ശുദ്ധമാകുന്നു ശാസ്താംകോട്ട തടാകം ശുദ്ധജല തടാകം;കാസ്റ്റ് അയൺ പൈപ്പുകൾ നീക്കി തുടങ്ങി

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിലെ ശുദ്ധജലം മലിനമാക്കുകയും രാസപ്രതിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യുന്ന കാസ്റ്റ് അയൺ പൈപ്പുകൾ നീക്കി തുടങ്ങി.തടാകത്തിന്റെ ദുരവസ്ഥ പരിശോധിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ കളക്ടർ അഫ്‌സാന പര്‍വീണ്‍ എത്തിയപ്പോഴാണ് പുന്നമൂട് ഭാഗത്ത് തടാകത്തിൽ പൈപ്പുകൾ തുരുമ്പെടുത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന്
പൈപ്പുകൾ തടാകത്തിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

തടാകത്തില്‍ മുങ്ങിയ പൈപ്പുകള്‍

തടാകത്തിൽ കിടക്കുന്ന പൈപ്പുകൾ ക്രയിനുപയോഗിച്ച് ബണ്ടു റോഡിൻ്റെ വശങ്ങളിലേക്കാണ് ഇപ്പോൾ നീക്കി കൊണ്ടിരിക്കുന്നത്.അതിനിടെ
പൈപ്പുകൾ തടാകത്തിൽ നിന്നു മാറ്റുന്നതല്ലാതെ ഇവ ഇവിടെ നിന്ന് കൊണ്ടു പോകുന്നതിനെപ്പറ്റി യാതൊരു തീരുമാനവുമില്ല.2014 ലാണ് 14.5 കോടി രൂപ ചെലവിൽ കല്ലടയാറ്റിൽ കടപുഴയിൽ തടയണ കെട്ടി വെള്ളം പൈപ്പ് വഴി ശാസ്താംകോട്ടയിലെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.

എന്നാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കോടികൾ വിലയുള്ള ഇരുമ്പ് പൈപ്പുകൾ തടാകത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.2018 ലെ മഹാ പ്രളയത്തോടെ തടാക കരയിൽ ഉണ്ടായിരുന്ന പൈപ്പുകൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയായി.ഇതോടെ ജലം മലിനമായി.തടാകത്തിൽ നിന്നും പൈപ്പുകൾ മാറ്റണമെന്ന് കായൽകൂട്ടായ്മ ഉൾപ്പെടെയുളള പരിസ്ഥിതി സംഘടനകൾ മുറവിളി കൂട്ടിയെങ്കിലും ഫലമുണ്ടായില്ല.