മാനസികാസ്വാസ്ഥ്യത്തിന് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശൂരനാട് സ്വദേശിനിയായ യുവതി പരുക്കേറ്റ് മെഡിക്കല്‍കോളജില്‍ മരിച്ച നിലയില്‍

Advertisement

ശാസ്താംകോട്ട. മാനസികാസ്വാസ്ഥ്യത്തിന് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മെഡിക്കല്‍കോളജില്‍ മരിച്ച നിലയില്‍,തലക്ക് ക്ഷതമേറ്റതായി കണ്ടെത്തി ശൂരനാട് തെക്ക് ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ സ്മിത(40)ആണ് മരിച്ചത്.

ഭരണിക്കാവ് കോര്‍പറേഷന്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികൂടിയായ സ്മിതക്ക് ഇടക്ക് നേരിയ തോതില്‍ മാനസിക ആസ്വാസ്ഥ്യം ഉണ്ടാകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവ് ഉണ്ണികൃഷ്ണപിള്ളയും സ്മിതയും പേരൂര്‍ക്കടയിലെത്തുകയും അവിടെ സ്മിതയെ പ്രവേശിപ്പിച്ചശേഷം ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവ് മടങ്ങുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്നും വിളിച്ച് സ്മിതക്ക് ശ്വാസം മുട്ടുണ്ടായെന്നും മെഡിക്കല്‍കോളജ് ആശുപത്രിയിലാക്കിയിരിക്കയാണെന്നും അറിയിച്ചു. അവിടെ എത്തിയ ഭര്‍ത്താവ് കണ്ടത് സ്മിതയുടെ മൃതദേഹമാണ്. മൂക്കില്‍നിന്നും രക്തം ഒലിച്ച നിലയിലായിരുന്നു തലക്കുപിന്നില്‍ ക്ഷതമേറ്റ പാടുമുണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച മെഡിക്കല്‍കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ശാസ്താംകോട്ടയിലെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മരണം സംബന്ധിച്ച വ്യക്തമായ വിവരം അറിഞ്ഞിട്ടേ സംസ്‌കാരം നടത്തൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍. പേരൂര്‍ക്കട ആശുപത്രിയില്‍ വച്ച് ശാരീരികമായി അതിക്രമം നേരിട്ടു എന്ന സംശയത്തിലാണ് ബന്ധുക്കള്‍. വീട്ടുകാര്യങ്ങള്‍ എല്ലാം നോക്കുകയും ജോലിക്ക് പോവുകയും ചെയ്യുന്ന സ്മിതയ്ക്ക് അമിത സംസാരം അല്ലാതെ കാര്യമായ രോഗമൊന്നും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സ്മിതയ്ക്ക് രണ്ടുമക്കളുണ്ട്.

Advertisement