മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിലെ വികസനം അട്ടിമറിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിലെ വികസനം അട്ടിമറിച്ചതായി പരാതി.68.5 കോടിയുടെ കിഫ്ബി പദ്ധതിയിൽപ്പെട്ട
വെറ്റമുക്ക്‌ – താമരക്കുളം റോഡ് നിർമ്മാണത്തിൽ കരുനാഗപ്പള്ളി – ശാസ്താംകോട്ട റൂട്ടിൽ കുറ്റിയിൽ മുക്കിൽ വികസനം അട്ടിമറിച്ചതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.ഒന്നാംഘട്ടം പൂർത്തികരിക്കുന്നതിന് മുൻപെ കരാറുകാരൻ പിൻമാറിയതിനാൽ
പണി പാതി വഴിയിൽ മുടങ്ങുകയും വികസനം അട്ടിമറിക്കപ്പെടുകയുമാണ് ഉണ്ടായത്.ഈ റോഡ് പണിയിൽ മറ്റ് എല്ലാ മേഖലകളിലും കലുങ്കുകളും ഓടകളും പുതുക്കി പണിതങ്കിലും
കുറ്റിയിൽ മുക്കിലും സമീപത്തും 60 വർഷം മുമ്പ് ഉണ്ടായിരുന്ന കലുങ്ക് പുനരുദ്ധരിക്കാതെ പോവുകയായിരുന്നു.നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ കലുങ്കിനടിയിൽ ക്രോസിന് കിടക്കുന്ന വലിയ പ്രിമോ പൈപ്പുകളുടെ ഇരുവശവും മണ്ണിറക്കി അടച്ചിരിക്കുകയാണിപ്പോൾ.

ആദ്യ ഘട്ടത്തിൽ കലുങ്കിന് മുകളിൽ പണിയുടെ പേരിൽ ടാർ ചെയ്യാതെ കുറച്ചു സ്ഥലം വിട്ടിരുന്നു.പിന്നീട് ആ ഭാഗത്ത് ടാർ ചെയ്തു.നാട്ടുകാർ വിവര തിരക്കിയപ്പോൾ കലുങ്ക് നിർമ്മാണം ഉപേക്ഷിച്ചെന്ന മറുപടിയാണ് ലഭിച്ചത്.മഴക്കാലമായാൽ രണ്ട് കി.മീറ്റർ ചുറ്റളവിൽ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളം ജംഗ്ഷനിലെത്തി റോഡ് കവിഞ്ഞ് ഒഴുകുകയാണ്.നിർമ്മാണം തുടങ്ങിയപ്പോൾ റോഡ് ഉയർത്തിയതിനാൽ ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും മലിന ജലം കയറി സ്ഥിരമായി നഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.


ഇരുവശങ്ങളിലെ താഴ്ചകൾ
ബസ് ഇറങ്ങുന്ന യാത്രക്കാർക്കും ഭീഷണിയാണ്.കുറ്റിയിൽ മുക്കിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന വെള്ളം 200 മീറ്ററോളം റോഡിലൂടെയാണ് നിരന്നൊഴുന്നത്.അത് പിന്നീട് റോഡിന് കുറുകെ ഒഴുകും.ഇവിടെയുള്ള ക്ഷീരസംഘത്തിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്.ശാസ്താംകോട്ട റയിൽവേ സ്റ്റേഷൻ,മിലാദി ശരീഫ് ഹയർ സെക്കഡറി സ്കൂൾ മുതലായ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പുറമേ വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഈ സ്ഥിതി.

അടിയന്തിരമായി ഇവിടെ ഓടയും കലുങ്കും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിന് വേണ്ടി ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും കിഫ്ബി അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമിതി.

Advertisement