ഡിസംബറോടെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് ഉറപ്പാക്കും :മന്ത്രി ജി. ആർ. അനിൽ

Advertisement


കൊല്ലം . സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഈ ഡിസംബറോടെ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ.ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന നിറവ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.മട്ട അരി(10കി. ഗ്രാം ), കശുവണ്ടി പരിപ്പ്(500 ഗ്രാം ), ബദാം (250 ഗ്രാം ), ഓട്സ്(1 കി. ഗ്രാം ), ഹോർലിക്സ് (500 ഗ്രാം ), ഈന്തപ്പഴം (500 ഗ്രാം ), മിൽമ പേട, മിൽമ പൗഡർ, ഡയറി ഫ്രഷ് ബട്ടർ റസ്ക്, മിൽക്ക് കുക്കീസ്, പുഡിങ് കേക്ക് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2500 രൂപയാണ് കിറ്റിന്റെ വില. ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കുന്ന ജില്ലയിലെ 2400 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 60 ലക്ഷം രൂപയാണ് പ്രോജക്ടിനായി വിനിയോഗിക്കുന്നത്. വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.മാവേലി സ്റ്റോറുകൾ മുഖേന 24 രൂപ നിരക്കിൽ അരിയും കൂടാതെ 12 ഇനം ഭക്ഷ്യ ധാന്യങ്ങളും 50% സബ്സിഡി യോടെ നൽകി വരുന്നുണ്ട്. സഞ്ചരിക്കുന്ന റേഷൻ കട മുഖേന സംസ്ഥാനത്തെ 137 ഊരുകളിലെ 1000 ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നുണ്ടെന്നും മന്ത്രി തുടർന്ന് പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ.ഡാനിയേൽ അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് ഈ വർഷം 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. നിറവ് പദ്ധതിയുടെ മാതൃകയിൽ ജില്ലയിലെ കാൻസർ രോഗബാധിതർക്കും ഭക്ഷ്യ കിറ്റ് നൽകും. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ് കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ.പി. കെ.ഗോപൻ, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ബാൾഡ് വിൻ,സി.പി സുധീഷ് കുമാർ, എസ്. സോമൻ, ബി.ജയന്തി,സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ഫ്രാൻസിസ്,ഫിനാൻസ് ഓഫീസർ പ്രദീപ് കുമാർ, സൂപ്രണ്ട് മാരായ കബീർദാസ്, സന്തോഷ് കുമാർ, മധു മോഹൻ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement