കൊല്ലം.പാലിന്റെ വിലവർധനവിൽ 83.75 ശതമാനവും കർഷകർക്കാണെന്ന് മന്ത്രി ചിഞ്ചു റാണി. ജില്ലാ പഞ്ചായത്ത് ഈ വർഷം നടപ്പാക്കുന്ന പാലിന് സബ്സിഡി, ക്ഷീരപ്രഭ, നവനീതം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ജയൻ സ്മാരക ഹാളിൽ നിർവ്വഹിക്കുകയായിരുന്നു.ഒരു കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് പാലിന് സബ്‌സിഡി ആയി നൽകുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വിഹിതത്തോടൊപ്പം സർക്കാർ സഹായം കൂടി ചേർത്താണ് പാലിന് സബ്‌സിഡി നൽകുന്നത്. കർഷകർക്ക് ലിറ്റർ പാലിന് 4 രൂപ സബ്‌സിഡി ലഭിക്കും. മാതൃകാ ഡയറി ഫാമുകൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആണ് ക്ഷീര പ്രഭ. ക്ഷീര സംഘങ്ങൾക്ക് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനുള്ള സഹായം നൽകുന്ന പ്രോജക്ടാണ് നവനീതം.10 ക്ഷീര സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതമാണ് നൽകുന്നത്.
ക്ഷീര കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനായി ക്ഷീര കർഷക അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു.പാൽ ഉൽപാദനത്തിൽ കൊല്ലം ജില്ലയിൽ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികളുമായിട്ടാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. അതോടൊപ്പം തന്നെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും പ്രാധാന്യം നൽകുന്നു.
വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ.നജീബത്ത്,പി.കെ ഗോപൻ,അനിൽ. എസ് കല്ലേലി ഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി സുധീഷ് കുമാർ, എസ്. സോമൻ, ശ്രീജ ഹരീഷ്, ബി. ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിഷ ബി. എസ് അസിസ്റ്റന്റ് ഡയറക്ടർ അനീഷ, ക്ഷീര വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.