ശൂരനാട്: അതിഥിയായി വീട്ടുമുറ്റത്തെത്തിയ നാഗശലഭം നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി.ശൂരനാട് വടക്ക് ആയിക്കമത്ത് വീട്ടിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ്റെ വീട്ടുമുറ്റത്താണ് നാഗശലഭം വിരുന്നെത്തിയത്.പല വർണങ്ങളിലുള്ള ശലഭങ്ങളെ കാണാറുണ്ടെങ്കിലും നാഗശലഭത്തെ അപൂർവമായാണ് കാണുന്നത്.ഇരുചിറകിന്റെയും അറ്റത്ത് നോക്കിയാല്‍ നാഗത്തിന്റെ രൂപം കാണാം.
ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം.വിവരമറിഞ്ഞ് നിരവധി പേരാണ് അപൂർവ നാഗശലഭത്തെ കാണാനെത്തിയത്.സാധാരണയായി നിബിഡ വനപ്രദേശങ്ങളിലാണ് ഇവയെ കാണാറുള്ളത്.രാത്രിയിലാണ് സഞ്ചാരം.അതിനാൽ നിശാശലഭമെന്നും അറിയപ്പെടാറുണ്ട്. പകല്‍സമയത്ത് വീട്ടുപരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക. കാണാനൊക്കെ സൗന്ദര്യമുണ്ടെങ്കിലും ഇവയുടെ ആയുസ് രണ്ടാഴ്ച മാത്രമാണ്.
പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. ചിറകുകളുടെ വിസ്താരത്തിൽ ഏറ്റവും വലിയ ശലഭമായി ഇതിനെ കരുതുന്നു.ഇരുചിറകുകളും വിടർത്തുമ്പോൾ 250 മില്ലിമീറ്റർ നീളമുണ്ട്.ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും വിളിക്കുന്നുണ്ട്.