കൊല്ലം സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ച ജില്ലാ പദവിയിലേക്ക്

Advertisement

സമ്പൂർണ്ണ ഭരണഘടന സാക്ഷരത ക്യാമ്പയിൻ ‘സിറ്റിസൺ 2022’ അവസാനഘട്ടത്തിലേക്ക്.

സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ചതായി കൊല്ലം ജില്ലയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാൽ, ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യരക്ഷാധികാരികളും എം.പി.മാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എം ആരിഫ്, ജില്ലയിലെ എം.എൽ.എ.മാർ, കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ രക്ഷാധികാരികളായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേലാണ് ചെയർമാൻ. ജനറൽ കൺവീനർ ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി അഡ്വ. എം വിശ്വനാഥൻ.

രാജ്യത്തിന്റെ ഭരണഘടന സംബന്ധിച്ച് സമൂഹത്തിലെ എല്ലാ ശ്രേണിയിലെയും ആളുകളെ സാക്ഷരരാക്കാൻ കഴിഞ്ഞതായി സംഘാടകസമിതി യോഗം ഉദ്ഘാടനം നിർവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കില എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ‘സിറ്റിസൺ’ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ, കില ഡെപ്യൂട്ടി ഡയറക്ടർ സുകേശൻ, പ്രോസിക്യൂഷൻ ഡയറക്ടർ സി. സേതുനാഥ്, വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഗ്രന്ഥശാല ഭാരവാഹികൾ, യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.