ശാസ്താംകോട്ട : നാട്ടിൽ ഭീതി വിതയ്ക്കുന്ന തെരുവ് നായകൾക്ക് നടുറോഡിൽ ഭക്ഷണം വിളമ്പുന്നതിൽ പരാതിയുമായി ജനങ്ങൾ രംഗത്ത്.പടിഞ്ഞാറെ കല്ലട കോട്ടക്കുഴിമുക്ക് – മൈനാഗപ്പള്ളി ആദിക്കാടു മുക്ക് വഴി കാരാളിമുക്ക്, കുന്നൂത്തറമുക്ക് വഴിയുള്ള റോഡിലാണ് മാസങ്ങളായി ഒരു വ്യക്തി നായകൾക്ക് ഭക്ഷണം നൽകി വരുന്നത്.ഇത് സംബന്ധിച്ചു നിരവധി പരാതികൾ നാട്ടുകാർ പഞ്ചായത്തിൽ നൽകിയിട്ടുണ്ട്.പൊതു സ്ഥലത്ത് ഇത്തരം പ്രവർത്തി ചെയ്യരുതെന്ന് കാണിച്ചു പഞ്ചായത്ത് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ അതൊന്നും വകവയ്ക്കാാതെ
വീണ്ടും നടുറോഡിൽ നായകൾക്ക് ഭക്ഷണം നൽകി വരികയാണ്.ഇതോടെ ദൂരെ ദേശങ്ങളിൽ നിന്നുപോലും നായ്ക്കൾ ഇവിടേക്ക് എത്തുകയാണ്.ഇവ ഭക്ഷണം പ്രതീക്ഷിച്ച് കാൽനട യാത്രക്കാർക്ക് ഭീഷണിയായി നായകൾ പാതയോരത്ത് തമ്പടിച്ചു കിടക്കുകയാണ്.ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഇവിടെ അപകടത്തിൽപ്പെടുന്നത്.
അടുത്തിടെ ഒരു വീട്ടമ്മ നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആദിക്കാട് മുക്ക് മുതൽ കോട്ടക്കുഴി മുക്ക് വരെയുള്ള ഭാഗത്താണ് നായകൾ കൂടുതലായും തമ്പടിച്ചിരിക്കുന്നത്.പാതയുടെ
ഇരു വശത്തും മതിലുകൾ ഉള്ളതിനാൽ വലിയ അപകട സാധ്യതയാണ് ഇവിടെയുള്ളത്.തെരുവ് നായകൾക്ക് ഭക്ഷണം നൽകുവാനുള്ള ബദൽ സംവിധാനം ഒരുക്കാതെ വലിയ വിപത്തു മുന്നിൽ ഒരുങ്ങുമ്പോൾ ഒരു നോട്ടീസ് മാത്രം നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കരുതെന്നും ഇതിനാൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.