കൊല്ലത്തിന് ഫുട്ബോൾ ആവേശമൊരുക്കി കൂറ്റൻ സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനം
കാൽപ്പന്തിന്റെ കാഴ്ചയുടെ പൂരം ഒരുക്കി ‘ഖൽബിൽ ഖത്തറിന് വർണ്ണാഭമായ തുടക്കം

Advertisement

കൊല്ലം. ഫുട്ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ പൂരവും കേള്‍വിയുടെ ആവേശവുമൊരുക്കി കൊല്ലം കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലും.

ഖത്തർ ലോകകപ്പിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാൻ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഒരുക്കിയ 500 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റൻ ബിഗ് സ്ക്രീൻ പ്രദർശനം ആരംഭിച്ചു.കളിയാ വേശത്തിന് മാറ്റുകൂട്ടി ചിന്നക്കട പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രൗഡ ഗംഭീരമായ ഘോഷയാത്ര നഗരവീഥികളെ വർണ്ണാഭമാക്കി. ഘോഷയാത്ര സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾ വല കാത്ത കൊല്ലം സ്വദേശികളായ ഗോളി രവി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജയൻ, നജിമുദ്ദീൻ, ടൈറ്റസ് കുര്യൻ തുടങ്ങിയ ജില്ലയിലെ കായിക പ്രതിഭകളെ തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. മേയർ പ്രസന്ന ഏണെസ്റ്റ് , ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, കോർപ്പറേഷൻ കൗൺസിലർമാർ, തുടങ്ങിയവർ അണിനിരന്ന റാലിയിൽ കായികതാരങ്ങൾ,സാംസ്കാരിക- സന്നദ്ധ സംഘടനകൾ, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്നു.

ഡി.ജെ, ഫുഡ് കോർട്ട്, കലാപരിപാടികൾ, ലക്കിടിപ്പ് അടക്കം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Advertisement