കൊട്ടാരക്കര. ജോലിക്കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ടു മര്‍ദ്ദിച്ചതായി പരാതി. വെട്ടിക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മുട്ടവിള സ്വദേശിയായ കോൺട്രാക്ടർ തങ്കപ്പൻപിള്ളയുടെ കീഴിൽ മേശരിപ്പണി ചെയ്തു വരികയായിരുന്നു വിജയകുമാർ. മകൾക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് പോയില്ല. മുൻ ദിവസങ്ങളിലെ കൂലി വാങ്ങാൻ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോൾ തര്‍ക്കമുണ്ടായി. തങ്കപ്പൻപിള്ള പട്ടിക കൊണ്ട് മുഖത്തടിച്ചെന്നും മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതി.
വിജയകുമാറിന്റേയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിജയകുമാറിന്റെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.