭിന്നശേഷി സൗഹൃദഗ്രാമങ്ങളാണ് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
പി. എസ് സുപാല്‍ എം. എല്‍. എ, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മല്‍കുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാഠ്യപദ്ധതി പരിഷ്ക്കരണം;ശ്രീചിത്തിര
വിലാസം ഗവ.എൽ.പി സ്കൂളിൽ ജനകീയ ചർച്ച
മൈനാഗപ്പള്ളി:ശ്രീചിത്തിര
വിലാസം ഗവ.എൽ.പി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച സംഘടിപ്പിച്ചു.കൊല്ലം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം ആർ.ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി.കേരള സർവകലാശാല മുൻ സെനറ്റംഗം ജെ.പി ജയലാൽ വിഷയം അവതരിപ്പിച്ചു.എസ്എംസി വൈസ് ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം അനന്ദു ഭാസി,അർഷാദ് മന്നാനി,മാതൃസമിതി അദ്ധ്യക്ഷ ഐശ്വര്യ .പി,ജിദ,റോഷ് എന്നിവർ പങ്കെടുത്തു.
രക്ഷകർത്താക്കൾ,ജനപ്രതിനിധികൾ,അങ്കണവാടി അദ്ധ്യാപകർ,പൂർവ വിദ്യാർത്ഥികൾ ,സമാന്തര വിദ്യാഭ്യാസ രംഗത്തുള്ളവർ, ,മാതൃസമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.അധ്യാപികമാരായ പ്രിയ സ്വാഗതവും ജ്ഞാനകല നന്ദിയും പറഞ്ഞു.
ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം കേരളത്തില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍
കേരളപുരം. ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം കേരളത്തിലേതെന്ന് മത്സ്യബന്ധന- കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. കേരളപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷത്തിലധികം കുട്ടികള്‍ പുതിയതായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായത് മികവിന് തെളിവാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലും ഇതേ മുന്നേറ്റമുണ്ട്- അദ്ദേഹം പറഞ്ഞു.
പി. സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ താക്കോല്‍ദാനം നിര്‍വഹിച്ചു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, കുണ്ടറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദേവദാസ്, ജില്ലാപഞ്ചായത്ത് അംഗം എന്‍. എസ്. പ്രസന്നകുമാര്‍, പി.ടി.എ പ്രസിഡന്റ് ടി. എസ്. മണിവര്‍ണന്‍, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി പി. ഐ. ഷെയ്ക്ക്പരീത്, പ്രഥമാധ്യാപിക ജെ. ശ്രീലത, വിവിധ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ശനിയാഴ്ച
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ അഷ്ടമുടി കായലില്‍
ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന് (നവംബര്‍ 26) ഉച്ചയ്ക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍. ജലോത്സവത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ. എം ആരിഫ്, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, പി. റ്റി.ബി.ആര്‍. എസ് സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ്, ഡയറക്ടര്‍ പി. ബി നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനാകും. എം എല്‍.എമാരായ കെ.ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, സി.ആര്‍ മഹേഷ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, സാംസ്‌കാരിക -രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വള്ളംകളിക്കൊപ്പം സൗജന്യ സോളാര്‍ സബ്‌സിഡി സ്‌പോട്ട് രജിസ്‌ട്രേഷന്‍
ഇന്ന് (നവംബര്‍ 26) നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി അങ്കണത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ സോളാര്‍ സബ്‌സിഡി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. മൂന്ന് കിലോ വോട്ട്‌സ് വരെ 40% സബ്സിഡിയും, മൂന്നിന് മുകളില്‍ 10 കിലോ വോട്ട്‌സ് വരെ 20% സബ്‌സിഡിയും ലഭിക്കും. ഉപഭോക്താക്കള്‍ സബ്‌സിഡി ഒഴികെയുള്ള തുക അടയ്ക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 2740933.
നരഹത്യാ ശ്രമം പ്രതി പിടിയിൽ
കരുനാഗപ്പള്ളി. യുവാവിനെ കത്തി ഉപയോഗിച്ച് അക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനത്തിൽ പ്രജീഷ്(28) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. വള്ളിക്കുന്നം സ്വദേശിയായ അച്ചുവിനെ പ്രജീഷും ഓടനാവട്ടം വില്ലേജിൽ തുറവൂർ മുറിയിൽ രാഹുൽ ഭവനത്തിൽ സുധീരൻ മകൻ രാഹുൽ(26) ചേർന്ന് അക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഒന്നാം പ്രതിയായ രാഹുൽ മുമ്പുതന്നെ പിടിയിലായിരുന്നു. അച്ചുവും രാഹുലും അംഗങ്ങളായ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങ് സംബന്ധിച്ച തർക്കമാണ് അക്രമത്തിലെക്ക് നയിച്ചത്. ഓഗസ്റ്റ് ഒന്നാം തീയതി പകൽ 11.30 ന് കരുനാഗപ്പള്ളി വിജയാ ബാറിന് സമീപം വച്ച് ഇരുവരും ചേർന്ന് അച്ചുവിനെ മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. അച്ചു നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒന്നാം പ്രതി രാഹുലിനെ ഓടനാവട്ടത്ത് ഇയാളുടെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രജീഷ് വീട്ടിലെത്തിയ രഹസ്യ വിവരമറിഞ്ഞ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്‌ഐ മാരായ സുജാതൻ പിള്ള, ശ്രീകുമാർ, റസൽജോർജ് എ.എസ്.ഐ മാരായ ഷാജിമോൻ എന്നിവരാടങ്ങിയ സംഘമാണ് പ്രജീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹൈസ്കൂളിൽ
ലഹരിക്കെതിരെ ഒരു ഗോൾ
മൈനാഗപ്പള്ളി :ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം നിറച്ചു കൊണ്ട് മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ഒരു ഗോൾ എന്ന കാമ്പയിൻ സംഘടിപ്പിച്ചു.
ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ ശ അനീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ എസ്.സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ സി.എസ് ലത,മാനേജ്മെൻ്റ് പ്രതിനിധി ആനിസ് സെയ്ഫ്,എബി പാപ്പച്ചൻ, ജിഷ്ണു.വി.ഗോപാൽ,എ.കെ കലീം എന്നിവർ സംസാരിച്ചു.പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയിച്ച ടീമിന് ട്രോഫിയും ക്യാഷ് അവാർഡും ഹെഡ്മാസ്റ്റർ എസ്.സഞ്ജീവ് കുമാർ വിതരണം ചെയ്തു.
‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയ്ന്‍ : വാഹന റാലി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ഇരുചക്രവാഹന ബോധവല്‍ക്കരണ റാലി കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ശക്തമായ ബോധവത്കരണങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളെന്ന് കളക്ടര്‍ പറഞ്ഞു.
മനുഷ്യാവകാശ ദിനം കൂടിയായ ഡിസംബര്‍ പത്ത് വരെയാണ് ക്യാമ്പയ്ന്‍. ജില്ലയിലുടനീളം വനിതാ ശിശു വികസനഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എ.ഡി.എം ആര്‍. ബീനാറാണി, വനിതാ-ശിശുവികസന ഓഫീസര്‍ പി. ബിജി, ശിശു സംരക്ഷണ ഓഫീസര്‍ ജംലറാണി, പ്രോഗ്രാം ഓഫീസര്‍ എം. ഹാരിസ് ഐ.സി.ഡി.എസ് അംഗങ്ങള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരവീഥികളെ വര്‍ണ്ണാഭമാക്കി ജലോത്സവ വിളംബരജാഥ
കൊല്ലം. നഗരവീഥികളെ വര്‍ണ്ണാഭമാക്കി ജലോത്സവ വിളംബരജാഥ. അഷ്ടമുടി കായലില്‍ 26ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായിട്ടാണ് സംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്ത് തുടങ്ങിയ ജാഥ എം. മുകേഷ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ആശ്രാമം വഴി ഡി. ടി. പി. സി അങ്കണത്തില്‍ അവസാനിച്ചു. വിവിധ ക്ലബ്ബുകള്‍, കലാ-കായിക താരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സി. ബി. എല്‍ സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇത്തിക്കര ബ്ലോക്ക്തല കേരളോത്സവത്തിന് ശനിയാഴ്ച തുടക്കം
ഇത്തിക്കര. ബ്ലോക്ക്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല കേരളോത്സവം ശനി മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലും, ബ്ലോക്ക് പരിധിയിലെ വിവിധ വേദികളിലും നടക്കും. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക.
ഉദ്ഘാടനം ജി.എസ് ജയലാല്‍ എം.എല്‍.എ ഇത്തിക്കര ബ്ലോക്ക് അങ്കണത്തില്‍ നവംബര്‍ 26 വൈകിട്ട് നാല് മണിക്ക് നിര്‍വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, പ്രിജിശശിധരന്‍, ആശാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീലബിനു, അമ്മിണിയമ്മ, സുദീപ, സുശീലദേവി, ടി. ദിജു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ-കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോര്‍പ്പറേഷന്‍ കേരളോത്സവം
കൊല്ലം.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു. കലാ-കായിക പ്രതിഭകള്‍, ക്ലബ്ബുകള്‍, യുവജനസംഘടനകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവ പങ്കാളികളായി.
സി. കേശവന്‍ മെമ്മോറിയല്‍ ഹാളില്‍ നൃത്തം, ചിത്രരചന, കാര്‍ട്ടൂണ്‍, ക്വിസ്, കളരിപ്പയറ്റ്, ചെണ്ടമേളം എന്നീ മത്സരങ്ങള്‍ നടന്നു. വെസ്റ്റ്‌കൊല്ലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആശ്രാമം മൈതാനം, നീരാവില്‍ എന്നിവിടങ്ങളിലായി ക്രിക്കറ്റ്, അത്ലറ്റിക്ക്, വടംവലി, വോളീബോള്‍, മത്സരങ്ങളാണ് നടന്നത്.
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ .സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 6235911555.
നാഷണൽ അക്കാഡമി പൂർവ്വ അധ്യാപക – വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മ സംഗമം
മൈനാഗപ്പള്ളി. നാലു പതിറ്റാണ്ട് മുൻപ് മൈനാഗപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച് നിലനിന്നിരുന്ന നാഷണൽ അക്കാഡമി ട്യൂട്ടോറിയലിന്റെ പേരിൽ ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മ നാഷണലിലെ പൂർവ്വ അധ്യാപക – വിദ്യാർത്ഥികൾക്കായി ‘തിരുമുറ്റം’ എന്ന പേരിൽ സംഗമം നടത്തി.
ഞയറാഴ്ച മിലാദേ ശരീഫ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ 3 തലമുറകളിലെ പൂർവ്വ വിദ്യാർഥികളുടെയും അവരുടെ അധ്യാപകരുടേയും ഒത്തുചേരൽ സംഘാടനം കൊണ്ട് ശ്രദ്ധയമായി.
മുൻ പ്രിൻസിപ്പൽ വേങ്ങയിൽ ഷംസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം
മുൻ പ്രിൻസിപ്പൽ പി.ചന്ദ്രശേഖരൻ പിള്ള ഉൽഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ കൈത്താങ്ങാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി നിലവിലെ വാട്ട്സ് ആപ് കൂട്ടായ്മയുടെ പ്രവർത്തന പുരോഗതിക്കായി 41 അംഗ കമ്മിറ്റിക്കും രൂപം നൽകി
യോഗാരംഭം മൺമറഞ്ഞ അധ്യാപകരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ലഹരി വിരുദ്ധ പ്രതിജ്ഞയും യോഗത്തിനവസാനം പൂർവ്വ വിദ്യാർത്ഥി ശിവപ്രസാദിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് മേളയും ഉണ്ടായിരുന്നു.
അധ്യാപകരായ അഡ്വ.ചന്ദ്രശേഖരൻ പിള്ള , അംബികാലയം സുധാകരൻ, കെ.മോഹനൻ , കമലാധരൻ, ഉണ്ണികൃഷ്ണൻ , പി.വി. യോഹന്നാൻ ,
കുറ്റിയിൽ ശ്യാം, എബി പാപ്പച്ചൻ , ജനപ്രതിനിധികളായ അൻസർ ഷാഫി, ഗീതകുമാരി ,ഷാജി ചിറക്കുമേൽ ,സജിമോൻ , ജോൺസൺ മത്തായി, ജബാറുദീൻ, സിറാജുദീൻ, ശാന്തുകുമാരി തുടങ്ങിയവരും പ്രസംഗിച്ചു.
അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവ കാർ
ഇഞ്ചക്കാട്ട് തോട്ടിലേക്ക് മറിഞ്ഞു
കൊട്ടാരക്കര. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവ കാർ
ഇഞ്ചക്കാട്ട് തോട്ടിലേക്ക് മറിഞ്ഞു.പാരിപ്പള്ളി, വർക്കലയ്ക്ക് സമീപം കാറ്റാടിമുക്ക് എന്നീ ഭാഗങ്ങളിൽ ഉള്ള
ബന്ധുക്കളായ രണ്ടു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടെ 7 പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.
ഉച്ചക്ക് ഒന്നേകാൽ മണിയോടെ ശബരിമലയിൽ നിന്നും തിരികെ പോകും വഴി ഇഞ്ചക്കാട് ഭാഗത്തു വച്ചു ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. ഇഞ്ചകാട് ജങ്ഷന് സമീപം നിയന്ത്രണം വിട്ട കാർ അതെ ദിശയിലുള്ള വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു എംസി റോഡിൽ നിന്നും പുലമൺ തോട്ടിലേക്ക് പറന്നു വീഴുകയായിരുന്നു. കാർ മറിഞ്ഞത്. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് കാറിലുള്ളവരെ രക്ഷ പെടുത്തിയത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.7 പേരെയും കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചു .സുമ (55), സുധ(57) അതുൽ (26) ഡോ ചാം, അഖിൽ (26) വിഷ്ണു (21) വേദിക (5) എന്നിവരെ കൊട്ടാരക്കരയിലും, തിരുവനന്തപുരത്തുമായി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാറിൽ ഉണ്ടായിരുന്നവർ വെള്ളം കുടിച്ചതൊഴിച്ചാൽ കൂടുതൽ പരുക്കുകളൊന്നുംആർക്കുമില്ല.