കൊല്ലം പ്രാദേശിക ജാലകം

Advertisement
അന്യംനിന്ന കലാരൂപങ്ങള്‍ക്കും കലോത്സവങ്ങള്‍ വേദിയാകുന്നു: മന്ത്രി കെ. എന്‍. ബാലഗോപാല്‍

അഞ്ചല്‍ .കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതിനൊപ്പം ചരിത്രപ്രാധാന്യമുള്ളതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ക്ക് കൂടി കലോത്സവങ്ങള്‍ വേദിയാകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ എച്ച്. എസ്. എസ് ആന്‍ഡ് വി. എച്ച്. എസില്‍ കൊല്ലം റവന്യു ജില്ലാകലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളുടെ കലാമികവുകള്‍ പ്രകടമാക്കുന്നതിന് സഹായകമാകും വിധമാണ് കലാമേളകളുടെ സംഘാടനം. ഒത്തൊരുമയുടെയും മതനിരപേക്ഷതയുടെയും സഹോദര്യത്തിന്റെയും വേദികളാണ് സ്‌കൂളുകള്‍. 13400 ലധികം സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയിലധികമാണത്. പഠനരംഗത്തെ മികവിന് തെളിവാണ് ഇത്രയധികം വിദ്യാലയങ്ങളുടെ സാന്നിദ്ധ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ് സ്‌കൂള്‍ കലോത്സവമെന്ന് മൃഗ സംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചലച്ചിത്ര മേഖലയ്ക്കും ധാരാളം പ്രതിഭകളെ സംഭാവന ചെയ്യാന്‍ കലോത്സവങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളിലെ കലാമികവ് തെളിയിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹകരണവും ഉറപ്പാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പി. എസ് സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, റൂറല്‍ പോലീസ് മേധാവി എം. എല്‍. സുനില്‍, അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഐ. ലാല്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവം ഡിസംബര്‍ രണ്ട് വരെ തുടരും.
കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മൂല്യവര്‍ധിത കൃഷിമിഷന്‍ വ്യാപിപ്പിക്കും: മന്ത്രി  പി.പ്രസാദ്
കൊല്ലം.കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂല്യവര്‍ധിത കൃഷി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ  വകുപ്പ് മന്ത്രി  പി. പ്രസാദ്.
അഗ്രികള്‍ച്ചര്‍ വി.എച്ച്.എസ്.ഇ, ഡിപ്ലോമ,  ബി.എസ്.സി പാസായവര്‍ക്ക് ജില്ലയിലെ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് സ്‌റ്റൈപ്പെന്റോടെ  അപ്രന്റീസ്ഷിപ്പ്  നിയമനം നല്‍കുന്ന  അഗ്രിടെക് പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി സാങ്കേതികവിദ്യ ലഭ്യമാക്കുക, കാര്‍ഷിക-മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനശൃംഖല വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം  ഉറപ്പാക്കി  കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയുമാണ് കൃഷിമിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം.  വിഷാംശമില്ലാത്ത സുഭിക്ഷവും  സുരക്ഷിതവുമായ കാര്‍ഷികഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തികഭദ്രത  ഉറപ്പാക്കാന്‍ കഴിയും. കാര്‍ഷികവിളകള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കേടുകൂടാതെ സൂക്ഷിച്ച് വിപണനം നടത്താന്‍ കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കും.  കാര്‍ഷികമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജനകീയ പങ്കാളിത്തം  അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അഗ്രിടെക് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 100 പേര്‍ക്കാണ് നിയമനം നല്‍കിയത്.
ജില്ലാ പഞ്ചായത്ത്  നടപ്പാക്കുന്ന മഴമറ, പൊലിയോപൊലി, കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ വാങ്ങിനല്‍കല്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, ഡോ. പി. കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ കൃഷി ഓഫീസര്‍ സി. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള ആഗ്രോ ബിസിനസ് കമ്പനി ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും: മന്ത്രി പി. പ്രസാദ്
ഏരൂര്‍. കാര്‍ഷികോത്പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിതവസ്തുക്കള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കാന്‍ കേരള ആഗ്രോ ബിസിനസ് കമ്പനി ജനുവരിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏരൂര്‍ പാം വ്യൂ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാതല അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകനെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കര്‍ഷകകൂട്ടായ്മയ്ക്ക് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് മൂല്യവര്‍ധിത കൃഷിമിഷന്‍ മുഖേന സഹായ-സഹകരണം ലഭ്യമാക്കും. കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുന്ന കാര്‍ഷിക ഉത്പ്പന്നങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി ലാഭം കര്‍ഷകന് ലഭ്യമാക്കാം. 2109 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആദ്യഘട്ടമായി 1460 കോടി രൂപ ലഭ്യമാക്കി. പ്രാരംഭനടപടികളും തുടങ്ങി. ഒരു കൃഷിഭവന്‍ ഒരു മൂല്യവര്‍ധിത ഉത്പ്പന്നം എന്നതാണ് ലക്ഷ്യം. കൃഷി കാര്യക്ഷമമാക്കുന്നതിനു അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ കര്‍ഷകരിലേക്ക് എത്തിക്കും. വന്യജീവി ശല്യം ഒഴിവാക്കുന്നതിന് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് കൃഷിവകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികകുമാരി, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ സി. അജയകുമാര്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷ•ാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവം യുവജനങ്ങള്‍ക്കായി മികച്ച അവസരങ്ങള്‍ ഒരുക്കുന്നു : മന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഗ്രാമപ്രദേശത്തെ യുവജനങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായ കായികമത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുഖ്യധാര കലാ-കായിക മേളകളില്‍ പങ്കെടുക്കാനാകാത്ത ഒട്ടേറെ പേര്‍ക്ക് അവസരം ലഭ്യമാക്കും.  ഇതിനായി സന്നദ്ധസേനകള്‍, ബഹുജന സംഘടനകള്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കും. സാംസ്‌കാരിക ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവ മുഖേന പ്രചാരണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും പ്രതിപക്ഷ നേതാവ്, ജില്ലയിലെ എം.പി.മാര്‍ എം.എല്‍.എ.മാര്‍ രക്ഷാധികാരികളായും  യുവജനകാര്യ വകുപ്പ് മന്ത്രി ചെയര്‍മാനായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് മെമ്പര്‍സെക്രട്ടറി ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ഡിസംബര്‍ 27 മുതല്‍ 30 വരെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ക്യു.എ.സി ഗ്രൗണ്ട്, എസ്. എന്‍ കോളജ് ഗ്രൗണ്ട്, പേരൂര്‍ കുറ്റിച്ചിറ അക്വാട്ടിക് സ്റ്റേഡിയം, ആശ്രാമം മൈതാനം, രാമവര്‍മ്മക്ലബ്ബ്  എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.  15 മുതല്‍ 20 വയസ്, 20 മുതല്‍ 40 വയസ്  എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 3200 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാല്‍, സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ഡി പ്രസന്നകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്  രാമഭദ്രന്‍, ജില്ലാ യൂത്ത്‌പ്രോഗ്രാം ഓഫീസര്‍ വി. എസ് ബിന്ദു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷബീര്‍, കായിക അസോസിയേഷന്‍ ഭാരവാഹികള്‍, ടീം കേരള പ്രതിനിധികള്‍, യുവജനക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പവിത്രേശ്വരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം ഡിസംബര്‍ ഒന്നിന്
പവിത്രേശ്വരം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്ന പവിത്രേശ്വരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശിലാഫലകം അനാച്ഛാദനവും കളത്തട്ട് ജംഗ്ഷനില്‍ ഡിസംബര്‍ ഒന്ന് ഉച്ചയ്ക്ക് 12ന് റവന്യൂ -ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി. മലയില്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം ആര്‍. ബീനാറാണി, പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബി. ശശികുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൃഷിദര്‍ശന്‍ എല്ലാ ബ്ലോക്കുകളിലേക്കും: മന്ത്രി പി. പ്രസാദ്
ഇടമുളയ്ക്കല്‍ . കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനുമായി കൃഷിദര്‍ശന്‍ ബോധവത്ക്കരണ പരിപാടി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഇടമുളയ്ക്കല്‍  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരുങ്ങള്ളൂരില്‍ ആരംഭിച്ച ‘ഹരിതശ്രീ കാര്‍ഷിക വിപണിയുടെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ബ്ലോക്കുകളിലും മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് കൃഷി ദര്‍ശന്‍. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടത്തുകയും ആവശ്യമായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

കാര്‍ഷികഉത്പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കും. അവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കണം. രണ്ട് മാസത്തിനുള്ളില്‍ ഇടമുളയ്ക്കലില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി. എസ്. സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. റീട്ടെയില്‍ ഔട്ട്‌ലെറ്റ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി പതാരം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഡിസിസി ഉപാധ്യക്ഷനുമായ കെ.കൃഷ്ണൻ കുട്ടി നായരും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും

ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഡിസിസി പ്രസിഡന്റ്
ബോധപൂർവ്വം ഇടപെടുന്നതായും ഒരു വിഭാഗത്തെ മാത്രം വേട്ടയാടുന്നതായും പതാരം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഡിസിസി ഉപാധ്യക്ഷനുമായ കെ.കൃഷ്ണൻ കുട്ടി നായർ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. സരസ്വതിയമ്മ,ബ്ലോക്ക് കോൺഗ്രസ്
വൈസ് പ്രസിഡന്റ് ആർ.ഡി പ്രകാശ്,ജനറൽ സെക്രട്ടറിമാരായ
അഡ്വ.ബി.ശ്രീകുമാർ, എ.വി ശ്രീധരക്കുറുപ്പ്,താജുദ്ദീൻ കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പതാരം സർവ്വീസ് സഹകരണ ബാങ്കിലെ നിയമന തർക്കത്തെ തുടർന്ന് 4 ബോർഡ് മെമ്പർമാർ രാജിവയ്ക്കുകയും പിന്നീട് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റിനൊപ്പം ഒരു വിഭാഗം നേതാക്കളും രംഗത്തെത്തിയത്.മുൻ കാലങ്ങളിൽ സഹകരണ നിയമനങ്ങളിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരൊന്നും കൈകടത്തിയിട്ടില്ല.

പതാരം സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ ഇടയാക്കിയ നാല് ഭരണസമിതി അംഗങ്ങളുടെയും അവരെ രാജി വയ്ക്കാൻ പ്രേരിപ്പിച്ച നേതാക്കളുടെയും പേരിൽ നടപടി ഉണ്ടാകണം.ബാങ്കിൽ നടന്ന നിയമനങ്ങൾ സഹകരണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഭരണസമിതി ഏകകണ്ഠമായാണ് നടത്തിയിട്ടുള്ളത്.ഇന്റർവ്യൂ ബോർഡിലും മുഴുവൻ ഭരണസമിതിയംഗങ്ങളും പങ്കെടുത്തിട്ടുണ്ട്.രാജിവച്ച 4 പേരിൽ ഒരാൾ ഒഴികെ 3 പേരും ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കുകയും ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തുകയും ചെയ്തവരാണ്. സെപ്റ്റംബർ 5 ന് കൂടിയ ഭരണസമിതി യോഗത്തിലാണ് നിയമിക്കാൻ തീരുമാനം എടുത്തത്.

സെപ്റ്റംബർ 20ന് ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ചു. ഇവർ ജോലിയിൽ പ്രവേശിച്ച അന്നുതന്നെ 4 ഭരണ സമിതി അംഗങ്ങൾ ശാസ്താംകോട്ട എ.ആർ ന് പരാതി നൽകി.അദ്ദേഹം പരാതി അന്വേഷിച്ച് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.റിപ്പോർട്ടിൽ നിയമനം സുതാര്യവും സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.എഴുത്തു പരീക്ഷയിൽലും ഇന്റർവ്യൂവിലും മാർക്ക് തീരെ കുറഞ്ഞ ഒരാൾക്ക് ജോലി നൽകണമെന്ന നിർദ്ദേശം അവഗണിച്ചതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് കാരണമായിരിക്കുന്നത്.കഴിഞ്ഞ 99 വർഷക്കാലമായി കോൺഗ്രസ്സ് ഭരിക്കുന്ന ഒരു സഹകരണ സ്ഥാപനത്തിന്റെ ഭരണ സമിതിയെ ഗൂഡാലോചന നടത്തി അട്ടിമറിച്ചത് ഡിസിസി പ്രസിഡന്റിന്റെയും ബി.സി.സി പ്രസിഡന്റിന്റെയും അറിവോടെയാണ്.പാർട്ടിയോട് ആലോചിക്കാതെ ഭരണസമിതി അംഗത്വം രാജിവച്ച 4 ഭരണസമിതി അഗങ്ങളായ എം.വിജയരാഘവൻ വി. ലൈലാബീവി,ബി.ശിവദാസൻ വി.സുരേന്ദ്രൻ എന്നിവരെയും അവരെ ഇതിനു പ്രേരിപ്പിച്ച മണ്ഡലം പ്രസിഡന്റ് സി.സന്തോഷ് കുമാറിനെയും എസ്.സുഭാഷിന്റെയും പേരിൽ അച്ചടക്ക നടപടി ഉണ്ടാകണമെന്ന് കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയിട്ടുണ്ട്.

യുവതിയെ കാണാതായെന്നു പരാതി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ സ്‌കൂളിന് സമീപം അഭിനവത്തില്‍ ജലജകുമാരി(40)യെ ഇന്നു രാവിലെ 10.30ന് ശേഷം വീട്ടില്‍ നിന്നും കാണാതായതായി പരാതി.

കാപ്പിപ്പൊടയും മഞ്ഞയും നിറമുള്ള നൈറ്റിയാണ് ധരിച്ചിരുന്നത്.ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

നഗരസഭയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

കരുനാഗപ്പള്ളി. നഗരസഭയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. സുരക്ഷിത നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾക്ക് സമീപം ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി, മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എല്ലാ ഡിവിഷനുകളിലും സ്ഥാപിച്ച മിനി എംസിഎഫുകളുടെ ഉദ്ഘാടനം, മാലിന്യ ശേഖരണത്തിനായി പുതുതായി വാങ്ങിയ രണ്ട് മിനി ലോറികളുടെ ഫ്ലാഗ് ഓഫ് എന്നിവ കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നടന്ന ചടങ്ങിൽ വച്ച് അഡ്വ എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.

സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു സ്വാഗത പറഞ്ഞു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എൽ ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, വാർഡ് കൗൺസിലർമാരായ റെജി ഫോട്ടോപാർക്ക്, അഷിത എസ് ആനന്ദ്, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ എം അൻസാർ, സതീഷ് തേവനത്ത്, നഗരസഭാ സെക്രട്ടറി എ ഫൈസൽ, സൂപ്രണ്ട് വിനോദ് തുടങ്ങിയവർ സംസാരിച്ചു.

വൃശ്ചികോത്സവത്തിനിടയില്‍ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ ഓച്ചിറ പോലീസിന്റെ പിടിയിലായി

ഓച്ചിറ. പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടയിലുണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ ഓച്ചിറ പോലീസിന്റെ പിടിയിലായി. ഓച്ചിറ വില്ലേജിൽ പായി കുഴി മുറിയിൽ തീ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഓച്ചിറ നവാസ് മൻസിലിൽ ഷാജി ക്ഷേത്രത്തിലുണ്ടായ തിരക്കിനിടയിൽ അഖിലിന്റെ കൈ പ്രതിയായ ആരിസ് മുഹമ്മദിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്.

വാക്ക് തർക്കത്തിനെ തുടർന്ന് പ്രകോപിതനായ പ്രതി കയ്യിൽ കിട്ടിയ ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് ഷാജിയേയും സുഹൃത്തിനേയും ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഷാജിയുടെ കാത് മുറിഞ്ഞ് തൂങ്ങുകയായിരുന്നു. ഷാജിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് ഓച്ചിറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വിലക്കയറ്റത്തിനെതിരെ പടിഞ്ഞാറേ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരാളി ജംഗ്ഷനിൽ നടത്തിയ വമ്പിച്ച കൂട്ട ധർണ കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു.

വിലക്കയറ്റം ഇടത് സർക്കാർ സമ്പൂർണ്ണ പരാജയം. അഡ്വ. പി ജർമിയാസ്.

പടി കല്ലട : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇടത് ഗവൺമെന്റ് സമ്പൂർണ്ണ പരാജയമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ പടിഞ്ഞാറെ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരാളി ജംഗ്ഷനിൽ സംഘടിപ്പിച്ച വമ്പിച്ച കൂട്ട ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജർമിയാസ്.
സൗജന്യ കിറ്റിന്റെ പേരിൽ അധികാരത്തിലേറിയവർ കിറ്റ് വിതരണം നിർത്തിയെന്ന് മാത്രമല്ല ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ പോലും വഞ്ചനാപരമായ സമീപനമാണ് കാട്ടുന്നതെന്നും ജർമിയാസ് ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ അരിവണ്ടി വരുമെന്ന വാഗ്ദാനം പോലും പാലിക്കാൻ സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.

പടിഞ്ഞാറേ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടപുഴ മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന വമ്പിച്ച കൂട്ട ധർണ്ണയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ ഷാജഹാൻ, കല്ലട ഗിരീഷ്, ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, സുരേഷ് ചന്ദ്രൻ, കൃഷ്ണകുമാർ, ജോൺപോൾ സ്റ്റഫ്, ഗീവർഗീസ്, ഗിരീഷ്, റെജില, ദിനകർ കോട്ടക്കുഴി, അജിത് ചാപ്രായീൽ,അഗസ്റ്റിൻ, വരമ്പേൽ ശിവൻകുട്ടി, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.

പടിഞ്ഞാറെ കല്ലടയിലെ ടാർ മിക്സിങ്ങ് പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണം

പടിഞ്ഞാറെ കല്ലടയിലെ ടാർ മിക്സിങ്ങ് പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ജനകീയ സമരസമിതി നടത്തിയ രണ്ടാം ദിവസ റിലേ സത്യാഗ്രഹ സമരം അധികാരികളോട് ആവശ്യപ്പെട്ടു. റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസം നടത്തിയത് കാരാളിമുക്ക് ഠൗൺ ഒന്നാം വാർഡിലെ സമരസമിതി പ്രവർത്തകരാണ്. ഗ്രാമപഞ്ചായത്ത് അംഗം റജില അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

സമരസമിതി കൺവീനർ സുരേഷ്ചന്ദ്രൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാലയം ശിവരാജൻ , ഓമന കുട്ടൻ പിള്ള ,സിന്ധു , സമര സമിതി ഭാരവാഹികളായ നിധിൻ കല്ലട, വി.എസ്.ശ്രീകണ്ഠൻ നായർ , മുത്തലിഫ് മുല്ലമംഗലം, രമണി ശ്രീധരൻ , കലാധരൻ പിള്ള , വസന്തകുമാരി ,പ്രീതാ ശിവൻ,റജില നൗഷാദ്, അജയപ്രസാദ്, ഷീജ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങൾ നൽകുകയും വിപണനം നടത്തുകയും ചെയ്ത കേസിൽ കരിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

കിഴക്കേ കല്ലട : മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങൾ നൽകുകയും ജില്ലയിൽ വിപണനം നടത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.കൊറ്റംകര കരിക്കോട് ഉത്രാടം വീട്ടിൽ നിന്നും ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനം വീട്ടിൽ വിമൽ (24) ആണ് അറസ്റ്റിലായത്.കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഈ മാസം ആദ്യം പിടിയിലായ മൺട്രോത്തുരുത്ത് സ്വദേശിയായ അർജുൻ രാജിന്റെ മയക്കുമരുന്ന് കടത്തിലെ പങ്കാളിയാണ് വിമൽ.

ഏറെ നാളായി അർജുൻ രാജിന്റെ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുകയും അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന മയക്കുമരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർജുനുമായി ചേർന്ന് വിപണനം നടത്തി വരികകയുമായിരുന്നു.
എൻ.ഡി.പി.എസ് വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.പ്രതിക്ക് കേരളത്തിനകത്തും പുറത്തും ഉള്ള മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ച്
അന്വേഷണം ആരംഭിച്ചതായി
ശാസ്താംകോട്ട ഡിവൈഎസ്പി
എസ്.ഷെരീഫ് പറഞ്ഞു.കിഴക്കേ കല്ലട എസ്ഐ അനീഷ്.ബി,എഎസ്ഐ ബിന്ദു ലാൽ,ശൂരനാട് എഎസ്ഐ ഹരി,കിഴക്കേ കല്ലട സിപിഒമാരായ രാഹുൽ,സുരേഷ് ബാബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ ഒന്നിന് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്ന ശാസ്താംകോട്ട വില്ലേജ് ഓഫീസ് പുതിയ കെട്ടിടം