കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ച് യാത്ര,പിടികൂടി മോട്ടോര്‍വാഹന വകുപ്പ്

Advertisement

കൊട്ടാരക്കര . വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ്സാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ച് യാത്ര നടത്തുന്നതിനിടെ കൊട്ടാരക്കര മോട്ടർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടിയത്.

കേരള രജിസ്ട്രേഷൻ ഉള്ള വാഹനത്തിൽ വ്യാജ ചെസിസ് നമ്പർ പ്ലേറ്റ് പതിച്ചു യാത്ര നടത്തുന്നതിനിടയിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ ആകുന്നത്.കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.വാഹനം വിറ്റെങ്കിലും വാങ്ങിയ ആൾ പേര് മാറാതെ മറിച്ചു വിൽക്കുക ആയിരുന്നു.

വാഹന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് സംയുക്തമായാണ് വാഹനം പിടികൂടിയത്. ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലെന്നും പരിശോധനയിൽ തെളിഞ്ഞു. അയ്യപ്പ ഭക്തരുമായിയുള്ള യാത്രയ്ക്കിടെയാണ് വാഹനം മോട്ടർ വാഹന വകുപ്പ് പിടി കൂടുന്നത് .തിരുവനന്തപുരം കിഴക്കേകോട്ടയിൽ വെച്ച് പിടികൂടിയ വാഹനം പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അജിത്കുമാർ, കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അൻസാരി.എച്ച് എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംജി കെ കരൻ്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിഷ്ണു .രഥുൻ മോഹൻ, ലൈജു, സരിഗ ജ്യോതി ,വിജേഷ് എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.
ഉദ്യോഗസ്ഥർ ഇടപെട്ട് ബസിൽ ഉണ്ടായിരുന്ന തീർത്ഥാടകർക്ക് തുടർ യാത്രക്ക് സൗകര്യം ഒരുക്കി.

Advertisement