നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പോലീസ് പിടിയില്‍

Advertisement

കൊട്ടിയം. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസ് പിടിയിലായി. കല്ലുംതാഴം കിളികൊല്ലൂര്‍, എള്ളുവിള ശാന്തിഭവനില്‍ പ്രശാന്ത്(27) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്.

വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, വധശ്രമം, അക്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യ്ത കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ കിഴവൂര്‍ എ.പി ജംഗ്ഷനില്‍ സംഘം ചേര്‍ന്ന് യുവാവിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും, ആയുധം കൊണ്ട് കാലില്‍ അടിച്ച് അസ്ഥിക്ക് പൊട്ടല്‍ ഏല്‍പ്പിക്കുകയും ചെയ്യ്ത കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്യ്തത്.

സെപ്തംബര്‍ മാസത്തില്‍ തന്നെ കിഴവൂര്‍ എ.പി ജംഗ്ഷന് സമീപം ലക്ഷമീ ഭവനില്‍ സുരേഷിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം വിളിച്ചുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലും, ഒക്ടോബര്‍ മാസത്തില്‍ കിഴവൂര്‍ പുതുവേലില്‍ കിഴക്കതില്‍ വിനോദിനെ വീട്ടില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ അനില്‍, സി.പി.ഓ പ്രശാന്ത് എന്നിവര്‍ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടാനായത്. ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്‍റെ മേല്‍നോട്ടത്തില്‍ കൊട്ടിയം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുജീത്ത് ജി നായറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.