കൊല്ലം കോർപ്പറേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഖൽബിൽ ഖത്തർ’ വെള്ലിയാഴ്ച മുതൽ. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാൻ നടത്തുന്ന പരിപാടി വഴി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ 500 ചതുരശ്ര അടി വലുപ്പമുള്ള കൂറ്റൻ സ്ക്രീനിൽ കളിയുടെ വിസ്മയനിമിഷങ്ങൾ ആസ്വദിക്കാം. 4കെ സൗണ്ട് സിസ്റ്റത്തോട് കൂടിയാണ് തൽസമയ കാഴ്ച. ആവേശത്തോടെ വീക്ഷിക്കാൻ കുടുംബസമേതം എത്തുന്നവർക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ പ്രവചന-കലാമത്സരങ്ങൾ, ലക്കി ടിപ് എന്നിവയും നടത്തുമെന്ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണെസ്റ്റ് പറഞ്ഞു.
പ്രദർശനത്തോടനുബന്ധിച്ച് ഡിസംബർ 2 വൈകിട്ട് നാലിന് ചിന്നക്കട റസ്റ്റ് ഹൗസിന്റെ മുൻപിൽ നിന്ന് ആരംഭിക്കുന്ന വിളംബര റാലി സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. 1973ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾവല കാത്ത കൊല്ലം സ്വദേശി ഗോളി രവി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജയൻ, നജിമുദ്ദീൻ, ടൈറ്റസ് കുര്യൻ തുടങ്ങിയ ജില്ലയിലെ കായിക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി തുറന്ന ജീപ്പിൽ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. തുടർന്ന് 5.30ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഫുട്ബോൾ മാമാങ്ക പ്രദർശനം ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.
ഘോഷയാത്രയിൽ എം.എൽ.എമാർ, ജനപ്രതിനിധികൾ, സാംസ്കാരിക -സന്നദ്ധ സംഘടനകൾ, കായികതാരങ്ങൾ തുടങ്ങിയവർ അണി നിരക്കും.