കൊല്ലം.
കൊല്ലം എസ്‌എൻ കോളേജിലുണ്ടായ സംഭവങ്ങളുടെ വസ്‌തുതകൾ മറച്ചുവച്ച് എസ്‌എഫ്‌ഐയെ കടന്നാക്രമിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്രസ്‌താവനയിൽ പറഞ്ഞു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് ചരിത്രപരമായ വിജയമാണുണ്ടായത്. എസ്‌എൻ കോളേജ് സംഭവത്തിൽ ചില കേന്ദ്രങ്ങൾ ബോധപൂർവമായ പ്രചാരണമാണ് നടത്തുന്നത്. കാമ്പസുകളിൽ എല്ലാ വിദ്യാർഥി സംഘടനകൾക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയണം. എന്നാൽ കൊല്ലം ശ്രീനാരായണ കോളേജിൽ മദ്യ മയക്കുമരുന്ന് ഉപയോഗിക്കുകയും കുട്ടികളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയും അരാഷ്ട്രീയവാദം പ്രചരരിപ്പിക്കുയും ചെയ്യുന്ന ‘എംസി’ എന്ന പേരിലുള്ള ഒരു ഗ്യാങാണ് പ്രശ്‌നങ്ങൾക്ക് പിന്നിൽ. ഇതിനെതിരെ ശക്‌തമായ നിലപാട് എടുക്കുന്നതിന്റെ പേരിൽ ഈ ഗ്യാങ് എസ്എഫ്ഐക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ജൂൺ ഒമ്പതിന് ഈ സംഘത്തിന്റെ നേതാവായ മുജീബിന്റെ നേതൃത്വത്തിൽ കോളേജ് യൂണിയൻ മുൻ ചെയർമാനായ ഹരിപ്രസാദിനെ ഭീകരമായി തല്ലിച്ചതയ്ക്കുകയും മൂക്കിന്റെ എല്ല് തകർക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ശരത്, അഭിജിത് എന്നിവരെയും ക്രൂരമായി മർദിച്ചു. അന്വേഷണവിധേയമായി മുജീബിനെ ഉൾപ്പെടെ കോളേജ് കൗൺസിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളതാണ്. ഇതോടെ ഈ ക്രിമിനൽ സംഘത്തിന് പകകൂടുകയും എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ അക്രമം തുടരുകയുംചെയ്‌തു. നവംബർ 10ന് ഈ ക്രിമിനൽ സംഘം ക്ലാസ് മുറിയിൽകയറി എസ്എഫ്ഐ പ്രവർത്തകരായ ദേവ് കൃഷ്ണൻ, ഗൗരി, രോഹിത് എന്നിവരെ മർദിച്ചു. ഗൗരിയുടെ കൈക്ക് സാരമായി പരിക്കേറ്റു. ഈ ക്രിമിനൽ സംഘം തന്നെയാണ് കോളേജിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതും.
ഏഴിന് ക്യാന്റീനു സമീപംനിന്ന എസ്എഫ്ഐ പ്രവർത്തകൻ ദേവിനെ പിച്ചാത്തിയുമായി ആക്രമിക്കാൻ ക്രിമിനൽ സംഘം ശ്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. കുട്ടികൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ ഈ സംഭവത്തെ രാഷ്‌ട്രീയ മുതലെടുപ്പിനായി രാഷ്‌ട്രീയപാർടികൾ ഏറ്റെടുക്കുന്നതും ക്രിമിനൽ സംഘത്തിന് രാഷ്‌ട്രീയ അഭയം നൽകുന്നതും ഒട്ടും ചേർന്നതല്ല. ഇത് ഇടതുപക്ഷ രാഷ്‌ട്രീയ വിരുദ്ധർക്ക് ശക്‌തി പകരുന്ന സമീപനമാണെന്നും ബന്ധപ്പെട്ടവർ ഇതിൽനിന്നും പിന്തിരിയണമെന്നും എസ് സുദേവൻ പറഞ്ഞു.