കൊല്ലം പ്രാദേശിക ജാലകം

Advertisement

ഇത്തിക്കര ആറിന്റെ ഉൽഭവ കേന്ദ്രം. പുന:രുജ്ജീവന പദ്ധതിയുമായി യുവാക്കൾ രംഗത്ത്

അഞ്ചല്‍ : കുടിവെള്ള സ്രോത സ്സിനും , ദൈനം ദിന ആവശ്യത്തിനുമായി അരിപ്പ പ്രദേശവാസികൾ ആശ്രയിക്കുന്ന അരിപ്പയിലെ ഇത്തിക്കരയാറിന്റെ ഉൽഭവ കേന്ദ്രത്തിന്റെ പുന:രുജ്ജീവന പദ്ധതിയുമായി യുവാക്കൾ രംഗത്ത്. തിരുവനന്തപുരം നാഷ്ണൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും , പാലക്കാട് സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ അരിപ്പ ഭൂസമര പ്രദേശത്തിലെ 60 ലധികം ജനങ്ങളുo 50 ലധികം യുവാക്കളുo ചേർന്ന് 3 കിലോമീറ്റർ പുഴയോരമാണ് വൃത്തിയാക്കിയത്.

കുടിവെള്ള ശ്രോതസ്സിനായും, ദൈനം ദിന ആവശ്യത്തിനുമായി ആശ്രയിക്കുന്ന പുഴയുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങളും , പ്ലാസ്റ്റിക്ക് വസ്തുക്കളും , ചെളികളും, . പാഴ്ചെടികളും നീക്കം ചെയ്ത് പുന:രുജ്ജീവനം നടത്തിയത്.സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ഡോക്ടർ മുഹമ്മദ് ഫാസിൽ, അധ്യാപകരായ അജ്മൽ സാഹിബ്, ദീപ്തി മറിയ ജോസ് , സാമൂഹ്യ പ്രവർത്തകരായ അക്ഷര  .ആർ, ഐശ്വര്യ എ , എ.ഡി.എം.എസ്. സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ , സെക്രട്ടറി രമേഷ് എന്നിവർ നേതൃത്വം നൽകി.

കാറിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ
കുണ്ടറ: കാറിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പന നല്ലില പാലനിരപ്പ് ശിവ തീർത്ഥത്തിൽ അനിൽകുമാറി (50) നെയാണ് ഇന്നലെ രാവിലെ കുണ്ടറ പുന്നമുക്കിന് സമീപം കണ്ടെത്തിയത്. കൊല്ലത്തെ ഒരു സ്വകാര്യ കാർ സർവീസ് സെന്ററിൽ പെയിന്ററാണ്.

ഞായർ വൈകിട്ട് സമീപത്തെ കാർ വർക്‌ഷോപ്പിൽ അനിൽ കാറുമായി എത്തി സർവീസ് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രഥമാന്വേഷണ വിവരമായി കുണ്ടറ പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ – മിനികുമാരി . മക്കൾ – അനന്തു, ആദിത്യൻ

വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിടി കൂടി

കൊട്ടാരക്കര. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ്സാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ പിടിയിലായത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്. കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. വാഹനം വിറ്റെങ്കിലും വാങ്ങിയ ആൾ പേര് മാറാതെ മറിച്ചു വിൽക്കുക ആയിരുന്നു.

കേരള രജിസ്ട്രേഷൻ ഉള്ള വാഹനത്തിൽ വ്യാജ ചെസിസ് നമ്പർ കൊത്തി AP26Y6417 എന്ന നമ്പർ പ്ലേറ്റ് പതിച്ചു വാഹനം യാത്ര ചെയ്യുന്നതിനിടയിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ ആയത്. കൊട്ടാരക്കര അറക്കൽ സ്വദേശി വാഹന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് സംയുക്തമായാണ് വാഹനം പിടികൂടിയത്. പരിശോധനയിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും ഷാസി നമ്പർ വ്യാജമായി കൊത്തിയതാണെന്നും ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അജിത്കുമാർ, കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അൻസാരി.എച്ച് എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംജി കെ കരൻ്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിഷ്ണു .രഥുൻ മോഹൻ, ലൈജു, സരിഗ ജ്യോതി ,വിജേഷ് എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ചതിനു വാഹനം പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ ഇടപെട്ട് തീർത്ഥാടകർക്ക് തുടർ യാത്രക്ക് സൗകര്യം ഒരുക്കി. യാത്രക്കാരുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾവാഹനത്തിന്റെ യഥാർത്ഥ ഉടമ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ക്കും പോലീസ് നും പരാതി നൽകുകയായിരുന്നു.

കുണ്ടറയിൽ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന

കുണ്ടറ : താലൂക്ക് സപ്ലെ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ കുണ്ടറയിൽ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി.
ഒട്ടുമിക്ക സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിരുന്നില്ല.

എല്ലാ സ്ഥാപനങ്ങളിലും വിലവിരപ്പട്ടിക പ്രദർശിപ്പിക്കാൻ നിർദേശം നൽകി. ചില ഹോട്ടലുകളിൽ ഭക്ഷണ പദാർത്ഥങ്ങളുടെ വില കൂടുതൽ ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് വില കുറച്ച് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ വാഹനമിടിപ്പിച്ച് ആപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പരവൂര്‍.കോളേജ് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത സഹപാഠിയെ വാഹനമിടിപ്പിച്ച് ആപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. പൂതക്കുളം കൊച്ചാലുംമൂട്ടില്‍ നന്ദുനിവാസില്‍ ആനന്ദ്(22) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരവൂര്‍ ദയാബാജി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ പെണ്‍കുട്ടികളെ ആനന്ദ് അടക്കമുള്ള മൂന്നുപേര്‍ ചേര്‍ന്ന് അനാവശ്യം പറഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിലെക്ക് നയിച്ചത്.

ഓന്നാം പ്രതി ഓടിച്ച് കയറ്റിയ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീണ വിദ്യാര്‍ത്ഥിയെ മറ്റു രണ്ട് പ്രതികള്‍ ചേര്‍ന്ന് അക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പരവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മുഖ്യപ്രതി അനന്ദിനെയും ഇടിക്കാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡില്‍ എടുക്കുകയുമായിരുന്നു. പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സതീഷ്‌കുമാര്‍, നിസ്സാം, വിനയന്‍, എഎസ്‌ഐ മാരായ അജയന്‍, രാജേന്ദ്രന്‍ പിള്ള, സിപിഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാപ്പ നിയന്ത്രണം ലംഘിച്ച ശൂരനാട് സ്വദേശിയെ
കാപ്പ നിയമ പ്രകാരം തടവിലാക്കി

കരുനാഗപ്പള്ളി.കാപ്പ നിയന്ത്രണങ്ങള്‍ ലംഘിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടയാളെ കാപ്പ നിയമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് തടവിലാക്കി. പതാരം ശൂരനാട് തെക്ക് കണ്ടെത്തിത്തറ പടിഞ്ഞാറ്റതില്‍  മുഹമദ് ഷാന്‍(34) നെ ആണ് തടവിലാക്കിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമദ് ഷാനെ കാപ്പ നിയമപ്രകാരം 07.10.2022 മുതല്‍ ആറുമാസകാലയളവില്‍ കൊല്ലം സിറ്റി പോലീസ് ജില്ലാ പരിധിയില്‍ നിന്ന് പുറത്താക്കി ഉത്തരവ് ആയിട്ടുള്ളതാണ്.

 കഴിഞ്ഞ ദിവസം മുഹമദ് ഷാന്‍ കാപ്പാ നിയന്ത്രണം ലംഘിച്ചുകൊണ്ട് കരുനാഗപ്പള്ളി വിജയാബാറിന് മുന്നില്‍ നില്‍ക്കുന്നത് കണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. കാപ്പ നിയന്ത്രണം ലംഘിച്ചതിന് കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീലാല്‍ എ.എസ്.ഐ ഷാജിമോന്‍, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

പൂതക്കുളം .യുവതിയെ ബസില്‍ വച്ച് മാനഹാനി വരുത്തിയ ബസ് ജീവനക്കാരന്‍ പോലീസ് പിടിയിലായി. പൂതക്കുളം  ആലിന്‍മൂട്ടില്‍ വലിയവിള വീട്ടില്‍ ശശിധരന്‍ പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍(34) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പാരിപ്പള്ളി ജംഗ്ഷനിലെത്തിയപ്പോള്‍ തിരക്കിനിടയിലൂടെ ഇയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു. 

 മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെകുറിച്ച് പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരിപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 
പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ്‌കുമാര്‍ എഎസ്‌ഐ അഖിലേഷ്, സിപിഒ മാരായ സലാവുദീന്‍, ഷറഫുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

പടിഞ്ഞാറേകല്ലടയിൽ നീർച്ചാൽനടത്തം സംഘടിപ്പിച്ചു.
നീരുറവ് എന്ന പേരിൽ പടിഞ്ഞാറെക്കല്ലടയിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്ത നീർച്ചാൽനടത്തയിൽ ശുദ്ധജലവും ശുദ്ധവായുവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്‌തു. കൊട്ടത്തറവിപണി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ജലനടത്തം കടപ്പാക്കുഴിയിലൂടെ സഞ്ചരിച്ച് പഞ്ചായത്ത്‌ അങ്കണത്തിൽ സമാപിച്ചു. തുടർന്ന് പഞ്ചായത്ത്‌തല ജലസഭ ചേർന്നു. വൈസ് പ്രസിഡന്റ് എൽ. സുധയുടെ അധ്യക്ഷതയിൽ ചേർന്ന ജലസഭ ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ഉഷാലയം ശിവരാജൻ, സി. ശിവാനന്ദൻ, റ്റി. ശിവരാജൻ, എൻ. ഓമനക്കുട്ടൻപിള്ള, സിന്ധു, രജീല എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. എൻ. ആർ. ഇ. ജി. അസി. എൻജിനിയർ സ്മിത സ്വാഗതവും അസി. സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement