മണലാഴം ഇംഗ്ളീഷ് പതിപ്പ് മാധ്യമപ്രവര്‍ത്തകന്‍ സിബി സത്യന് കോപ്പി കൈമാറി കവി ചവറ കെഎസ് പിള്ള പ്രകാശിപ്പിച്ചു
ശാസ്താംകോട്ട. സമൂഹത്തിന്റെ അന്തക്ഷോഭങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഓരോകാലത്തും ആ കാലത്തെ എഴുത്തുകാര്‍ ചെയ്യുന്നതെന്ന് കവി ചവറ കെഎസ് പിള്ള പറഞ്ഞു. എഴുതപ്പെട്ടകാലത്തിന്റെ സാക്ഷ്യമായി കൃതികള്‍ മാറുന്നത് അങ്ങനെയാണ് . കെപിസിസി സംസ്‌കാര സാഹിതിയും പ്രിയദര്‍ശിനി ഗ്രന്ഥശാലയും ചേര്‍ന്ന് പടിഞ്ഞാറേകല്ലട ഉള്ളുരുപ്പില്‍ സംഘടിപ്പിച്ച സാഹിത്യസദസും മണലാഴം പുസ്തക ചര്‍ച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡെല്‍ഹി ഓതേഴ്സ് പ്രസ് പ്രസിദ്ധീകരിച്ച മണലാഴം ഇംഗ്ളീഷ് പതിപ്പ് മാധ്യമപ്രവര്‍ത്തകന്‍ സിബി സത്യന് കോപ്പി കൈമാറി അദ്ദേഹം പ്രകാശിപ്പിച്ചു.
എല്ലാ കാലത്തും കല വലിയ പ്രതിരോധത്തിനുള്ള ഉപകരണമായിരുന്നുവെന്നും മണലാഴം മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം എല്ലാ കാലത്തും സജീവ ചര്‍ച്ചക്ക് വിഷയമാണെന്നും പുസ്തകം ഏറ്റുവാങ്ങിയ സിബി സത്യന്‍ പറഞ്ഞു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൊള്ളല്‍ കൊടുക്കലുകളുടെ കഥകളാണ് പരിസ്ഥിതി രചനകളില്‍ ശ്രദ്ധേയമാവുന്നതെന്നും മണലാഴത്തില്‍ നല്ലതും ചീത്തയുമായ നിരവധി കഥാപാത്രങ്ങളിലൂടെ വായനക്കാരന്‍ പരകായപ്രവേശം നടത്തിയ അനുഭവമാണ് ലഭിക്കുന്നതെന്നും നോവല്‍ ഗവേഷണ വിഷയമാക്കിയ ജെ ജയലക്ഷ്മി പറഞ്ഞു. മണലാഴത്തിലെ മണ്ണിട ഭാഷയും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.
കവിതയുടെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ എസ് പിള്ളയേയും നോവലില്‍ കഥാപാത്രമായ പള്ളിക്കല്‍ ജാനകിയെയും സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ എബി പാപ്പച്ചന്‍ ചടങ്ങില്‍ ആദരിച്ചു. സാഹിതി താലൂക്ക് ചെയര്‍മാന്‍ സൈറസ് പോള്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഹരികുറിശേരി, ബ്‌ളോക്ക് അംഗം വൈ ഷാജഹാന്‍ , പഞ്ചായത്ത് അംഗം ബി തൃദീപ്കുമാര്‍ എന്നിവര്‍ നോവലില്‍ പറയുന്ന ഖനന കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു ജനറല്‍ കണ്‍വീനര്‍ അര്‍ത്തിയില്‍ ഷെഫീക് സ്വാഗതവും വൈസ് ചെയര്‍മാന്‍ ഹാഷിം സുലൈമാന്‍ നന്ദിയും പറഞ്ഞു.
മണലാഴം ഇംഗ്ളീഷ് പതിപ്പ് അതേപേരില്‍ ആമസോണില്‍ ലഭ്യമാണെന്ന് നോവലിസ്റ്റ് അറിയിച്ചു