കൊട്ടിയം: ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കർ ലോറിയിലിടിച്ച ശേഷം പാഴ്സൽ കയറ്റി വരികയായിരുന്ന മറ്റൊരു ലോറിയിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി നിർമാണം നടന്നുകൊണ്ടിരിക്കുന്ന റോഡിലേക്ക് മറിഞ്ഞു. മുന്നിൽ പോകുകയായിരുന്നലോറി മറിയുന്നതു കണ്ട് പേടിച്ചു നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേർക് പരിക്കേറ്റു. ടാങ്കർ മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അപകടത്തിൽ പരിക്കേറ്റലോറി ഡ്രൈവറേയും, കാർ യാത്രക്കാരനെയും പാലത്തറയിലെ എൻ.എസ്.സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ആലപ്പുഴ സി.വി.വാർഡ് പുതുവൽ പുരയിടത്തിൽ ഷെമീർ (32) കാർ ഓടിച്ചിരുന്ന നിലമേൽ സ്വദേശി രാധാകൃഷണൻ നായർ (60) എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബൈപാസ് റോഡിൽ പാലത്തറയ്ക്കും ശ്രീനാരായണാ പബ്ലിക് സ്കൂൾ ജംഗ്ഷനും ഇടയിലായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്നും കൊട്ടിയം ഭാഗത്തേക്ക് പാഴ്സലുകളുമായി വരികയായിരുന്ന ആലപ്പിപാഴ്സൽ സർവീസിന്റെ ലോറിയാണ് മറിഞ്ഞത്. പാഴ്സൽ ലോറിയുടെ മുന്നിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ എതിർദിശയിൽ വരികയായിരുന്ന കാർ ഇടിച്ചു.സംഭവ സമയം മറിഞ്ഞ ലോറിയുടെ പിന്നാലെ വരികയായിരുന്ന സ്കൂട്ടർ യാത്രക്കാർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാർ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടി. സംഭവമറിഞ്ഞ് ഹൈവേ പോലീസും, ചീറ്റാ പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. രണ്ട് വലിയ ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ലോറി ഉയർത്തി മാറ്റുവാൻ ശ്രമം നടന്നു വരികയാണ്.