ടാർ മിക്സിങ് പ്ലാന്റിനെതിരെ നവംബർ 27 മുതൽ ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹം

Advertisement

പടിഞ്ഞാറെ കല്ലട: കടപ്പാക്കുഴി കേന്ദ്രമായി ആരംഭിക്കുന്നടാർ മിക്സിംഗ് പ്ലാൻ്റിനെതിരെയുള്ള ജനകീയ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നു.ഇതിൻ്റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച(നവംബർ 27) മുതൽ റിലേ സത്യാഗ്രഹം ആരംഭിക്കും.രാവിലെ 10ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തിൽ ജനങ്ങളെ അണിനിരത്തി സമരസമിതി ഭാരവാഹികളും തുടർന്ന് ദിവസവും വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ വാർഡിലെ മുഴുവൻ മുഴുവൻ ജനങ്ങളെയും
പങ്കെടുപ്പിച്ച് സമരം കൂടുതൽ ശക്തമാക്കും.പട്ടികജാതി കോളനികൾ ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ പ്ലാന്റ് തുടങ്ങാൻ അനുവദിക്കില്ല.മെറ്റൽ ക്രഷർ ഉടമയ്ക്ക് 50 ലക്ഷം രൂപ നിക്ഷേപവും പ്രതിമാസം 5 ലക്ഷം രൂപ വാടകയും എന്ന കരാറിൽ വൻകിട കമ്പനിയാണ് പ്ലാന്റ് നിർമ്മിക്കാൻ എത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.പാരിസ്ഥിതിക ദുർബല പ്രദേശമായ പടിഞ്ഞാറെ കല്ലടയിൽ പ്ലാന്റിനെതിരെ സമാധാനപരമായി സമരം നയിച്ച 8 പേർക്കെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് കള്ളക്കേസ് എടുത്തതായും ഭാരവാഹികൾ ആരോപിച്ചു.

രണ്ടാം ഘട്ടമായി നിരാഹാര സമരം അടക്കമുള്ളവ ആരംഭിക്കും.പ്ലാൻ്റിലേക്ക് വലിയ വാഹനങ്ങൾ വരുന്നതിനാൽ സമീപത്തെ പഴക്കം ചെന്ന കടപ്പാക്കുുഴി പാലം തകർന്ന് തുടങ്ങിയിട്ടുണ്ട്. ഭാരവാഹനങ്ങൾ ചീറി പായുന്നതിനാൽ സ്ക്കൂൾ കുട്ടികൾക്കും ഗ്രാമവാസികൾക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സമരസമിതി ചെയർമാൻ ഡോ.സി ഉണ്ണികൃഷ്ണൻ,കൺവീനർ സുരേഷ് ചന്ദ്രൻ,രക്ഷാധികാരി
എസ്.ഗോപാലകൃഷ്ണപിള്ള,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി.രതീഷ്. ഗ്രാമപഞ്ചായത്ത് അംഗം എൻ.ഓമനക്കുട്ടൻ പിള്ള,
അംഗങ്ങളായ കെ.എസ് ഷിബുലാൽ,എ.കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Advertisement