പലിശ നല്‍കിയില്ല, യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം

Advertisement

അഞ്ചൽ. പലിശ നല്‍കിയില്ല, യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം. ഏരൂർ സ്വദേശിയായ വിഷ്ണുവാണ് ബ്ലേഡ് മാഫിയയുടെ അക്രമത്തിനിരയായത്. ബ്ലേഡ് മാഫിയ നേതാവ് ഏരൂർ സ്വദേശി ചിത്തിര സൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയത്.

അഞ്ചൽ പനച്ചവിളിയിൽ നടുറോഡിലായിരുന്നു ബ്ലേഡ് മാഫിയയുടെ യുവാവിന് നേരെയുള്ള ക്രൂരത. മർദ്ദനമേറ്റ വിഷ്ണു ചിത്തിര സൈജുവിൽ നിന്ന് ഒന്നരലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതിനെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ബൈക്കിൽ കയറി പോകാൻ ശ്രമിച്ച വിഷ്ണുവിനെ സൈജുവിന്റെ സുഹൃത്ത് പിടിച്ചുനിർത്തി. സൈജു കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിച്ചു.

നാട്ടുകാർ എത്തിയതോടെ സംഘം രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചു.

നിരവധി കേസുകളിൽ പ്രതിയായ സൈജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Advertisement