കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി;പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

Advertisement

ശൂരനാട്:കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന്
പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.കോൺഗ്രസ് മണ്ഡലം ഭാരവാഹിയും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ബിജു രാജൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് കുറ്റിയിൽ ഉൾപ്പെടെ നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് വിവരം.

മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷിനും മർദ്ദനമേറ്റതായി പറയപ്പെടുന്നു.പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്(ബുധൻ) വൈകിട്ട് അഞ്ചോടെ കോയിക്കൽ ചന്തയിൽ വച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംഘർഷം നടന്നത്.
പതാരം സർവ്വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളെ ചൊല്ലി കോൺഗ്രസിൽ ഉയർന്ന വിവാദങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

യോഗ നടപടികളുടെ ഭാഗമായി സ്വാഗതം പറയുമ്പോൾ തന്നെ നേതാക്കളും പ്രവർത്തകരും തമ്മിൽ ആരംഭിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് പിന്നീട് സംഘട്ടനത്തിൽ കലാശിച്ചത്.മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷിനെ അനുകൂലിക്കുന്ന ഔദ്യോദിക വിഭാഗവും പാർട്ടിയിൽ നിന്നും പുറത്താക്കിയ ഡിസിസി മുൻ ഉപാധ്യക്ഷൻ കെ.കൃഷ്ണൻ കുട്ടി നായരെ അനുകൂലിക്കുന്ന വിമത വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത്.


ആസൂത്രിതമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ പുറത്തു നിന്നും ഗുണ്ടകളെ എത്തിച്ചതായി
ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.സംഭവം സംബന്ധിച്ച് ഇരുകൂട്ടരും ശൂരനാട്
പോലീസിൽ പരാതി നൽകി.പതാരം ബാങ്കിലെ നിയമനങ്ങൾ സുതാര്യമല്ലെന്ന് ആരോപിച്ച് 9 അംഗ ഭരണസമിതിയിൽ നിന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പിന്തുണയോടെ 4 അംഗങ്ങൾ രാജിവച്ചിരുന്നു.മകന്റെ നിയമനത്തിനായി മറ്റൊരംഗം നേരത്തെ രാജി വച്ചിരുന്നു.തുടർന്ന് ഭരണ സമിതിക്ക് ക്വാറം തികയാതെ വന്നതോടെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വിഭാഗം അധികൃതർ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്ക് ഭരണം ഇല്ലാതാക്കിയത് പ്രസിഡന്റായിരുന്ന
കെ.കൃഷ്ണൻ കുട്ടി നായരുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ആരോപിച്ച് കെപിസിസി നേതൃത്വം അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ പതാരം ടൗണിൽ പ്രകടനം നടത്തി.അതിനിടെ ബാങ്ക് ഭരണസമിതിയിൽ നിന്നും പാർട്ടിയുടെ അനുമതിയില്ലാതെ രാജിവച്ച 4 അംഗങ്ങൾക്കെതിരെയും ഇവർക്ക് ഒത്താശ ചെയ്തു നൽകുന്ന മണ്ഡലം പ്രസിഡന്റ്,കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം
കെ.കൃഷ്ണൻ കുട്ടി നായരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തുകയും ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Advertisement