കൊല്ലം പ്രാദേശിക ജാലകം

Advertisement

കണ്മണി’ പദ്ധതി മുഴുവന്‍ വാര്‍ഡുകളിലേക്കും
തലവൂര്‍. ഗര്‍ഭിണികളുടെയും, നവജാത ശിശുക്കളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും പരിചരണത്തിനായി തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘കണ്മണി’ പദ്ധതി ഗ്രാമപഞ്ചായത്തിലെ  20 വാര്‍ഡുകളിലേക്കും സബ് സെന്ററുകള്‍ വഴി വിപുലീകരിക്കുന്നതിന് തുടക്കമായി. ഗര്‍ഭകാല പരിചരണം, ഭക്ഷണരീതി, വ്യായാമം, മാനസികാരോഗ്യം, നവജാത ശിശുക്കളുടെ ആരോഗ്യപരിപാലനം സംബന്ധിച്ച് അവബോധം നല്‍കുകയാണ്  ലക്ഷ്യം. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് കലാദേവി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. ഡോക്ടര്‍മാരായ എന്‍. ആര്‍ റീന, ബിജി. സബീന, എസ്. അജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ നിഷമോള്‍ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുധ ജെ. അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിബി മോള്‍ ബിജു, സജിത അനിമോന്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

പിക്ക് അപ് വാനിനടിയിൽപെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തക്കാല) രവീന്ദ്രൻപിള്ള(65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടാരക്കര പുത്തൂർ റോഡിൽ പത്തടി ജങ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നും വരികയായിരുന്ന ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിര വെന്ന പിക്ക് അപ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിക്ക് അപ് വാനിനടിയിൽപെട്ട രവീന്ദ്രൻപിള്ള തൽക്ഷണം മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മക്കൾ: അരുൺ രാജ്, രജിന. മരുമകൻ: സുധി.

മൈനാഗപ്പള്ളി മന്ത് രോഗവിമുക്ത പഞ്ചായത്ത്

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി സി.എച്ച്.സിയും പഞ്ചായത്തും ചേർന്ന് നടപ്പാക്കിയ മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മന്ത് രോഗവിമുക്ത പഞ്ചായത്തായി.ഇതിൻ്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ലാലി ബാബു അധ്യക്ഷത വഹിച്ചു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിനെ മന്ത് രോഗവിമുക്ത ഗ്രാമ പഞ്ചായത്തായി പ്രസിഡന്‍റ് പിഎം സെയ്ത് പ്രഖ്യാപിക്കുന്നു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാൻമാരായ ഷാജി ചിറക്ക്മേൽ,മൈമൂനത്ത് നജിം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സേതു ലക്ഷ്മി,ബിന്ദു. മോഹൻ,ബിജുകുമാർ, സജിമോൻ ,ജലജാ രാജേന്ദ്രൻ,മെഡിക്കൽ ഓഫീസർ ഡോ.ബൈജു. പഞ്ചായത്ത് സെക്രട്ടറി അൻസാർ,ആശാ പ്രവർത്തകർ,അംഗവാടി ജീവനക്കാർ,കുടുംബശ്രീ പ്രവർത്തകർ ,പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെ ടുത്തു.

ഗ്രന്ഥശാലയ്ക്ക് പുസ്തകം നൽകി ഗൃഹപ്രവേശനം

ചക്കുവള്ളി: ഗൃഹപ്രവേശനനാളിൽ ഗ്രന്ഥശാലയ്ക്ക് പുസ്തകവും സ്ഥലം വാങ്ങുന്നതിന് സംഭാവന നൽകിയും പ്രാദേശിക മാധ്യമ പ്രവർത്തകൻ. ചക്കുവള്ളിയിലെ അക്ഷയ സംരംഭകനും കൂടിയായ നിഷാദ് ആണ് മാതാപിതാക്കൾക്കൊപ്പം പുതു ഭവനനത്തിലേക്ക് താമസം തുടങ്ങുന്നതിന് മുൻപ് ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് പുസ്തകവും സ്ഥലം വാങ്ങുന്നതിന് സംഭാവനയും നല്കിയത്.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ പുസ്തകങ്ങൾ എറ്റുവാങ്ങി.താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, അക്ഷര സേന കൺവീനർ ഇർഷാദ് കണ്ണൻ എന്നിവർ പങ്കെടുത്തു.

ചേഞ്ചിറക്കുഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ കഞ്ഞിസദ്യ നടത്തി

ചക്കുവള്ളി: ചേഞ്ചിറക്കുഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃശ്ചികം 12 വിളക്കിനോടനുബന്ധിച്ച് ചേഞ്ചിറക്കുഴി ജംഗ്ഷനിൽ കഞ്ഞി,അത്രം സദ്യ നടത്തി.

കൂട്ടായ്മ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി കമലാസനൻ,, ട്രഷറർ രാമചന്ദ്രൻ, രക്ഷാധികാരി പ്രസന്നൻ ആചാരി,നാസർ മൂലത്തറയിൽ, ലിസകുമാർ, ബിജുവേലിയിൽ, നവാസ് പഴവീടൻ,ജയകുമാർ, മണിയൻ വട്ടക്കാട്,തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ശാസ്താംകോട്ട : ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം.കെ ഡാനിയൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അൻസർ ഷാഫി അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട ബ്ലോക്ക്‌ കേരളോത്സവ സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം.കെ .ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു

തുടർന്ന് 26 മുതൽ നടന്ന വിവിധ കലാ കായികമത്സരങ്ങളുടെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ ഗോപൻ സമ്മാനങ്ങൾ വിതരണം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഗീതാകുമാരി, സെക്രട്ടറി കെ.അനിൽകുമാർ, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഒസ്താമുക്ക് – പറക്കോട്ട്മൂല റോഡിൽ
ഗതാഗത നിയന്ത്രണം

ശാസ്താംകോട്ട: ഒസ്താമുക്ക് – പറക്കോട്ട്മൂല റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഡിസംബർ 3 ശനി മുതൽ 10 വരെ ഈ റൂട്ടിൽ കൂടിയും അംബിയിൽ ജംഗ്ഷൻ മുതൽ പതാരം ജംഗ്ഷൻ വരെയും മുളമുക്ക് മുതൽ പുതിയകാവ് – ചക്കുവള്ളി റോഡ് വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിതതായി പൊതുമരാമത്ത് റോഡ് വിഭാഗം ശാസ്താംകോട്ട അസി.എഞ്ചിനീയർ അറിയിച്ചു.

കുന്നത്തൂർ എസ്എൻഡിപി യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചാരണത്തിന് തുടക്കമായി

ശാസ്താംകോട്ട:എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചാരണത്തിന് പ്രൗഡോജ്ജ്വല തുടക്കം.90-ാമത് ശിവഗിരി തീർത്ഥാടനം ആരഭിക്കുന്നതിന്റെ ഭാഗമായാണ് യൂണിയനും ശാഖകളും സംയുക്തമായി തീർത്ഥാടന മാസാചാരണം ആചരിക്കുന്നത്.യൂണിയനിൽപ്പെട്ട 7 പഞ്ചായത്തുകളിലെ 37 ശാഖകളെ ഏകോപിപ്പിച്ചു കൊണ്ടാണ് മാസാചരണം സംഘടിപ്പിക്കുന്നത്.ഡിസംബർ 31 ന് സമാപിക്കും.ഇതിന്റെ ഭാഗമായി ഭവന സന്ദർശനം,ശ്രീനാരായണ ധർമ്മ പ്രചാരണം,പഞ്ചായത്തുതലത്തിൽ ശാഖകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണ പരമ്പര, ചികിത്സാ ധനസഹായ നിധി സമാഹരണം,ഘോഷയ യാത്ര, ലഹരി വിരുദ്ധ പ്രതിജ്‌ഞ എന്നിവ നടക്കും.

ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പനപ്പെട്ടി 3044ാം നമ്പർ ശാഖയിൽ വച്ച് നാളെ വൈകിട്ട് 3 ന് നടക്കും.യൂണിയൻ സെക്രട്ടറി ഡോ.പി കമലാസനൻ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും സജീഷ് കോട്ടയം മുഖ്യപ്രഭാഷണവും നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് അധ്യക്ഷത വഹിക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ മുതിർന്ന ശാഖാംഗങ്ങളെ ആദരിക്കും. കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു,അഖിൽ സിദ്ധാർത്ഥ്,എസ്.രജ്ഞിത്ത്, സി.ആർ ശശിധരൻ,ദീപു എന്നിവർ സംസാരിക്കും.പഞ്ചായത്തുതല കൺവീനർ ഷിബു.എസ് സ്വാഗതവും ചെയർമാൻ കുന്നത്തൂർ സജീവൻ നന്ദിയും പറയും.നാളെ ശൂരനാട് വടക്ക് കണ്ണമം നടുവിലേമുറി 2410 ാം നമ്പർ ശാഖയിൽ നടക്കുന്ന പഞ്ചായത്തുതല സമ്മേളനം യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

ബ്രഹ്മശ്രീ അസ്പർശാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.പഞ്ചായത്തുതല ചെയർമാൻ തഴവാവിള ദിവാകരൻ അധ്യക്ഷത വഹിക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ, കൗൺസിലർമാരായ അഡ്വ.ആർ.സുധാകരൻ,ആർ.പ്രേം ഷാജി,ആർ.സുഗതൻ,സുഭാഷ് ചന്ദ്രൻ,ദിവ്യ.എ എന്നിവർ സംസാരിക്കും.കൺവീനർ രാജേഷ് സ്വാഗതവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എസ്.രജ്ഞിത്ത് നന്ദിയും പറയും. ഡിസംബർ 11 ന് വൈകിട്ട് മൂന്നിന് വടക്കൻ മൈനാഗപ്പള്ളി(492) ശാഖയിൽ ബ്രഹ്മശ്രീ ശിവബോധാനന്ദ സ്വാമികളും പടിഞ്ഞാറെ കല്ലട വലിയപാടം(675) ശാഖയിൽ ബ്രഹ്മശ്രീ അസംഗാനന്ദഗിരി (ശിവഗിരി) സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തും.

18 ന് വൈകിട്ട് മൂന്നിന്പോരുവഴി ഇടയ്ക്കാട് (176) ശാഖയിൽ ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികളും ശൂരനാട്്തെക്ക് പതാരം പടിഞ്ഞാറ്(3561) ശാഖയിൽ ബ്രഹ്മശ്രീ ശിവബോധാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണവും അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണവുും നടത്തും.25ന് വൈകിട്ട് മൂന്നിന് ഐവർകാല കിഴക്ക് 333ാം നമ്പർ ശാഖയിൽ സമാപന സമ്മേളനം നടക്കും.എസ്എൻഡിപി യോഗം അസി.സെക്രട്ടറി ടി.പി മന്മദൻ മുഖ്യപ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ,വൈസ് പ്രസിഡന്റ് റാം മനോജ്,സെക്രട്ടറി ഡോ.പി കമലാസനൻ,ജനറൽ കൺവീനർ വി.ബേബി കുമാർ എന്നിവർ പങ്കെടുത്തു.

സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ആളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.

പള്ളിത്തോട്ടം. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ആളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടി. ജോലനകപ്പുറം സൂചിക്കാരൻ മുക്കിൽ പണ്ടാര വീട്ടിൽ ഷിഹാബ് (67) നെയാണ് പോലീസ് പിടികൂടിയത്. ജോനകപ്പുറം സൂചിക്കാരൻ മുക്കിന് സമീപമുള്ള സ്വകാര്യ മില്ലിലെ ജോലിക്കാരനായ സെയിനുലബ്ദ്ദീൻ കോയയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. കഴിഞ്ഞ മാസം 30 ആം തീയതി പ്രതിയായ ഷിഹാബും പരാതിക്കാരന്റെ സുഹൃത്തായ സാദിഖും തമ്മിൽ വാക്ക്തർക്കവും അടിപിടിയും ഉണ്ടായിരുന്നു.

ഈ തർക്കത്തിനിടയിൽ തടസ്സം പിടിക്കാൻ ചെന്നതിലുള്ള പ്രകോപനത്തിലാണ് പ്രതി പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രകോപിതനായ പ്രതി ചുറ്റിക കൊണ്ട് സെയിനുലബ്ദ്ദീൻ കോയയേയും സുഹൃത്തിനേയും തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ടാമതും അടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടന്ന് ഒഴിഞ്ഞ് മാറാൻ കഴിഞ്ഞത് കൊണ്ട് മാത്രം ജീവൻ നഷ്ടമാകാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസ് ആർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മാരായ അനിൽ ബേസിൽ, ജാക്‌സൻ ജേക്കബ്, അജി മേനോൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം: പ്രതികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി ലൈംഗിക അതിക്രമം നടത്തിയ രണ്ട് പ്രതികളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. പട്ടത്താനം ഓറിയന്റ് നഗർ-18 ൽ പൂവക്കാട്ട് തൊടിയിൽ പദ്മജൻ(24), കിളികൊല്ലൂർ, കോയിക്കൽ ശാസ്താം നഗർ-139 ൽ അഭി(24) എന്നിവരെയാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്യ്തത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ഇവർ പ്രണയം നടിച്ച് വശത്താക്കി ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ട് പോവുകയും അളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാവുകയായിരുന്നു.


പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസ് ആർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മാരായ അനിൽ ബേസിൽ, സുനിൽ, എ.എസ്.ഐ മാരായ കൃഷ്ണ കുമാർ, സുനിൽ, എസ്.സി.പി.ഓ മാരായ സുമ, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതികൾ പിടിയിൽ

ചാത്തന്നൂർ .യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതികളെ ചാത്തന്നൂർ പോലീസ് പിടികൂടി. ഇടനാട് വിളയിൽ വീട്ടിൽ ബിജിൽ(23), ഇടനാട് ചരുവിള പുത്തൻ വീട്ടിൽ ഷിജു(23), മയ്യനാട്, കൈതപ്പുഴ, കരിവാൻകുഴി വീട്ടിൽ അനന്തു(26), മയ്യനാട്, കൂട്ടിക്കട ഗീതാലയത്തിൽ സൂരജ്(23) എന്നിവരാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. 30.11.2022 ൽ സൂഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന കല്ലുവാതുക്കൽ ഗോകുലത്തിൽ ഉണ്ണിയുടെ മകൻ രാഹുലിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണ്ണ മാല കവരുകയും ചെയ്യ്ത കുറ്റത്തിനാണ് പ്രതികൾ പിടിയിലായത്.

കോഷ്ണക്കാവിന് സമീപം പ്രതികൾ സംഘം ചേർന്ന് രാഹുലിനെ തടഞ്ഞ് നിർത്തുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ചീത്ത വിളിച്ചു കൊണ്ട് ആക്രമിക്കുകയും രാഹുലിന്റെ കഴുത്തിൽ കിടന്ന ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്യ്തു. വിവരം പുറത്ത് പറയുകയോ പോലീസിൽ പരാതിപ്പെടുകയോ ചെയ്യ്താൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു.

പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ രാഹുൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മാരായ ആശ, സുരേഷ്‌കുമാർ, ഫാത്തിൽ റഹ്മാൻ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഓ ദിനേശ്കുമാർ, സി.പി.ഓ മാരായ അനിൽകുമാർ, കണ്ണൻ, ആദർശ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Advertisement