അഞ്ചൽ: സുഗന്ധലേപന വിപണിയിൽ കോടികൾ വിലയുള്ള തിമിംഗല ചർദ്ദി അഥവാ ആംമ്പർഗ്രിസുമായി നാലുപേരെ പുനലൂർ പോലീസ് പിടികൂടി അഞ്ചൽ വനപാലകർക്ക് കൈമാറി. കൊല്ലം ഇരവിപുരം തെക്കേവിള എ.പി.എസ് മൻസിലിൽ മുഹമ്മദ് അസ്ഹർ , പാവനാട് ജോസ് ഭവനിൽ റോയ് ജോസഫ് , കണ്ണംങ്കോട് തൊടിയിൽ വീട്ടിൽ രഘു , കടയ്ക്കൽ ഇളമ്പയിൽ ഹൗസിൽ സൈഫുദീൻ എന്നിവരാണ് പിടിയിലായത്.
പുനലൂർ പോലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് ഇവരെ അഞ്ചൽ ഫോറസ്റ്റ് റയിഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു. തമിഴ് നാട്ടിൽ നിന്നും കൊല്ലത്ത് എത്തിച്ച തിമിംഗല ഛർദ്ദി കടയ്ക്കൽ എത്തിച്ചശേഷം, കൈമാറുന്നതിനായി പുനലൂരിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. വിദഗ്ക്ത പരിശോധനയ്ക്കായി സാംപിൾ ലാബിലേക്ക് അയക്കുമെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അഞ്ചൽ ഫോറസ്റ്റ് റയിഞ്ച് ഓഫീസർ സജു പറഞ്ഞു.